image

9 Aug 2023 3:01 PM IST

Industries

മന്‍ഹട്ടനിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് മുകേഷ് അംബാനി വിറ്റു

MyFin Desk

mukesh ambani sold luxury apartment in manhattan
X

Summary

  • മുംബൈയിലെ ആന്റിലിയയിലാണ് മുകേഷ് അംബാനി താമസിക്കുന്നത്
  • 2,406 ചതുരശ്രയടിയില്‍ രണ്ട് കിടപ്പുമുറികളുള്ളതാണ് മന്‍ഹട്ടനിലെ മുകേഷ് അംബാനിയുടെ അപ്പാര്‍ട്ട്‌മെന്റ്


ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണു മുകേഷ് അംബാനി. 15,000 കോടി രൂപ വിലമതിക്കുന്ന ലോകത്തിലെ ഏറ്റവും മൂല്യമേറിയ റെസിഡന്‍ഷ്യല്‍ കെട്ടിടമായ മുംബൈയിലെ ആന്റിലിയയിലാണ് അദ്ദേഹം താമസിക്കുന്നത്. 27 നിലകളുള്ള ആന്റിലിയയില്‍ മൂന്ന് ഹെലിപാഡ്, 50 സീറ്റുകളുള്ള തിയേറ്റര്‍, 9 ഹൈ സ്പീഡ് എലിവേറ്റര്‍, 168 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ട്.

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെ ആന്റിലിയയിലാണു താമസിക്കുന്നത്. മുകേഷ് അംബാനിക്ക് ലോകമെമ്പാടും നിരവധി ആഡംബര സ്വത്തുക്കള്‍ ഉണ്ട്.

ഇത്തരത്തില്‍ ന്യൂയോര്‍ക്കിലെ മന്‍ഹട്ടനിലുള്ള ആഡംബര അപ്പാര്‍ട്ട്‌മെന്റ് മുകേഷ് അംബാനി 74.53 കോടി രൂപയ്ക്കു വിറ്റെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

2,406 ചതുരശ്രയടിയില്‍ രണ്ട് കിടപ്പുമുറികളുള്ളതാണ് മന്‍ഹട്ടനിലെ മുകേഷ് അംബാനിയുടെ അപ്പാര്‍ട്ട്‌മെന്റ്.

അപ്പാര്‍ട്ട്‌മെന്റില്‍ 3 കുളിമുറികളുണ്ട്. പ്രശസ്തമായ ഹഡ്‌സണ്‍ നദിയുടെ വ്യൂസും ലഭിക്കും. നോയിസ് പ്രൂഫ് വിന്‍ഡോ, കിച്ചണ്‍ എന്നിവയുമുണ്ട്.

അപ്പാര്‍ട്ട്‌മെന്റ് സ്ഥിതിചെയ്യുന്ന കെട്ടിടം 1919-ല്‍ നിര്‍മിച്ചതാണ്. ഇത് മുമ്പ് സുപ്പീരിയര്‍ ഇങ്ക് ഫാക്ടറി എന്നറിയപ്പെട്ടിരുന്നു.

2022-ല്‍ ദുബായിലെ ഏറ്റവും വിലകൂടിയ വില്ല 1000 കോടി രൂപയ്ക്ക് അംബാനി വാങ്ങിയിരുന്നു. കുവൈറ്റ് വ്യവസായി മുഹമ്മദ് അല്‍ഷയയുടെ കുടുംബത്തില്‍ നിന്നാണ് പാം ജുമൈറ മണിമാളിക മുകേഷ് അംബാനി വാങ്ങിയത്.

2022-ലെ ഏറ്റവും മൂല്യമേറിയ റിയല്‍ എസ്റ്റേറ്റ് ഇടപാട് എന്ന് അറിയപ്പെട്ട ഈ ഡീല്‍ അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിക്കു വേണ്ടിയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.