15 Feb 2023 4:51 AM GMT
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷ (ഒഎൻജിസി) ന്റെ അറ്റാദായം 26 ശതമാനം വർധിച്ചു. എണ്ണയുടെയും, ഗ്യാസിന്റെയും വില വർധിച്ചതാണ് കാരണം. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വർഷം സമാന പാദത്തിൽ ഉണ്ടായിരുന്ന 8,763.72 കോടി രൂപയിൽ നിന്ന് 11,044.73 കോടി രൂപയായി. തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ 12,825.99 കോടി രൂപയായിരുന്നു ലാഭം. ക്രൂഡ് ഓയിൽ , ഗ്യാസ് എന്നിവയുടെ വരുമാനം വർധിച്ചതിനെ തുടർന്നാണ് ലാഭക്ഷമതയിൽ വർധനവുണ്ടായിട്ടുള്ളത്.
ഒഎൻജിസിയ്ക്ക് ക്രൂഡ് ഓയിലിന് ബാരലിന് 87.13 ഡോളർ വരുമാനമാണ് ഈ പാദത്തിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ ബാരലിന് 75.73 ഡോളറാണ് ലഭിച്ചിരുന്നത്.വൈദ്യുതി ഉത്പാദനം, വളങ്ങളുടെ നിർമാണം, വാഹനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള സി എൻ ജി ആക്കി മാറ്റുന്നതിനും ഇന്ധനമായി ഉപയോഗിക്കുന്ന പ്രകൃതി വാതകത്തിന്റെ വില 2.90 ഡോളറിൽ നിന്ന് 8.57 ഡോളറായി വർധിച്ചു.
ഡിസംബർ പാദത്തിൽ കമ്പനി 5.39 മില്യൺ ടണ്ണിന്റെ ക്രൂഡ് ഓയിൽ ആണ് ഉത്പാദിപ്പിച്ചത്. മുൻ വർഷം ഇത് 5.45 മില്യൺ ടണ്ണായിരുന്നു. ഗ്യാസ് ഉത്പാദനം 4 ശതമാനം കുറഞ്ഞ് 5.35 ബില്യൺ ക്യൂബിക് മീറ്റർ ആയി. ഡിസംബർ വരെയുള്ള ഒൻപതു മാസത്തിൽ കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 24 ശതമാനം വർധിച്ച് 31,446.20 കോടി രൂപയിൽ നിന്ന് 39,076.57 കോടി രൂപയായി.
കഴിഞ്ഞ സാമ്പത്തിക വർഷം കമ്പനിയുടെ നികുതി കിഴിച്ചുള്ള ലാഭം 40,305.74 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിൽ വിറ്റുവരവ് 35 .5 ശതമാനം വർധിച്ച് 38,583.29 കോടി രൂപയായി. ഒഎൻജിസി, അവരുടെ രണ്ടാമത്തെ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 4 രൂപ നിരക്കിലാണ് ലാഭ വിഹിതം നിശ്ചയിക്കുന്നത്. ഇതിനു മുൻപ് ഓഹരി ഒന്നിന് 6.75 രൂപ നിരക്കിലാണ് ലാഭ വിഹിതം നൽകിയത്. ആകെ 5,032 കോടി രൂപയുടെ ലാഭ വിഹിതമാണ് നൽകുന്നത്.