3 Jan 2023 6:58 AM GMT
Summary
2022 ജൂലൈ ഒന്നു മുതലാണ് ഇന്ത്യ വിന്‍ഡ്ഫാള്‍ നികുതി ചുമത്താന്‍ ആരംഭിച്ചത്.
ഡെല്‍ഹി: ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ക്രൂഡ് ഓയില്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം, അതിവേഗ ഡീസല്‍ എന്നിവയുടെ വിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ക്രൂഡ് ഓയിലിന്റെ വിന്‍ഡ്‌ഫോള്‍ ടാക്സ് ടണ്ണിന് നിലവിലുള്ള 1,700 രൂപയില്‍ നിന്ന് 2,100 രൂപയായി ഉയര്‍ത്തി.
പുതുക്കിയ നികുതി നിരക്ക് ജനുവരി മൂന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ വിന്‍ഡ്ഫാള്‍ ടാക്‌സ് ലിറ്ററിന് 1.5 രൂപയില്‍ നിന്ന് 4.5 രൂപയായി ഉയര്‍ത്തി. കയറ്റുമതി ചെയ്യുന്ന അതിവേഗ ഡീസലിന്റെ വിന്‍ഡ്ഫാള്‍ നികുതിയും ലിറ്ററിന് 5 രൂപയില്‍ നിന്ന് 7.5 രൂപയായി ഉയര്‍ത്തി. പെട്രോളിന്റെ പ്രത്യേക അധിക എക്സൈസ് തീരുവയില്‍ മാറ്റമില്ല.
ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവും എണ്ണ ഇറക്കുമതിക്കാരുമായ ഇന്ത്യ, പാശ്ചാത്യ രാജ്യങ്ങള്‍ അംഗീകരിച്ച 60 ഡോളറിന്റെ പരിധിയിലും താഴെയുള്ള വിലയിലാണ് റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത്. 2022 ജൂലൈ ഒന്നുമുതലാണ് ഇന്ത്യ വിന്‍ഡ്ഫാള്‍ നികുതി ചുമത്താന്‍ ആരംഭിച്ചത്.
അന്ന് പെട്രോള്‍, എടിഎഫ് എന്നിവയ്ക്ക് ഒരു ലിറ്ററിന് ആറ് രൂപയായിരുന്നു നികുതി. ഡീസലിന് 13 രൂപയും. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിന് ഒരു ടണ്ണിന് 23,250 രൂപയായിരുന്നു വിന്‍ഡ്ഫാള്‍ നികുതി. കഴിഞ്ഞ രണ്ടാഴ്ച്ചത്തെ ഇന്ധനവിലയുടെ അടിസ്ഥാനത്തില്‍ എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും നികുതി നിരക്കുകള്‍ പുതുക്കും. ബാരലിന് 75-76 ഡോളര്‍ പരിധിക്ക് മുകളില്‍ ലഭിക്കുന്ന ഏത് വിലയിലും എണ്ണ ഉല്‍പ്പാദകര്‍ ഉണ്ടാക്കുന്ന വിന്‍ഡ്ഫാള്‍ ലാഭത്തിന് സര്‍ക്കാര്‍ നികുതി ഈടാക്കും.
വിദേശ കയറ്റുമതിയില്‍ എണ്ണ കമ്പനികള്‍ നേടുന്ന മാര്‍ജിനുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ധന കയറ്റുമതിയുടെ നികുതി നിശ്ചയിക്കുന്നത്. ഈ മാര്‍ജിനുകള്‍ പ്രാഥമികമായി അന്താരാഷ്ട്ര എണ്ണ വിലയും, ചെലവും തമ്മിലുള്ള വ്യത്യാസമാണ്.