image

12 Jun 2023 5:28 AM GMT

Oil and Gas

കുറഞ്ഞനിരക്കില്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇനി പാക്കിസ്ഥാനും

MyFin Desk

cheap russian crude oil to pakistan now
X

Summary

  • മുമ്പ് നിഷേധിച്ച ഡിസ്‌കൗണ്ടാണ് റഷ്യ ഇപ്പോള്‍ നല്‍കാന്‍ തയ്യാറായിരിക്കുന്നത്
  • റഷ്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ ലാഭം നേടാനാകുമെന്ന്് പാക് നേതൃത്വം
  • യുദ്ധംമൂലം പ്രതിസന്ധിയിലായ മോസ്‌കോ കൂടുതല്‍ പണമുണ്ടാക്കാനുള്ള വഴികള്‍ തേടുകയാണ്


കുറഞ്ഞ നിരക്കിലുള്ള റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ആദ്യ ബാച്ച് കറാച്ചി തുറമുഖത്ത് എത്തിയതായി പാക്കിസ്ഥാന്‍. സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന രാജ്യത്തിന് ഇത് ഏറെ ആശ്വാസമായിരിക്കുമെന്ന് പാക പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.

മുന്‍പ് റഷ്യന്‍ എണ്ണയുടെ കയറ്റുമതി ഇന്ത്യയിലേക്കും ചൈയിലേക്കും മാത്രമായിരുന്നു. ഉക്രൈന്‍ യുദ്ധപ്രഖ്യാപനത്തെത്തുടര്‍ന്ന് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നാണ് ക്രൂഡ് ഓയിലും മറ്റ് ഉല്‍പ്പന്നങ്ങളും വില്‍ക്കുന്നതിനായി ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ മോസ്‌കോയുടെ ഇപ്പോഴുള്ള ഈ നടപടി പ്രധാനപ്പെട്ട ഒരു നയവ്യതിയാനം കൂടിയാണ്.

എന്നാല്‍ അമേരിക്കന്‍ ഉപരോധം ഏറെ വെട്ടിലാക്കിയത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെയാണ്. ജര്‍മ്മനി, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് തണുപ്പുകാലം മറികടന്നത്. മുമ്പ് തണുപ്പുകാലത്ത് യൂറോപ്പ് ഗ്യാസിനും മറ്റുമായി പ്രധാനമായി ആശ്രയിച്ചിരുന്നത് റഷ്യയെ മാത്രമായിരുന്നു.

അന്ന്് പാക്കിസ്ഥാനും ക്രൂഡ് ഓയിലിനായി റഷ്യയെ സമീപിച്ചിരുന്നു. അന്ന് ഇസ്ലാമബാദിന്റെ ആവശ്യം മോസ്‌കോ തള്ളിക്കയുകയായിരുന്നു.

ഇപ്പോള്‍ റഷ്യന്‍ ഇറക്കുമതി ആരംഭിച്ച സ്ഥിതിക്ക് അത് രാജ്യത്തെ വികസനത്തിനുള്ള വഴി തുറക്കുമെന്നാണ് പാക്കിസ്ഥാന്‍ കരുതുന്നത്. എന്നാല്‍ കടക്കെണിയിലായ അവര്‍ അതില്‍ നിന്ന് പുറത്തുകടക്കാനാകും ആദ്യം ശ്രമിക്കുക.

ഇപ്പോള്‍ പാക്കിസ്ഥാനില്‍ പെട്രോള്‍ ലിറ്ററിന് 262 രൂപയാണ് വില. ഈ സാഹചര്യത്തിലാണ് ഏകദേശം 45,000 മെട്രിക് ടണ്‍ റഷ്യന്‍ ക്രൂഡ് ഓയിലുമായി ചരക്കു കപ്പല്‍ കറാച്ചിയില്‍ എത്തിയിട്ടുള്ളത്.

റഷ്യന്‍ ഇറക്കുമതിയിലൂടെ അഭിവൃദ്ധി, സാമ്പത്തിക വളര്‍ച്ച, ഊര്‍ജ്ജ സുരക്ഷ എന്നിവ കൈവരിക്കാനാകുമെന്ന്് പാക് സര്‍ക്കാര്‍ കരുതുന്നു.

പെട്രോള്‍ വില കൂറയ്ക്കാനാകുമെന്നും അതുവഴി നേട്ടമുണ്ടാകുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

പാക്കിസ്ഥാനും റഷ്യന്‍ ഫെഡറേഷനും തമ്മിലുള്ള പുതിയ ബന്ധത്തിന്റെ തുടക്കമാണിതെന്നും ഷെരീഫ് കൂട്ടിച്ചേര്‍ത്തു.

ശുദ്ധീകരിച്ച ഇന്ധനങ്ങളല്ല, അസംസ്‌കൃത എണ്ണയാണ് പാക്കിസ്ഥാന്‍ വാങ്ങുന്നത്, ആദ്യ ഇടപാട് സുഗമമായി നടന്നാല്‍ ഇറക്കുമതി പ്രതിദിനം 100,000 ബാരലിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2022 ഡിസംബറില്‍, പാക്കിസ്ഥാന്‍ പ്രതിനിധി സംഘം ക്രൂഡ്് ഓയില്‍ വില കുറയ്ക്കാന്‍ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അന്ന് മോസ്‌കോ നിരാകരിക്കുകയായിരുന്നു.

ഇന്ന്് യുദ്ധം മൂലം സാമ്പത്തികമായി ഞെരുക്കത്തിലായ റഷ്യ കൂടുതല്‍ പണമുണ്ടാക്കാനുള്ള വഴി തേടുകയാണ് എന്നുവേണം ഈ നടപടിയില്‍നിന്ന് മനസിലാക്കാന്‍.

ഇന്‍ഷുറന്‍സ്, മോര്‍ട്ട്‌ഗേജ് തുടങ്ങിയ സാങ്കേതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായി ഈ വര്‍ഷം ജനുവരിയില്‍ ഒരു റഷ്യന്‍ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നപരിഹാര സാധ്യത തെളിഞ്ഞത്.

ഏപ്രിലില്‍, ഇസ്ലാമാബാദും മോസ്‌കോയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം ഡിസ്‌കൗണ്ടിലുള്ള ആദ്യ ഇരക്കുമതിക്ക് അവര്‍ റഷ്യക്ക് ഓര്‍ഡര്‍ നല്‍കി.

റഷ്യയില്‍ നിന്നുള്ള വിലകുറഞ്ഞ എണ്ണ, വര്‍ധിച്ചുവരുന്ന വ്യാപാര കമ്മിയും ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയും നിയന്ത്രിക്കാന്‍ പാക്കിസ്ഥാനെ സഹായിക്കും.

കഴിഞ്ഞ വര്‍ഷം, പാക്കിസ്ഥാന്‍ പ്രതിദിനം 154,000 ബാരലുകള്‍ ഇറക്കുമതി ചെയ്തു, അതിന്റെ 80 ശതമാനവും സൗദി അറേബ്യ, യുഎഇ, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു. നിലവില്‍ ആ രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 38ശതമാനമാണ്.