3 Nov 2023 9:09 AM
Summary
കോള്‍ ഇന്ത്യാ ലിമിറ്റഡിന്‍റെ ഉൽപ്പാദനം 15.36 ശതമാനം വർധിച്ചു
ഒക്ടോബറിൽ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനം 18.59 ശതമാനം വർധിച്ച് 78.65 ദശലക്ഷം ടൺ (എംടി) ആയി. മുന്‍ സാമ്പത്തിക വർഷം ഇതേ മാസത്തിൽ 66.32 എംടി ഉല്‍പ്പാദനമാണ് നടന്നിരുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യാ ലിമിറ്റഡിന്‍റെ (സിഐഎല്‍) കൽക്കരി ഉൽപ്പാദനം 15.36 ശതമാനം വർധിച്ച് 61.07 എംടി ആയി. 2022 ഒക്റ്റോബറില്‍ ഇത് 52.94 എംടി ആയിരുന്നുവെന്നും കൽക്കരി മന്ത്രാലയം വ്യക്തമാക്കുന്നു.ആഭ്യന്തര കൽക്കരി ഉൽപാദനത്തിന്റെ 80 ശതമാനവും സിഐഎൽ ആണ് സംഭാവന ചെയ്യുന്നത്.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഉൽപ്പാദനം 507.02 എംടി ഉയർന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 448.49 എംടി ആയിരുന്നു. മുന്‍ വര്‍ഷം ഒക്ടോബറിലെ 67.13 എംടി-യില്‍ നിന്ന് കൽക്കരി കയറ്റുമതി കഴിഞ്ഞ മാസം 79.30 മെട്രിക് ടണ്ണായി ഉയർന്നു.
കൽക്കരി ഉൽപ്പാദനത്തിലും വിതരണത്തിലുമുള്ള കുതിച്ചുചാട്ടം രാജ്യത്തിന്റെ ഊർജ സ്വയംപര്യാപ്തതയ്ക്കും ഊര്‍ജ്ജ ആവശ്യകത നിറവേറ്റാനുള്ള തങ്ങളുടെ പ്രതിബദ്ധതയ്ക്കും തെളിവാണെന്ന് കല്‍ക്കരി മന്ത്രാലയം പറയുന്നു.