29 Jan 2024 7:30 AM GMT
Summary
- കല്‍ക്കരി പൂര്‍ണ്ണായും വേര്‍തിരിച്ചെടുത്ത ഖനികളിലാകും പദ്ധതികള്‍ ആരംഭിക്കുന്നത്.
- വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സിന്റെ ആസ്തികളുടെ പരമാവധി ഉപയോഗം ലക്ഷ്യമിട്ടാണ് ഈ നീക്കം.
- 100 കോടി രൂപ മുതല്‍മുടക്കില്‍ ചെറുകിട ഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കും
ആസ്തികളുടെ പരമാവധി വിനിയോഗത്തിനായി ഹരിത പദ്ധതികള്‍ സ്ഥാപിക്കാനൊരുങ്ങി കോള്‍ ഇന്ത്യയും അനുബന്ധ സ്ഥാപനമായ വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സും. കല്‍ക്കരി പൂര്‍ണ്ണായും വേര്‍തിരിച്ചെടുത്ത ഖനികളിലാകും പദ്ധതികള്‍ ആരംഭിക്കുന്നത്. മധ്യപ്രദേശിലെ ചിന്ദ്വാര പെഞ്ച് പ്രദേശത്ത് ഹരിത പദ്ധതികള്‍ സ്ഥാപിക്കുന്നതിനായി അഞ്ചോളം പ്രവര്‍ത്തന രഹിതമായ ഖനികള്‍ കണ്ടെത്തിയതായി കേന്ദ്ര കല്‍ക്കരി സെക്രട്ടറി അമിത് ലാല്‍ മീണ വ്യക്തമാക്കിയിട്ടുണ്ട് കല്‍ക്കരി പൂര്‍ണ്ണമായും വേര്‍തിരിച്ചെടുത്ത കല്‍ക്കരി രഹിത ഭൂമിയില്‍ കോള്‍ ഇന്ത്യ സംയോജിത സോളാര്‍, പമ്പ് സംഭരണ പദ്ധതികള്‍ സ്ഥാപിക്കും.
വെസ്റ്റേണ്‍ കോള്‍ഫീല്‍ഡ്‌സിന്റെ ആസ്തികളുടെ പരമാവധി ഉപയോഗം ലക്ഷ്യമിട്ടാണ് ഈ നീക്കം. ചിന്ദ്വാര പെഞ്ച് പ്രദേശത്ത് കണ്ടെത്തിയ പഴയ ഖനികളില്‍ സംയോജിത സൗരോര്‍ജ്ജ, ജലവൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുമെന്നാണ് കേള്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളത്.
വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ്' വഴി കല്‍ക്കരി വാതകവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായും മീണ അറിയിച്ചു. കല്‍ക്കരി വാതകവല്‍ക്കരണത്തിന് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കല്‍ക്കരി ഗ്യാസിഫിക്കേഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്വകാര്യ മേഖലയിലെ സംരംഭങ്ങള്‍ക്ക് 1000 കോടി രൂപ അല്ലെങ്കില്‍ പദ്ധതി ചെലവിന്റെ 15 ശതമാനം അല്ലെങ്കില്‍ ഇതില്‍ ഏതാണ് കുറവ് എന്ന് കണക്കാക്കിയാകും ധനസഹായം. 100 കോടി രൂപ മുതല്‍മുടക്കില്‍ ചെറുകിട ഗ്യാസിഫിക്കേഷന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ സംരംഭകര്‍ക്ക് പദ്ധതി ചെലവിന്റെ 15 ശതമാനം വയബിലിറ്റി ഗ്യാപ് ഫണ്ടിംഗും അനുവദിക്കും.