19 Aug 2023 12:12 PM GMT
Summary
- സംരംഭങ്ങള്‍ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ മാത്രമല്ല എല്ലാവരുടെയും കൂട്ടായ പിന്തുണ വേണമെന്നു മന്ത്രി
- എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുവെന്നു വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആരംഭിച്ച എം.എസ്.എം.ഇ ഹെല്‍പ് ഡെസ്‌ക്കിന്റെയും ടാക്സ് ഓഡിറ്റ് സംബന്ധിച്ച ഏകദിന സെമിനാറിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സംരംഭക വര്‍ഷത്തിന്റെ ഭാഗമായി ഇതുവരെ 1,39,000 സംരംഭങ്ങള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. 45,000 സ്ത്രീ സംരംഭങ്ങളും ആരംഭിച്ചു. സംരംഭകര്‍ക്കു മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് 4 ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പിലാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായ സ്ഥാപനങ്ങള്‍ക്കു വെല്ലുവിളിയായി കേരളത്തിലെ വ്യവസായിക മേഖല മാറുകയാണ്. ഇതിന് ഉദാഹരണമാണ് പുതിയതായി 1026 വെളിച്ചെണ്ണ മില്ലുകള്‍ ഇവിടെ ആരംഭിച്ചത്.
കേരള വ്യവസായ നയം 2023 ന്റെ ഭാഗമായി വ്യവസായങ്ങളുടെ വളര്‍ച്ച സാധ്യമാക്കുന്നതിനായി എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ് സിസ്റ്റം, ഭക്ഷ്യ സാങ്കേതിക വിദ്യകള്‍, ലോജിസ്റ്റിക്‌സ് ആന്‍ഡ് പാക്കേജിങ്ങ് എന്നിങ്ങനെ 22 മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും.
പുതിയ സംരംഭങ്ങള്‍ കേരളത്തിലേക്ക് കടന്നുവരുന്നത് അഭിമാനമാണ്. ഇത്തരം സംരംഭങ്ങള്‍ മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ മാത്രമല്ല എല്ലാവരുടെയും കൂട്ടായ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു
ടാക്സ് ഓഡിറ്റ് സംബന്ധമായ വിഷയങ്ങളെ കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരായ വി രാമനാഥ്, കെ ചൈതന്യ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
സംസ്ഥാനത്തെ എംഎസ്എംഇകള്‍ക്ക് ബിസിനസ് ആരംഭിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട എല്ലാവിധ സേവനങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വാണിജ്യ വകുപ്പും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് എം.എസ്.എം.ഇ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചിരിക്കുന്നത്.
പാലാരിവട്ടം റിനൈ കൊച്ചിന്‍ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) മാനേജിങ് ഡയറക്ടര്‍ എസ്.ഹരി കിഷോര്‍, ഐ.സി.എ.ഐ മുന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു എബ്രഹാം കള്ളിവയലില്‍, ഐ.സി.എ.ഐ എറണാകുളം ബ്രാഞ്ച് ചെയര്‍പേഴ്സണ്‍ ദീപ വര്‍ഗീസ്, ഐസിഎഐ എറണാകുളം ബ്രാഞ്ച് സെക്രട്ടറി എ.എസ്. ആനന്ദ് എന്നിവര്‍ സംസാരിച്ചു.