image

18 Jan 2024 10:07 AM GMT

Oil and Gas

ചെങ്കടല്‍ പ്രതിസന്ധി; ഇന്ത്യയിലേക്കുള്ള എണ്ണവരവിന് തിരിച്ചടിയാകും

MyFin Desk

red sea crisis will hit indias oil flow
X

Summary

  • ആക്രമണങ്ങള്‍ റഷ്യയില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതിയെ ബാധിച്ചേക്കും
  • തടസമില്ലാത്ത ക്രൂഡ് ഇറക്കുമതിക്കാണ് ഇന്ത്യ മറ്റുമാര്‍ഗങ്ങള്‍ തേടുന്നത്
  • രാജ്യത്തിന്റെ ക്രൂഡ് ഇറക്കുമതി ഡിസംബറില്‍ മൂന്ന് ശതമാനം വര്‍ധിച്ചിരുന്നു


ചെങ്കടല്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയിലിനായി ഇറാഖിനെ ആശ്രയിച്ചേക്കും.മേഖലയിലെ ആക്രമണങ്ങള്‍ കണക്കിലെടുത്ത് കരിങ്കടലില്‍ നിന്നുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്ക് തടസപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന് ഒരു മുന്‍കരുതല്‍ എന്ന നിലയിലിലാണ് ഇന്ത്യ ഇറാഖിനെ പരിഗണിക്കുന്നത്.

സുരക്ഷിതമായ പാതയിലൂടെ വരുന്നതിനാല്‍ ക്രൂഡിന് ഇറാഖ് പോലുള്ള രാജ്യങ്ങളെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നേക്കാമെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സമീപകാല ആക്രമണങ്ങള്‍ കണക്കിലെടുത്ത് കരിങ്കടല്‍ വഴിയുള്ള റഷ്യന്‍ എണ്ണയുടെ ഒഴുക്ക് വൈകുകയോ തടസ്സപ്പെടുകയോ ചെയ്യാനുള്ള സാധ്യത ഏറെയാണ്.

യെമന്‍ ആസ്ഥാനമായുള്ള ഹൂതി വിമതരുടെ വ്യാപാര കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടും റഷ്യന്‍ ക്രൂഡ് ടാങ്കറുകള്‍ക്ക് ഇതുവരെ ചെങ്കടലിലൂടെ കടന്നുപോകാന്‍ സാധിച്ചു. ടാങ്കറുകള്‍ മനഃപൂര്‍വം ലക്ഷ്യമിടാന്‍ സാധ്യതയില്ലെങ്കിലും, അബദ്ധത്തില്‍ ആക്രമിക്കപ്പെടുമോ എന്ന ആശങ്കയുണ്ട്.

അസംസ്‌കൃത എണ്ണയുടെ തടസ്സമില്ലാത്ത വരവിനായി, ഇന്ത്യക്ക് ഹോര്‍മുസ് കടലിടുക്കില്‍ ആക്രമണം ഒഴിവാകേണ്ടതുണ്ട്. സൗദി അറേബ്യ, ഇറാന്‍, യുഎഇ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്ന് ഭൂരിഭാഗം ചരക്കുകളും കയറ്റുമതി ചെയ്യുന്ന നിര്‍ണായക പാതയാണിത്, ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഒമാനും ഇറാനുമിടയില്‍ സ്ഥിതി ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലിനെയും അറബിക്കടലിനെയും ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ പാതയാണിത്, കാരണം വലിയ അളവിലുള്ള ചരക്ക് കടലിടുക്കിലൂടെ ഒഴുകുന്നു.

ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) അനുസരിച്ച്, ഏകദേശം 20 ദശലക്ഷം ബാരല്‍ എണ്ണ, ഇത് ആഗോള വിതരണത്തിന്റെ ഏകദേശം 20 ശതമാനമാണ് - ഈ കടലിടുക്കിലൂടെ ഓരോ ദിവസവും കടന്നുപോകുന്നു.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം, ഇന്ത്യ മോസ്‌കോയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിരുന്നു. കാരണം അവര്‍ കനത്ത വിലക്കിഴിവ് വാഗ്ദാനം ചെയ്തു. വിലക്കുറവ് കണക്കിലെടുത്ത്, ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ മോസ്‌കോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

എനര്‍ജി കാര്‍ഗോ ട്രാക്കര്‍ വോര്‍ടെക്‌സയില്‍ നിന്നുള്ള ഡാറ്റ പ്രകാരം റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതി 2023 ഡിസംബറില്‍ മുന്‍ മാസത്തേക്കാള്‍ 3 ശതമാനം വര്‍ധിച്ചു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മോസ്‌കോയില്‍ നിന്നുള്ള വിതരണത്തില്‍ മാസാമാസം കുറഞ്ഞതിന് ശേഷമാണ് ഈ കുതിപ്പ്. ഡിസംബറിലെ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി 4.44 ദശലക്ഷം ബിപിഡി ആയിരുന്നു.