image

15 Jun 2023 6:16 AM GMT

Oil and Gas

എണ്ണ ഉപഭോഗത്തില്‍ ഇന്ത്യ മുന്നിലേക്ക്; ചൈന ഹരിതോര്‍ജത്തിലേക്ക് മാറുന്നു

Sunil G

india ahead in oil consumption china is moving to green energy
X

Summary

  • ചൈനയില്‍ വൈദ്യുത വാഹനമേഖല കുതിപ്പില്‍
  • ജനസംഖ്യാവര്‍ധനവ് ഉയര്‍ന്ന എണ്ണ ഉപഭോഗത്തിന് കാരണം
  • ഗ്രീന്‍ എനര്‍ജിയിലും മുന്നേറാനുള്ള കഴിവ് രാജ്യത്തിന് സ്വന്തം


ആഗോള എണ്ണ ആവശ്യകതയുടെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ മാറുകയാണെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) മേധാവി ഫാത്തിഹ് ബിറോള്‍. നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഏറ്റവും അധികം ഉപയോഗിക്കുന്നത് ചൈനയാണ്.

എന്നാല്‍ ചൈനയിലെ എണ്ണയുടെ ആവശ്യകത കുറഞ്ഞുവരികയാണെന്ന്് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതിന്റെ കാരണം വാഹനങ്ങള്‍ അതിവേഗം വൈദ്യുതിയിലേക്ക് മാറുന്നതാണെന്നാണ് വിലയിരുത്തല്‍.

ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോഗ രാഷ്ട്രമായ ചൈനയെ ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യ മറികടന്നുകഴിഞ്ഞു. ഇവിടെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും പെട്രോള്‍- ഡീസല്‍ ഉപയോഗം വര്‍ധിക്കുന്നതിന് കാരണമാണ്.

ഗ്രീന്‍ എനര്‍ജിയില്‍ ലോകനേതാവാകാനുള്ള അവസരം മുന്നിലുള്ള രാജ്യം കൂടിയാണ് ഇന്ത്യ. അതിനാല്‍ ക്രമേണ എണ്ണഉപയോഗം ഇന്ത്യയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനായി സര്‍ക്കാരും വാഹനനിര്‍മ്മാതാക്കളും മുന്‍കൈയ്യെടുക്കേണ്ടതുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഇത് കാരണമാകും.

ഇന്ന് തലസ്ഥാന നഗരിയായ ന്യൂഡെല്‍ഹി അന്തരീക്ഷമലിനീകരണം ബുദ്ധിമുട്ടുന്നത് വാര്‍ത്തയാകുന്നുണ്ട്. രാജ്യത്തെ മിക്ക വന്‍ നഗരങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.

അതേസമയം സൗരോര്‍ജ്ജം പോലുള്ള ഊര്‍ജ സ്രോതസുകളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വിലകുറഞ്ഞ വൈദ്യുതി രാജ്യത്തെ ഒരു ഗ്രീന്‍ എനര്‍ജി ഉപഭോക്താവാക്കി മാറ്റാന്‍ സഹായിക്കും.

'ഇന്ത്യയുടെ എണ്ണ ആവശ്യകത വര്‍ദ്ധിക്കും. ആഗോള എണ്ണ ആവശ്യകത വളര്‍ച്ചയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യമാറും',ബിറോള്‍ ന്യൂഡെല്‍ഹിയില്‍ ഒരു ജി 20 പരിപാടിയില്‍ പറഞ്ഞു. ''ചൈനയിലെ എണ്ണ ആവശ്യകത ദുര്‍ബലമാകുന്നതിനുള്ള ഘടകങ്ങളിലൊന്ന് കാറുകളുടെയും ബസുകളുടെയും അതിവേഗ വൈദ്യുതീകരണമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയും വാഹനങ്ങളിലെ വൈദ്യുതീകരണം അതിവേഗമാക്കിയാല്‍ ഇവിടെയും എണ്ണ ഉപയോഗം കുറയും.

2022ല്‍ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന 48,000 ആയിരുന്നു. എന്നാല്‍ ഇതേവര്‍ഷം ചൈനയിലെ ഇവി വില്‍പ്പന 6.1 ദശലക്ഷം യൂണിറ്റായാണ് ഉയര്‍ന്നത്. ആഗോള ഊര്‍ജ കാര്യങ്ങളുടെ കേന്ദ്ര സ്ഥാനത്തേക്ക് ഇന്ത്യ ഉയരുമെന്ന് ആറുവര്‍ഷം മുമ്പ് താന്‍ പറഞ്ഞിരുന്നതായി ബിറോള്‍ വ്യക്തമാക്കി.

ഇത് വര്‍ധിച്ചുവരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡിന്റെ ബലത്തില്‍ മാത്രമല്ല, സോളാര്‍ പോലുള്ള പുനരുപയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിലും എഥനോള്‍ പോലുള്ള ജൈവ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിലും ഉണ്ടാകുന്ന വളര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂടിയുമാണ്.

പെട്രോളില്‍ 10 ശതമാനം എത്തനോള്‍ കലര്‍ത്തുന്നത് രാജ്യത്തെ രണ്ട് ബില്യണ്‍ ഡോളറിന് തുല്യമായ എണ്ണ ഇറക്കുമതി ഒഴിവാക്കാന്‍ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ, ആഗോള സൗരോര്‍ജ്ജ ശേഷിയില്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് ഇന്ത്യയാണ്. 500 ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കുകയും 100 ദശലക്ഷത്തോളം പേര്‍ക്ക് പാചക വാതകം നല്‍കുകയും ചെയ്തു. വിറക് ഉപയോഗിക്കുന്ന അടുപ്പുകളില്‍നിന്നുള്ള മാറ്റവും മലിനീകരണം വന്‍തോതില്‍ കുറയ്ക്കും.

ഈ മേഖലയിലേക്ക് ഇപ്പോള്‍ ഹൈഡ്രജനും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. ഊര്‍ജ്ജത്തിന്റെ ഏറ്റവും ശുദ്ധമായ രൂപമാണിത്. പൂര്‍ണമായും ഹൈഡ്രജന്‍ ഉപയോഗിക്കുന്ന ട്രെയിന്‍ ഉടന്‍ തന്നെ സര്‍വീസ് ആരെഭിക്കും എന്ന വാര്‍ത്തകളും വന്നിട്ടുണ്ട്.കാര്‍ബണ്‍ പുറം തള്ളുന്നത് 2070നുമുമ്പ് അവസാനിപ്പിക്കും എന്നത് ഇന്ത്യയുടെ ലക്ഷ്യമാണ്. അതിനുമുമ്പുതന്നെ രാജ്യം ലക്ഷ്യം നേടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടിരുന്നു.

ശുദ്ധമായ ഊര്‍ജ്ജ രംഗത്ത് രാജ്യം മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ബിറോള്‍ പറഞ്ഞു.

കാര്‍ബണ്‍ പുറം തള്ളലില്‍ സമ്പന്ന രാജ്യങ്ങള്‍ 2050മുമ്പ് ലക്ഷ്യത്തിലെത്തണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വികസ്വര രാജ്യങ്ങള്‍ക്ക് ഈ ലക്ഷ്യം കൈവരിക്കാന്‍ സമയം നല്‍കുക. അങ്ങനെ ലോകം മൊത്തത്തില്‍ 2050 ഓടെ കാര്‍ബണ്‍ പുറംതള്ളലില്‍ പൂജ്യത്തിലെത്തുകയാണ് വേണ്ടതെന്നും ബിറോള്‍ അഭിപ്രായപ്പെട്ടു.

പുനരുല്‍പ്പാദിപ്പിക്കാവുന്നവയില്‍, സോളാര്‍ തീര്‍ച്ചയായും പ്രധാനമാണ്. സോളാറിലേക്ക് പോകുന്ന ആഗോള നിക്ഷേപത്തിന്റെ അളവ് എണ്ണ ഉല്‍പാദനത്തിലേക്ക് പോകുന്ന നിക്ഷേപത്തേക്കാള്‍ കൂടുതലുമാണ്.

കൂടാതെ, ഇലക്ട്രിക് കാറുകളുടെ രംഗത്ത് ഇന്ന് ലോകം ഗണ്യമായ വളര്‍ച്ച കൈവരിച്ചു.

രണ്ട് വര്‍ഷം മുമ്പ് ലോകത്ത് 25 കാറുകള്‍ വില്‍ക്കുമ്പോള്‍ അതില്‍ ഒരു ഇവി മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ലോകത്ത് വിറ്റഴിക്കുന്ന അഞ്ച് കാറുകളില്‍ ഒന്ന് ഇവി ആണ്.

എന്നാല്‍ ശുദ്ധമായ ഊര്‍ജ നിക്ഷേപത്തിന്റെ വളര്‍ച്ച വികസിത സമ്പദ്വ്യവസ്ഥകളില്‍ നിന്നും ചൈനയില്‍ നിന്നുമാണ്. ഒരു ചെറിയ ഭാഗം മാത്രമാണ് വളര്‍ന്നുവരുന്ന വിപണികളില്‍ ഉണ്ടാകുന്നത്. ഈ വിപണികളിലാണ് നിക്ഷേപം ഏറ്റവും ആവശ്യമുള്ളത്.

വളര്‍ന്നുവരുന്ന രാജ്യങ്ങളിലെ ശുദ്ധമായ ഊര്‍ജ്ജ നിക്ഷേപത്തെ പിന്തുണയ്ക്കുക എന്നതുമാത്രമാണ് അതിനുള്ള പോംവഴി. 2027-ഓടെ വളര്‍ച്ചയുടെ പ്രധാന ഉറവിടമായി ഇന്ത്യ ചൈനയെ മറികടക്കുമെന്നും ഐഇഎ പറയുന്നു.