15 Aug 2024 9:34 AM GMT
Summary
- റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതിക്കാരാണ് ഇന്ത്യ
- ഉക്രെയ്ന്‍ യുദ്ധത്തിന് മുമ്പ് റഷ്യന്‍ എണ്ണ ഇറക്കുമതി ഒരു ശതമാനത്തില്‍ താഴെ ആയിരുന്നു
- മോസ്‌കോയില്‍നിന്നുള്ള കല്‍ക്കരി ഇറക്കുമതി 18 ശതമാനം
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ രാജ്യമായ ഇന്ത്യ ജൂലൈയില്‍ റഷ്യയില്‍ നിന്ന് വാങ്ങിയത് 2.8 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാര്‍ ഇപ്പോഴും ചൈനയാണ്. ഇന്ത്യ രണ്ടാമതും.
ഉക്രെയ്ന്‍ അധിനിവേശം നടത്തിയതിന് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മോസ്‌കോയില്‍ നിന്നുള്ള വ്യാപാരം ഒഴിവാക്കിയതിനെത്തുടര്‍ന്ന് റഷ്യന്‍ എണ്ണ വിലക്കിഴിവില്‍ ലഭ്യമായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരായി റഷ്യ ഉയര്‍ന്നു.
യുക്രെയ്ന്‍ യുദ്ധത്തിന് മുമ്പുള്ള കാലയളവില്‍ ഇറക്കുമതി ചെയ്ത മൊത്തം എണ്ണയുടെ ഒരു ശതമാനത്തില്‍ താഴെയായിരുന്ന റഷ്യയില്‍ നിന്നുള്ള ഇറക്കുമതി, ഇപ്പോള്‍ ഇന്ത്യയുടെ മൊത്തം എണ്ണ വാങ്ങലിന്റെ 40 ശതമാനത്തോളം വരും.
റഷ്യയുടെ ക്രൂഡ് കയറ്റുമതിയുടെ 47 ശതമാനവും ചൈന വാങ്ങിയപ്പോള്‍ ഇന്ത്യ (37 ശതമാനം), യൂറോപ്യന്‍ യൂണിയന്‍ (7 ശതമാനം), തുര്‍ക്കി (6 ശതമാനം) എന്നിങ്ങനെയാണ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ ഒരു പ്രസ്താവനയില്‍ പറയുന്നത്.
എണ്ണ മാത്രമല്ല, ചൈനയും ഇന്ത്യയും റഷ്യയില്‍ നിന്ന് കല്‍ക്കരിയും വാങ്ങി. 2022 ഡിസംബര്‍ 5 മുതല്‍ 2024 ജൂലൈ അവസാനം വരെ, റഷ്യയുടെ കല്‍ക്കരി കയറ്റുമതിയുടെ 45 ശതമാനവും ചൈന വാങ്ങിയിരുന്നു, തുടര്‍ന്ന് ഇന്ത്യ (18 ശതമാനം), തുര്‍ക്കി (10 ശതമാനം), ദക്ഷിണ കൊറിയ (10 ശതമാനം), തായ്വാന്‍ (5 ശതമാനം) എന്നീ രാജ്യങ്ങളാണ്.
ജൂലൈയില്‍ റഷ്യയുടെ ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്, റഷ്യയുടെ പ്രതിമാസ കയറ്റുമതി വരുമാനത്തിന്റെ 43 ശതമാനവും (6.2 ബില്യണ്‍ യൂറോ) ആദ്യ അഞ്ച് ഇറക്കുമതിക്കാരില്‍ നിന്നാണ്.
ജൂലൈയില്‍ റഷ്യയുടെ ഫോസില്‍ ഇന്ധനങ്ങള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഇറക്കുമതിയില്‍ ഏകദേശം 80 ശതമാനവും (യൂറോ 2.6 ബില്യണ്‍ അല്ലെങ്കില്‍ 2.86 ബില്യണ്‍ ഡോളര്‍ മൂല്യം) ക്രൂഡ് ഓയില്‍ ആയിരുന്നു.
എണ്ണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 85 ശതമാനത്തിലധികം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, 19.4 ദശലക്ഷം ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ജൂലൈയില്‍ 11.4 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.