image

20 Oct 2023 12:55 PM GMT

Industries

ഐടിക്ക് പിന്നാലെ ലോഹ,ഖനന മേഖലകൾ; വരുമാന പ്രതീക്ഷ സമ്മിശ്രം

MyFin Desk

metals and mining sectors followed by it, earnings expectations are mixed
X

Summary

  • ഫെറസ് സ്ഥാപനങ്ങള്‍ മികച്ച പാദഫലം കാണിക്കാനുള്ള സാധ്യത ഏറെയാണ്
  • നോൺ-ഫെറസ് നിർമാണ കമ്പനികളുടെ പാദ ഫലത്തിൽ ഇടിവ് കണ്ടേക്കാം


സെപ്റ്റംബർ പാദത്തിൽ ലോഹ കമ്പനികളുടെ വരുമാനം പൊതുവില്‍ സമ്മിശ്ര തലത്തിലാകുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കോക്കിംഗ് കൽക്കരിയുടെ വില കുറയുന്നതിന്‍റെ ഫലമായി സ്റ്റീൽ മേഖല ഉത്പാദനച്ചെലവില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. സ്റ്റീൽ വിലയെയും ഇത് ബാധിച്ചിരുന്നു.

പ്രവർത്തന ചെലവിൽ വന്ന മാറ്റങ്ങൾ ഫെറസ് സ്ഥാപനങ്ങള്‍ മികച്ച പാദഫലം കാണിക്കാനുള്ള സാധ്യത ഏറെയാണ്. നോൺ-ഫെറസ് നിർമാണ കമ്പനികൾ രേഖപ്പെടുത്തിയ കുറഞ്ഞ അളവും വിലയും കാരണം പാദ ഫലത്തിൽ ഇടിവ് കണ്ടേക്കാമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെട്ടു.

ഫെറസ് മെറ്റൽസ്

ഇരുമ്പ്, ഉരുക്ക് കമ്പനികൾ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 6 ശതമാനം മുതൽ 16 ശതമാനം വരെ വളർച്ച രേഖപ്പെടുത്തുമെന്ന് വിശകലന വിദഗ്ധർ. വിപണിയിൽ ദുർബലമായ സമയമായിരിന്നിട്ടും കുറഞ്ഞ സ്‌പോട്ട് വിലകളും മുൻ കാലയളവിനെ അപേക്ഷിച്ച് ഉയർന്ന വിലയുള്ള കയറ്റുമതിയും കാരണം ശരാശരി വിൽപ്പന വിലയിൽ ടണ്ണിന് 2,500-3,000 രൂപ വരെ ഇടിവ് നേരിടേണ്ടി വന്നിരുന്നു. ഫെറസ് കമ്പനികൾക്കിടയിൽ, നീളമുള്ള സ്റ്റീലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് ഫ്ലാറ്റ് സ്റ്റീൽ കൈകാര്യം ചെയ്യുന്നവരെ അപേക്ഷിച്ച് വിൽപ്പന വിലയിൽ കുറവുണ്ടായിട്ടുണ്ട്.

കോക്കിംഗ് കൽക്കരി വില കുറഞ്ഞത് നിർമാണ ചെലവ് കുറച്ചെങ്കിലും, ശരാശരി വിൽപ്പന വിലയിൽ കുറവുണ്ടാക്കി. സെപ്റ്റംബർ പാദത്തിൽ, ലോംഗ് സ്റ്റീലിന്റെ വില 3,000 രൂപ കുറഞ്ഞു. ശരാശരി കോക്കിംഗ് കൽക്കരി വില പാദത്തിൽ 45-55 ഡോളർ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇരുമ്പയിര് വില 400 രൂപ കുറഞ്ഞു.

അനലിസ്റ്റുകളുടെ നിഗമനത്തിൽ സെയിൽ 16 ശതമാനം എന്ന ഏറ്റവും ഉയർന്ന വിൽപ്പന വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്, അതേസമയം ജിൻഡാൽ സ്റ്റീൽസ് ഏകദേശം 6 ശതമാനം എന്ന കുറഞ്ഞ വളർച്ചയാകും രേഖപ്പെടുത്തുക. ടാറ്റ സ്റ്റീൽ സ്റ്റാൻഡ്‌ലോൺ ബിസിനസിൽ 1.5 ശതമാനത്തിന്റെ നേരിയ ഇടിവും യൂറോപ്യൻ ബിസിനസിൽ 10 ശതമാനം ഇടിവും മുന്‍പാദത്തെ അപേക്ഷിച്ച് റിപ്പോർട്ട് ചെയ്യാനാണ് സാധ്യത.

നോൺ ഫെറസ് മെറ്റൽസ്

നോൺ-ഫെറസ് മെറ്റൽ കമ്പനികളുടെ ലാഭക്ഷമത കുറയുമെന്ന് വിലയിരുത്തുന്നു.സെപ്തംബർ പാദത്തിൽ, എൽഎംഇ അലുമിനിയം, സിങ്ക് എന്നിവ 5 ശതമാനം ഇടിവ് രേഖപ്പെടുത്തി, അതേസമയം ലെഡ് 3 ശതമാനം വർദ്ധിച്ചു. ക്രൂഡ് ഓയിൽ മുൻ പാദത്തെ അപേക്ഷിച്ച് 10 ശതമാനം വർദ്ധിച്ചു. കൂടാതെ, ഈ കാലയളവിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 1 ശതമാനം ഇടിഞ്ഞു. ഈ മേഖലയിലെ മിക്ക കമ്പനികളും അവരുടെ ഉൽപ്പാദനച്ചെലവ് (സിഒപി) 2-5 ശതമാനം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുറഞ്ഞ വിൽപ്പന വില കാരണം ഹിൻഡാൽകോയുടെ ഇന്ത്യയിലെ അലുമിനിയം പ്രവർത്തനങ്ങളുടെ എബിറ്റ്ഡ ടണ്ണിന് 3.7 ശതമാനം കുറഞ്ഞ് 705 ഡോളറാകാന്‍ സാധ്യതയുണ്ട്. നോവെലിസിന്റെ വില്‍പ്പന അളവില്‍ 3.4 ശതമാനം വർധനയ്ക്കാണ് സാധ്യത. എബിറ്റ്ഡ ടണ്ണിന് 2.9 ശതമാനം ഇടിഞ്ഞ് 465 ഡോളറിലെത്തുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.

മൈനിങ്

ഖനന മേഖലയിൽ, ഇരുമ്പയിര് വില10 ശതമാനം വാര്‍ഷിക വളര്‍ച്ചയും വില്‍പ്പന അളവ് 15 ശതമാനം വാര്‍ഷിക വളര്‍ച്ചയും കൈവരിച്ചതിന്‍റെ ഫലമായി രണ്ടാം പാദത്തിലെ പ്രവര്‍ത്തന ലാഭം ഉയരുമെന്നാണ് കണക്കാക്കുന്നത്.

കോൾ ഇന്ത്യ വാർഷികാടിസ്ഥാനത്തിൽ ഉയർന്ന ലാഭം റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്, വർദ്ധിച്ച വില്‍പ്പ അളവുകളും ഫോർവേഡ് സെയിൽസ് കരാറുകളും (എഫ്എസ്എ) ഈ വര്‍ധനയ്ക്കുള്ള കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നിരുന്നാലും, പ്രാഥമികമായി ഇ-ലേല പ്രീമിയത്തിലെ സ്റ്റീലിന്‍റെ ഇടിവ് മൂലം ബ്ലെൻഡഡ് റിയലൈസേഷനിൽ നേരിയ കുറവുണ്ടാകും.