image

14 Aug 2023 9:18 AM GMT

Industries

സൂപ്പര്‍ ഹിറ്റായി ഇന്ത്യന്‍ സിനിമ; വാരാന്ത്യത്തില്‍ കളക്റ്റ് ചെയ്തത് 390 കോടി

MyFin Desk

indian film industry as super hit
X

Summary

  • ജയ്‌ലര്‍, ഗദ്ദര്‍ 2, ഒഎംജി2 എന്നിവയാണ് ഈയാഴ്ച റിലീസ് ചെയ്ത ചിത്രങ്ങള്‍
  • വാരാന്ത്യത്തില്‍ ബിഗ് സ്‌ക്രീനിലേക്ക് ഒഴുകിയെത്തിയത് 2.10 കോടി ജനങ്ങളാണ്
  • ജുലൈ 28ന് റിലീസ് ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിക്ക് ഈ വാരാന്ത്യത്തിലും നല്ല കളക്ഷന്‍ ലഭിച്ചു


വെള്ളിത്തിരയിലെ മാജിക് എല്ലാക്കാലത്തും ഉണ്ടെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ സിനിമ വ്യവസായം.

കൊറോണ വിതച്ച മാന്ദ്യവും അതേ തുടര്‍ന്നു ഉയര്‍ന്നു വന്ന ഒടിടി പ്ലാറ്റ്‌ഫോമിന്റെ ജനകീയതയും തിയേറ്ററിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ റിലീസ് ചെയ്ത ഏതാനും ചിത്രങ്ങള്‍ പ്രേക്ഷകരെ വീണ്ടും തിയേറ്ററിലേക്ക് തിരികെ എത്തിച്ചിരിക്കുകയാണ്.

ഓഗസ്റ്റ് 11-13 വാരാന്ത്യത്തില്‍ ബിഗ് സ്‌ക്രീനിലേക്ക് ഒഴുകിയെത്തിയത് 2.10 കോടി ജനങ്ങളാണ്. ഇന്ത്യയിലുടനീളം ബോക്‌സ് ഓഫീസ് വാരാന്ത്യത്തില്‍ കളക്റ്റ് ചെയ്തത് 390 കോടിയിലധികം രൂപ.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇത്രയും വലിയ തുക വാരാന്ത്യത്തില്‍ കളക്റ്റ് ചെയ്യുന്നത് ആദ്യമാണെന്നും പ്രൊഡ്യൂസേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും മള്‍ട്ടിപ്ലക്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നു പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ജീവസുറ്റ കഥപറച്ചില്‍, അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും കൂട്ടായ യത്‌നം എന്നിവയാണ് ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു സിനിമാ മേഖലയിലെ വിദഗ്ധര്‍ പറയുന്നു.

ജയ്‌ലര്‍, ഗദ്ദര്‍ 2, ഒഎംജി2 എന്നിവയാണ് ഈയാഴ്ച റിലീസ് ചെയ്ത വമ്പന്‍ താരനിര ചിത്രങ്ങള്‍.

ജുലൈ 28ന് റിലീസ് ചെയ്ത റോക്കി ഓര്‍ റാണി കി പ്രേം കഹാനിക്ക് ഈ വാരാന്ത്യത്തിലും നല്ല കളക്ഷന്‍ ലഭിച്ചു. റണ്‍വീര്‍ സിംഗും ആലിയ ഭട്ടുമാണു ചിത്രത്തിലെ മുന്‍നിര അഭിനേതാക്കള്‍.

ജയ്‌ലര്‍ ഓഗസ്റ്റ് 10നാണ് റിലീസ് ചെയ്തത്. രജനീകാന്ത്, മോഹന്‍ലാല്‍, ജാക്കി ഷെറോഫ്, തമന്ന തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് നെല്‍സനാണ്.

ഓഗസ്റ്റ് 11നാണ് ഗദ്ദര്‍ 2 റിലീസ് ചെയ്തത്. സണ്ണി ഡിയോള്‍, അമീഷ പട്ടേല്‍ തുടങ്ങിയവരാണ് മുന്‍നിര അഭിനേതാക്കള്‍. 2001-ല്‍ പുറത്തിറങ്ങിയ ഗദ്ദര്‍: ഏക് പ്രേം കഥ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഗദ്ദര്‍ 2. ആഗോളതലത്തില്‍ ചിത്രം ഇതിനോടകം 175.5 കോടി രൂപ കളക്റ്റ് ചെയ്തു.

ഓഗസ്റ്റ് 11നാണ് ഒഎംജി2 റിലീസ് ചെയ്തത്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകന്‍.

വമ്പന്‍ നേട്ടം കൈവരിച്ച് പിവിആര്‍ ഐനോക്‌സ്

ഓഗസ്റ്റ് 13ാം തീയതി ഞായറാഴ്ച ഒരൊറ്റ ദിവസം കൊണ്ട് എക്കാലത്തെയും ഉയര്‍ന്ന വരുമാനമാണ് നേടിയതെന്നു ഗുര്‍ഗാവ് ആസ്ഥാനമായ പിവിആര്‍ ഐനോക്‌സ് എന്ന മള്‍ട്ടിപ്ലെക്‌സ് ശൃംഖല അറിയിച്ചു. 12.8 ലക്ഷം പ്രേക്ഷകരെ രസിപ്പിക്കുകയും 39.5 കോടി രൂപ ബോക്‌സ് ഓഫീസ് വരുമാനം നേടുകയും ചെയ്തതായി പിവിആര്‍ ഐനോക്‌സ് പറഞ്ഞു.

കമ്പനിയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ വരുമാനം നേടിയ വാരാന്ത്യമായിരുന്നു ഓഗസ്റ്റ് 11-13 ലേതെന്നും അറിയിച്ചു.

റെക്കോഡ് വാരാന്ത്യ കളക്ഷന്‍ നേടിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിവിആര്‍ ഐനോക്‌സിന്റെ ഓഹരിമൂല്യം ഓഗസ്റ്റ് 14-നു നടന്ന വ്യാപാരത്തിനിടെ മൂന്ന് ശതമാനത്തോളമാണ് ഉയര്‍ന്നത്. ഓഗസ്റ്റ് 11ന് വ്യാപാരം ക്ലോസ് ചെയ്‌പ്പോള്‍ പിവിആര്‍ ഐനോക്‌സ് ഓഹരി വില 1,638.80 രൂപയായിരുന്നു.