15 April 2024 10:16 AM GMT
Summary
- 2024 മലയാള സിനിമയ്ക്ക് വിജയത്തിന്റെ സുവർണ്ണ വർഷം
- കെട്ടിലും മട്ടിലും, ബോക്സ് ഓഫീസിലും വലിയ മാറ്റങ്ങൾ
- രണ്ടിൽ ഒന്ന് കൽപ്പിച്ച് തന്നെ മലയാള സിനിമ ഉഷാറാകുകയാണ്
2024 മലയാള സിനിമയ്ക്ക് സുവർണ്ണ വർഷമായി മാറിക്കൊണ്ടിരിക്കുകയാണ്. കെട്ടിലും മട്ടിലും, ബോക്സ് ഓഫീസിലും വലിയ മാറ്റങ്ങൾ കാഴ്ച്ച വെച്ചിരിക്കുകയാണ് പുതിയ മലയാള സിനിമകൾ.
2023 ൽ തീയേറ്ററുകളിലും, ഒടിടി യിലും ആയി ആകെ 246 സിനിമകൾ ആണ് റിലീസ് ആയത്. അതിൽ പല സിനിമകളും മുടക്കിയ മുതൽ പോലും കിട്ടാതെ പെട്ടിയിലായി. 2023 ൽ ആകെ ബോക്സ് ഓഫീസ് വിജയം കണ്ടത് 2018, നേര്, ആർഡിഎക്സ്, കണ്ണൂർ സ്‌ക്വാഡ്, രോമാഞ്ചം എന്നീ ബ്ലോക്ക് ബസ്റ്റർ മൂവീസ് ആണ്. എന്നാൽ ഇതിനെ മുഴുവനും മറി കടക്കുന്നതാണ് 2024 ലെ ആദ്യ മാസങ്ങളിൽ തന്നെ പുറത്തിങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകളിലൂടെ മലയാള സിനിമ കണ്ട വിജയം. ഇനി പിന്നോട്ടില്ല എന്ന് പറഞ്ഞ്, രണ്ടിൽ ഒന്ന് കൽപ്പിച്ച് തന്നെ മലയാള സിനിമ ഉഷാറാകുകയാണ്. കോടികളുടെ വിജയ കൊടി പറപ്പിച്ച ആ സിനിമകൾ ഏതൊക്കെ എന്ന് നോക്കാം.
പറവ ഫിലിംസിന്റെ മഞ്ഞുമ്മൽ ബോയ്സ് 240 കോടി
ചിദംബരം രചനയും സംവിധാനവും നിർവഹിച്ച് 2024-ൽ പുറത്തിറങ്ങിയ ഒരു ത്രില്ലർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. പറവ ഫിലിംസിന് വേണ്ടി ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആൻ്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരികുന്നത്. ഒരു കൂട്ടം സുഹൃത്തുക്കളുടെ വിനോദ യാത്രയിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാകുന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എസ് പൊതുവാൾ, ലാൽ ജൂനിയർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ, ചന്തു സലിംകുമാർ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 2023 ജനുവരിയിൽ കൊടൈക്കനാലിൽ ആരംഭിച്ച് ഒന്നിലധികം ഷെഡ്യൂളുകളിലായി 101 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഇരുപത് കോടി (20 Crore) ബഡ്ജറ്റിൽ നിർമിച്ച ചിത്രം ഇത് വരെ ബോക്സ് ഓഫീസിൽ നേടിയത് ഇരുനൂറ്റി നാൽപ്പത് കോടി (240 Crore) ആണ്.
പ്രേമലു 136 കോടി
ഭാവന സ്റ്റുഡിയോസിൻ്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ഗിരീഷ് എ ഡി രചനയും സംവിധാനവും നിർവ്വഹിച്ച 2024-ലെ മലയാളം റൊമാൻ്റിക് കോമഡി ചിത്രമാണ് പ്രേമലു. ഈ ചിത്രത്തിൽ നസ്ലെൻ കെ. ഗഫൂർ, മമിതാ ബൈജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിന് ലഭിച്ചത്. വളരെ ചുരുങ്ങിയ ബജറ്റിൽ കേവലം ഒമ്പത് കോടി (9 Crore) ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. നൂറ്റി മുപ്പത്താറു കോടി (136 Crore) ആണ് പ്രേമലു നേടിയ ബോക്സ് ഓഫീസ് കളക്ഷൻ. ആന്ധ്രയിലും, തെലുങ്കാനയിലും ചിത്രത്തിൻറെ തെലുങ്ക് ഡബ്ബ് വേർഷൻ നേടിയത് പതിനഞ്ചു കോടിയിലധികം (15 Crore) രൂപയാണ്. ഡിസ്നി ഹോട്ട് സ്റ്റാർ ആണ് പ്രേമലു ഒടിടി റിലീസ് ചെയ്തിരിക്കുന്നത്.
ആട് ജീവിതം 130 കോടി
ഇപ്പോഴും ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കാഴ്ച്ച വെയ്ക്കുന്ന ആട് ജീവിതം ആഗോള ബോക്സ് ഓഫീസിൽ ഇത് വരെ 130 കോടിയിൽ അധികം കളക്ഷൻ നേടിയിട്ടുണ്ട്. എൺപത്തി രണ്ട് കോടി ( 82 Crore) ബഡ്ജറ്റിൽ ആണ് ചിത്രം നിർമിച്ചിട്ടുള്ളത്. ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറക്കിയ ആടുജീവിതം വളരെ പെട്ടന്ന് തന്നെ 50 കോടി, 100 കോടി ക്ലബ്ബുകളിലെത്തിരുന്നു. അതെ സമയം ഏറെ ചർച്ച ചെയ്യപ്പെടുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ചിട്ടുള്ളതാണ്. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്യാമറ കെ. യു. മോഹനനും, ശബ്ദമിശ്രണം നിർവഹിച്ചത് റസൂൽ പൂക്കുട്ടിയും ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും, ഗാനങ്ങളും ഒരുക്കിയത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്. വിഷ്വൽ റൊമാൻസ്, ഇമേജ് മേക്കേഴ്‌സ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, കെ ജി എ ഫിലിംസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നീ പ്രൊഡക്ഷൻ കമ്പനീസ് ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കളക്ഷനിൽ മുന്നിൽ നിൽക്കുന്ന മഞ്ഞുമ്മൽ ബോയ്‍സിന്റെ റെക്കോർഡ് ആടുജീവിതം തകർക്കുമോ എന്ന് പ്രതീക്ഷയുണ്ട്.
ബ്രഹ്മയുഗം 86 കോടി
2024 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ഒരു ഡാർക്ക് ഫാൻ്റസി ഹൊറർ ചിത്രമാണ് ബ്രഹ്മയുഗം: ദി ഏജ് ഓഫ് മാഡ്‌നെസ്. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വൈ നോട്ട് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ പ്രദർശിപ്പിച്ച ചിത്രത്തിലെ മമ്മൂട്ടിയുടെ മാന്ത്രികനായ കൊടുമൺ പോറ്റി എന്ന കഥാപാത്രവും, അർജുൻ അശോകൻ, സിദ്ധാർഥ് ഭരത് എന്നിവരുടെ പ്രകടനവും പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി. ബ്രഹ്മയുഗം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് എൺപത്തി ആറ് കോടി (86 Crore) ആണ്. 30 കോടി രൂപയ്ക്ക് സോണി ഭ്രമയുഗത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കി. മറ്റ് ഭാഷകളിലും ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്. 27.73 കോടി ബഡ്ജറ്റിൽ നിർമിച്ച ചിത്രം പ്രദർശിപ്പിച്ച ആദ്യ ദിനം തന്നെ കേരളത്തിൽ 3 കോടി കളക്ഷൻ നേടുകയും, ആദ്യ വാരാന്ത്യത്തിൽ ആഗോളതലത്തിൽ 32 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തിരുന്നു.
എബ്രഹാം ഓസ്‍ലെർ 40.53 കോടി
മിഥുൻ മാനുവൽ തോമസ് സഹനിർമ്മാണവും സംവിധാനവും നിർവ്വഹിച്ച് ചിത്രീകരിച്ച 2024 ലെ ക്രൈം ത്രില്ലർ ചിത്രമാണ് എബ്രഹാം ഓസ്‌ലർ. ചിത്രത്തിൽ ജയറാമിനൊപ്പം മമ്മൂട്ടി, അനശ്വര രാജൻ, അനൂപ് മേനോൻ, ദിലീഷ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു പരമ്പര കൊലയാളിയെ പിടികൂടാനുമുള്ള എസിപി എബ്രഹാം ഓസ്‌ലറുടെ ശ്രമങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം. പ്രേകഷകരുടെ ഭാഗത്ത് നിന്ന് നല്ല പ്രതികരണം ആണ് സിനിമയ്ക്ക് ലഭിച്ചത്. മാന്വൽ മൂവി മേക്കേഴ്‌സ്, നേരമ്പോക്ക് എന്നിവരാണ് പ്രൊഡക്ഷൻസ് കൈകാര്യം ചെയ്തത്. ആറ് കോടി (6 Crore) ബഡ്ജറ്റിൽ നിർമിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും നാൽപ്പത് കോടി (40 Crore) കളക്ഷൻ നേടി.
അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി
2024-ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ ത്രില്ലർ മൂവി ആണ് അന്വേഷിപ്പിൻ കണ്ടെത്തും. നാൽപ്പത് കോടി (40 Crore ) ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയ ചിത്രം എട്ട് കോടി (8 Crore) ബജറ്റിൽ ആണ് നിർമ്മിച്ചിട്ടുള്ളത്. ഡാർവിൻ കുര്യാക്കോസ് ആണ് സംവിധാനം. കേരളത്തിൽ നടന്ന ഒരു യാതാർത്ഥ കൊലപാതക കേസിന്റെ കഥ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ് പോലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക പിന്തുണ ആണ് ലഭിച്ചത്. യൂഡിലീ ഫിലിംസ്, തീറ്ററെ ഓഫ് ഡ്രീംസ് എന്നീ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം പൂർത്തിയാക്കിയത്.
അതെ സമയം, കഴിഞ്ഞ ആഴ്ച്ച, ഫെസ്റ്റിവൽ റിലീസിൽ പുറത്തിറങ്ങിയ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ആവേശവും, പ്രണവ് മോഹൻലാൽ, ധ്യാൻ എന്നിവർ അഭിനയിച്ച് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കു ശേഷവും ആണ് ബോക്സ് ഓഫ്‌സിൽ തരംഗം സൃഷിട്ടിക്കുന്ന ഏറ്റവും പുതിയ സിനിമകൾ. ആഗോള ബോക്സസ് ഓഫീസിൽ നിന്ന് ഇരു ചിത്രങ്ങളും ആദ്യ ദിനം തന്നെ 10 കോടി വീതം നേടി.