15 Dec 2022 6:15 AM GMT
ആറ് മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കി; ഓഹരിവിപണിയില്‍ കരുത്തുകാട്ടി നീറ്റ ജെലാറ്റിന്‍
MyFin Bureau
Summary
- ഒരുഘട്ടത്തില്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു നിറ്റ ജെലാറ്റിന്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയാണ് വലിയ തിരിച്ചുവരവ് കമ്പനി നടത്തിയത്
- ജാപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്ഐഡിസി) സംയുക്ത സംരംഭമായാണ് കമ്പനി ആരംഭിച്ചത്
ആറ് മാസം മുമ്പ് ഓഹരിവിപണിയില്‍ നിക്ഷേപിച്ച തുകയുടെ മൂല്യം ഇരട്ടിയായാലോ? അതൊരു ഒന്നൊന്നര നേട്ടമായിരിക്കുമല്ലേ... അത്തരത്തില്‍ ഓഹരി വിപണി നിക്ഷേപകര്‍ക്ക് അത്ഭുതകരമായ നേട്ടം സമ്മാനിച്ചിരിക്കുകയാണ് കേരള കമ്പനിയായ നിറ്റ ജെലാറ്റിന്‍.
കഴിഞ്ഞ ആറ് മാസത്തിനിടെ 106 ശതമാനത്തിന്റെ നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ആറ് മാസങ്ങള്‍ക്ക് മുമ്പ് 348 രൂപയായിരുന്നു നിറ്റ ജെലാറ്റിന്റെ ഒരു ഓഹരിവിലയെങ്കില്‍ ഇന്ന് അത് എത്തിനില്‍ക്കുന്നത് 727 രൂപയ്ക്ക് മുകളിലാണ്. ഈ വര്‍ഷം ഇതുവരെയായി 188 ശതമാനത്തിന്റെയും കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 216 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി കണ്ടു. ഇതിനിടെ 778 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്നനിലയിലും നിറ്റ ജെലാറ്റിന്റെ ഓഹരി വിലയെത്തി. നിലവില്‍ 660 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
ജപ്പാന്റെ നിറ്റ ജെലാറ്റിന്റെ അനുബന്ധ കമ്പനിയായ നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (എന്‍ജിഐഎല്‍) മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്ന ജെലാറ്റിന്‍ എന്ന പ്രോട്ടീനിന്റെ ആഗോള നിര്‍മ്മാതാക്കളാണ്. ജാപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്ഐഡിസി) സംയുക്ത സംരംഭമായാണ് കമ്പനി ആരംഭിച്ചത്. കേരള പ്രോട്ടീന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (കെസിപിഎല്‍) പിന്നീട് 2008 ല്‍ ആഗോളതലത്തില്‍ നിറ്റയെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റുകയായിരുന്നു.
ഒരുഘട്ടത്തില്‍ അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു നിറ്റ ജെലാറ്റിന്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയാണ് വലിയ തിരിച്ചുവരവ് കമ്പനി നടത്തിയത്. പിന്നീട് കമ്പനിയുടെ അകത്തും പുറത്തും വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
രണ്ടാംപാദ ഫലം ഇങ്ങനെ
നടപ്പുസാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 15.37 കോടി രൂപയുടെ അറ്റാദായമാണ് നിറ്റ ജെലാറ്റിന്‍ രേഖപ്പെടുത്തിയത്. മുന്‍പാദത്തില്‍ ഇത് 12.96 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ കാലയളവില്‍ ഇത് 4.96 കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 300 ശതമാനത്തിലധികം വര്‍ധനവാണിത്. പ്രവര്‍ത്തനങ്ങളില്‍നിന്നുള്ള വരുമാനവും മുന്‍പാദത്തിലെ 134.1 കോടി രൂപയേക്കാള്‍ ഉയര്‍ന്ന് 145.78 കോടി രൂപയിലെത്തി.