5 Jan 2024 9:35 AM IST
Summary
- തീരദേശ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്‍റെയും പ്രതിനിധികള്‍ എത്തും
- ശില്‍പ്പശാല സംഘടിപ്പിക്കുന്നത് കേരള ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ
- മത്സ്യബന്ധനത്തിലെ വെല്ലുവിളികളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യും
ഇന്ത്യയുടെ കടൽ മത്സ്യബന്ധനത്തിന്റെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനും ഈ മേഖലയിലെ നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമായി നിതി ആയോഗിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ശില്‍പ്പശാല ഇന്ന് കൊച്ചിയില്‍. ഒരു കൂട്ടായ സമീപനത്തിനായി കേന്ദ്രത്തെയും വിവിധ തീരദേശ സംസ്ഥാനങ്ങളെയും ഒരുമിച്ചുകൊണ്ടുവരുന്നതിനും വളര്‍ച്ചയ്ക്കായുള്ള ഒരു റോഡ്‌മാപ്പ് വികസിപ്പിക്കുന്നതിനും നിതി ആയോഗ് ശ്രമിക്കുന്നു.
ഐസിഎആർ-സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിൽ (സിഎംഎഫ്ആർഐ) നടക്കുന്ന ശില്‍പ്പശാലയില്‍ പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, കേരളം, ആൻഡമാൻ നിക്കോബാർ എന്നീ സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികൾ പങ്കെടുക്കും. സിഎംഎഫ്ആർഐയുടെയും കേരള ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശിൽപശാലയിൽ നിതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി, നിതി ആയോഗ് അംഗം രമേഷ് ചന്ദ്, കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്‍റെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
സർട്ടിഫിക്കേഷനുമായും സുസ്ഥിരതയുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ , വിപണി ബന്ധങ്ങൾ, മൂല്യ വർധന, സമുദ്രോത്പന്ന കയറ്റുമതി, സമുദ്രോല്‍പ്പന വ്യവസായ മേഖലയിലെ വെല്ലുവിളികൾ എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടും.
ഇന്ത്യയുടെ സമുദ്ര സമ്പത്തിന്റെ സാധ്യതകൾ തുറക്കുന്നതിന് വിവിധ തീരദേശ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ള യോജിച്ച ശ്രമങ്ങളും സഹകരണവും അനിവാര്യമാണെന്നും നിതി ആയോഗിന്‍റെ പ്രസ്താവനയില്‍ പറയുന്നു.