11 Jan 2025 10:30 AM GMT
Summary
- ഇറാനും റഷ്യയ്ക്കുമെതിരായ യുഎസ് ഉപരോധം ശക്തമാകും
- എണ്ണ ക്ഷാമം മറികടക്കാന്‍ ഇന്ത്യ മറ്റുവഴികള്‍ തേടുന്നു
- ഫെബ്രുവരിയില്‍ എണ്ണ ഒമാന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തും
ഇറാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യ വെട്ടികുറയ്ക്കും. രാജ്യങ്ങള്‍ക്കെതിരേ സാമ്പത്തിക ഉപരോധ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നീക്കം.
അമേരിക്കയില്‍ ട്രംപ് അധികാരത്തിലെത്തുന്നതോടെ ഇറാനും റഷ്യയ്ക്കുമെതിരായ സാമ്പത്തിക ഉപരോധം ശക്തമാവും. ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യ എണ്ണ ഇറക്കുമതിയ്ക്കായി മറ്റിടങ്ങള്‍ തേടിയത്. എണ്ണ ക്ഷാമം മറികടക്കാന്‍ ഇന്ത്യ മിഡില്‍ ഈസ്റ്റില്‍ നിന്നും അറ്റ്‌ലാന്റിക് ബേസിനില്‍ നിന്നുമുള്ള ഇറക്കുമതി വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഫെബ്രുവരിയില്‍ 6 ദശലക്ഷം ബാരല്‍ എണ്ണ ഒമാന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇതിനകം തന്നെ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഇറക്കുമതി ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ പ്രധാനമന്ത്രി മോദി ഗയാന, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ സാധ്യതകളെപ്പറ്റി സൂചന നല്‍കിയിരുന്നു. കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഗയാനയിലേക്ക് പ്രധാനമന്ത്രി പോയതിനു കാരണവും ഇതാണ്.
2022ല്‍ ഉക്രെയ്‌നുമായി യുദ്ധം ആരംഭിച്ചതു മുതല്‍ ഇന്ത്യയ്ക്ക് ഡിസ്‌കൗണ്ടിലാണ് റഷ്യ എണ്ണ നല്‍കിയിരുന്നത്. യുദ്ധത്തിന്റെ തുടക്കത്തില്‍ നല്‍കിയിരുന്ന ഡിസ്‌കൗണ്ട് കുറച്ചു വരികയാണ് റഷ്യ. ഡിസ്‌കൗണ്ടില്ലാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് അത്ര നേട്ടമല്ലാത്തതും ഇന്ത്യയുടെ നീക്കത്തിന് കാരണമാണ്.അതേസമയം,ചൈനയും റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറച്ചു. അംഗോളയില്‍ നിന്നും അബുദാബിയില്‍ നിന്നുമാണ് ചൈനയുടെ ഇറക്കുമതി.