5 Oct 2023 9:12 AM GMT
Summary
- ക്രൂഡ് വിലയില്‍ 2023ല്‍ പ്രകടമായത് വലിയ ചാഞ്ചാട്ടം
- ആവശ്യകത സംബന്ധിച്ച് ആശങ്ക കനത്തത് വിലയിടിവിന് ഇടയാക്കി
- ക്രൂഡ് വില ഇടിഞ്ഞതിനെ തുടര്‍ന്ന് ഓഹരിവിപണികളില്‍ മുന്നേറ്റം
ക്രൂഡ് ഓയിൽ വിലയില്‍ ഒറ്റരാത്രികൊണ്ട് മൂന്നര ശതമാനത്തോളം ഇടിവ്. ഇന്ന് (ഒക്‌ടോബർ 5 ന്) തുടക്കത്തില്‍ ബാരലിന് 3 ഡോളറോളം ഇടിവോടെ 86 ഡോളറിലായിരുന്ന ക്രൂഡ് വില വീണ്ടും താഴ്ചയിലേക്ക് നീങ്ങി. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.18നുള്ള നില അനുസരിച്ച് 84.48 ഡോളറിലാണ് ബ്രെന്‍റ് ക്രൂഡ് വില. വിവിധ സമ്പദ് വ്യവസ്ഥകളിലെ സൂക്ഷ്മ സാമ്പത്തിക സാഹചര്യങ്ങള്‍ എണ്ണ ആവശ്യകതയിലെ ഇടിവിലേക്ക് നയിക്കുമെന്ന ആശങ്കയാണ് വിലയിടിവിന് പ്രധാന കാരണം. ഒരുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ക്രൂഡ് വിലയുള്ളത്.
ഡിസംബർ വരെ ഉൽപ്പാദനം വെട്ടിക്കുറയ്ക്കുമെന്ന് സൗദി അറേബ്യയും റഷ്യയും പ്രഖ്യാപിച്ചത് കഴിഞ്ഞ വാരങ്ങളില്‍ ക്രൂഡ് വില ഉയര്‍ത്തി നിര്‍ത്തുന്നതിന് ഇടയാക്കിയിരുന്നു. സെപ്റ്റംബറിൽ 9 ശതമാനത്തിന്‍റെയും 2023 മൂന്നാം പാദത്തില്‍ 27 ശതമാനത്തിന്‍റെയും മുന്നേറ്റമാണ് ഉണ്ടായത്. ഒരു ഘട്ടത്തില്‍ ബാരലിന് 97 ഡോളര്‍ എന്ന നിലയിലേക്ക് വില ഉയര്‍ന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് ശക്തിപ്രാപിച്ചാല്‍ ആവശ്യകതയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നും ഡിസംബറോടെ 100 ഡോളറിന് മുകളിലേക്ക് വില പോകുമെന്നും വിലയിരുത്തപ്പെട്ടു.
ഉയര്‍ന്ന ക്രൂഡ് വില ആഗോള തലത്തില്‍ ഓഹരി വിപണികളിലെ നെഗറ്റിവ് പ്രവണതകളിലും പങ്കുവഹിച്ചു. എന്നാല്‍ ക്രൂഡ് വില കുത്തനെ താഴ്ന്നത് ഇന്ത്യ ഉള്‍പ്പടെയുള്ള എണ്ണ ഉപഭോഗ രാഷ്ട്രങ്ങളിലെ വിപണികളില്‍ തിരിച്ചുവരവിന് ഇടയാക്കിയിട്ടുണ്ട്. ഇന്ന് തുടക്ക വ്യാപാരം മുതല്‍ സെന്‍സെക്സും നിഫ്റ്റിയും പച്ചയില്‍ തുടരുകയാണ്. തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലെ നഷ്ടത്തിനു ശേഷമാണ് ഈ വീണ്ടെടുപ്പ്.
എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷൻ (ഇഐഎ) ഗ്യാസോലിൻ തങ്ങളുടെ സ്റ്റോക്കുകളിൽ 6.5 ദശലക്ഷം ബാരലുകളുടെ ഗണ്യമായ വർദ്ധനവ് റിപ്പോർട്ട് ചെയ്തു, രണ്ട് വർഷത്തിനിടയിലെ ഏറ്റവും വലിയ സ്റ്റോക്ക് അളവാണിത്. തൽഫലമായി, ഗ്യാസോലിന്‍ വില ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി, മൂന്നാഴ്ചയ്ക്കുള്ളിൽ 17 ശതമാനം ഇടിവാണ് ഗ്യാസോലിന്‍ വിലയില്‍ ഉണ്ടായത്. റഷ്യ തങ്ങളുടെ ഡീസല്‍ കയറ്റുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്നുള്ള സൂചനയും വിലകളെ സ്വാധീനിച്ചു.
അസംസ്‌കൃത എണ്ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഈ വര്‍ഷത്തില്‍ ഉടനീളം പ്രകടമായത്. 2023ന്‍റെ തുടക്കത്തില്‍ ബാരലിന് 82 ഡോളറായിരുന്നു ബ്രെന്‍റ് ക്രൂഡ് വില, ജൂണിൽ ഇത് 70 ഡോളറായി കുറഞ്ഞു, സെപ്റ്റംബറിൽ 97 ഡോളറായി ഉയർന്നു, ഇപ്പോൾ ഒക്ടോബറിൽ 85 ഡോളറായി. ഈ ഏറ്റക്കുറച്ചിലുകൾ ആഗോള ഊർജ വിപണി നേരിടുന്ന വെല്ലുവിളികളുടെയും അനിശ്ചിതത്വങ്ങളുടെയും സൂചനയാണ്. വിതരണവും ഡിമാൻഡും മുതൽ ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും സാമ്പത്തിക സാഹചര്യങ്ങളും വരെയുള്ള നിരവധി ഘടകങ്ങള്‍ ഈ ചാഞ്ചാട്ടത്തില്‍ പങ്കുവഹിച്ചു.