image

16 Dec 2022 6:52 AM GMT

Oil and Gas

ഇന്ധന വിലയിടിയുന്നു, വിന്‍ഡ്ഫാള്‍ നികുതി 4,900 ത്തില്‍ നിന്ന് 1,700 രൂപയാക്കി,കമ്പനികള്‍ക്ക് നേട്ടം

MyFin Desk

Fuel price
X

Summary

ഡിസംബറില്‍ ഇത് രണ്ടാം തവണയാണ് വിന്റഫാള്‍ നികുതി കുറയ്ക്കുന്നത്. ഡിസംബര്‍ ഒന്നിന് 10,200 ല്‍ നിന്ന് 4,900 ആയി ഇത് കുറച്ചിരുന്നു. നവംബര്‍ മുതല്‍ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ 14 ശതമാനത്തിന്റെ കുറവുണ്ടായ സാഹചര്യത്തിലാണ് നികുതി നിരക്കില്‍ കുറവു വരുത്തിയത്.





ഡെല്‍ഹി: ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെയും, കയറ്റുമതി ചെയ്യുന്ന ഡീസല്‍, എടിഎഫ് എന്നിവയുടെയും വിന്‍ഡ്ഫാള്‍ നികുതിയില്‍ കുറവ് വരുത്തി സര്‍ക്കാര്‍. ആഗോള വിപണിയില്‍ ഇന്ധന വില കുറഞ്ഞതാണ് നികുതിയില്‍ കുറവ് വരുത്താന്‍ കാരണം.

രാജ്യത്തെ എണ്ണ ഉത്പാദന കമ്പനികള്‍ക്ക് വലിയ തോതില്‍ സാമ്പത്തിക നേട്ടമുണ്ടാക്കുന്നതാണ് തീരുമാനം. ക്രൂഡോയിലിന്റെ വിന്‍ഡ്ഫാള്‍ നികുതി ടണ്ണിന് 4,900 രൂപയില്‍ നിന്നും 1,700 രൂപയായാണ് കുറച്ചത്. കൂടാതെ, കയറ്റുമതി ചെയ്യുന്ന ഡീസലിന്റെ നികുതി ഒരു ലിറ്ററിന് എട്ട് രൂപയില്‍ നിന്നും അഞ്ച് രൂപയായും, എടിഎഫിന്റെ നികുതി അഞ്ച് രൂപയില്‍ നിന്നും 1.5 രൂപയായും കുറച്ചിട്ടുണ്ട്. പുതിയ നിരക്കുകള്‍ ഡിസംബര്‍ 16 മുതല്‍ പ്രാബല്യത്തില്‍ വരും.

ഡിസംബറില്‍ ഇത് രണ്ടാം തവണയാണ് വിന്റഫാള്‍ നികുതി കുറയ്ക്കുന്നത്. ഡിസംബര്‍ ഒന്നിന് 10,200 ല്‍ നിന്ന് 4,900 ആയി ഇത് കുറച്ചിരുന്നു. നവംബര്‍ മുതല്‍ ആഗോള വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ 14 ശതമാനത്തിന്റെ കുറവുണ്ടായ സാഹചര്യത്തിലാണ് നികുതി നിരക്കില്‍ കുറവു വരുത്തിയത്.

ഈ വര്‍ഷം ജൂലൈ ഒന്നു മുതലാണ് ഇന്ത്യ വിന്‍ഡ്ഫാള്‍ നികുതി ചുമത്താന്‍ ആരംഭിച്ചത്. അന്ന് പെട്രോള്‍, എടിഎഫ് എന്നിവയ്ക്ക് ഒരു ലിറ്ററിന് ആറ് രൂപയായിരുന്നു നികുതി. ഡീസലിന് 13 രൂപയും. ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡോയിലിന് ഒരു ടണ്ണിന് 23,250 രൂപയായിരുന്നു വിന്‍ഡ്ഫാള്‍ നികുതി. എല്ലാ രണ്ടാഴ്ച്ച കൂടുമ്പോഴും നികുതി നിരക്കുകള്‍ പുതുക്കും. ഡിസംബറില്‍ രാജ്യം ഒരു ബാരലിന് 77.79 ഡോളര്‍ നിരക്കിലാണ് ക്രൂഡോയില്‍ ഇറക്കുമതി ചെയ്തത്. നവംബറില്‍ ഇത് 87.55 ഡോളറായിരുന്നു. ഒക്ടോബറില്‍ 91.70 ഡോളറും. ഡീസല്‍ വിലയിലും കുറവു വന്നിട്ടുണ്ട്. ഡീസല്‍ വില ഡിസംബറില്‍ ഒരു ബാരലിന് 104.86 ഡോളറായിരുന്നു. നവംബറില്‍ 123.18 ഡോളറും, ഒക്ടോബറില്‍ 133.52 ഡോളറുമായിരുന്നു.

ബാരലിന് 75-76 ഡോളര്‍ പരിധിക്ക് മുകളില്‍ ലഭിക്കുന്ന ഏത് വിലയിലും എണ്ണ ഉല്‍പ്പാദകര്‍ ഉണ്ടാക്കുന്ന വിന്‍ഡ്ഫാള്‍ ലാഭത്തിന് സര്‍ക്കാര്‍ നികുതി ഈടാക്കും.വിദേശ കയറ്റുമതിയില്‍ എണ്ണ കമ്പനികള്‍ നേടുന്ന മാര്‍ജിനുകള്‍ അടിസ്ഥാനമാക്കിയാണ് ഇന്ധന കയറ്റുമതിയുടെ നികുതി നിശ്ചയിക്കുന്നത്. ഈ മാര്‍ജിനുകള്‍ പ്രാഥമികമായി അന്താരാഷ്ട്ര എണ്ണ വിലയും, ഉത്പാദന ചെലവും തമ്മിലുള്ള വ്യത്യാസമാണ്. ഡീസലും എടിഎഫും കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളാണ് റിലന്‍സ് ഇന്‍ഡസ്ട്രീസും നയാര എനര്‍ജിയും പോലുള്ളവ. ഒഎന്‍ജിസി, വേദാന്ത പോലുള്ള കമ്പനികളാണ് ആഭ്യന്തര എണ്ണ ഉത്പാദകര്‍.

ഈ വര്‍ഷം ജൂണ്‍ 15 ലെ ബ്രെന്റ് ക്രൂഡ് വില ബാരലിന് 120.79 ഡോളറായിരുന്നു. ഡിസംബര്‍ 15 ന് വില 82.76 ഡോളറിലേക്ക് താണു. ആറ് മാസത്തിനിടയില്‍ ക്രൂഡ് വിലയില്‍ 31.47 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്.