image

24 April 2023 3:39 PM GMT

Industries

എൽഐസിയുടെ മൊത്തം പ്രീമിയം 17% ഉയർന്ന് 2.32 ലക്ഷം കോടി രൂപ

MyFin Desk

lics total premium rose
X

Summary

  • മാര്‍ച്ച് അവസാനത്തില്‍ 62.58% വിപണി വിഹിതം എല്‍ഐസിക്ക്
  • ഏറ്റവും ഉയര്‍ന്ന വളര്‍ച്ച എച്ച്ഡിഎഫ്‍സി ലൈഫിന്
  • വ്യക്തിഗത വിഭാഗത്തിലെ എൽഐസിയുടെ പ്രീമിയം 10,000 കോടി കവിഞ്ഞു


2022-23 സാമ്പത്തിക വർഷത്തിൽ മൊത്തം പ്രീമിയം 17 ശതമാനം ഉയർന്ന് 2.32 ലക്ഷം കോടി രൂപയിലെത്തിയെന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) പ്രഖ്യാപിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1.99 ലക്ഷം കോടി രൂപയായിരുന്നു മൊത്തം പ്രീമിയം.സമാഹരിച്ച പ്രീമിയത്തിന്റെ അടിസ്ഥാനത്തിൽ, 2023 മാർച്ച് അവസാനത്തില്‍ 62.58 ശതമാനം വിപണി വിഹിതമാണ് എല്‍ഐസിക്ക് ഉള്ളത്.

നോൺ-ലിങ്ക്ഡ് പോളിസികൾക്കുള്ള നികുതി ഇളവുകൾ ഏപ്രിൽ 1-ന് പിൻവലിക്കുന്നതിന് മുന്നോടിയായി പോളിസികള്‍ വാങ്ങിക്കുന്നതിനുള്ള ഉപഭോക്തൃ തിരക്ക് കാരണം സ്വകാര്യ ഇൻഷുറൻസ് കമ്പനികളും മാർച്ചിൽ ഗണ്യമായ തുക പ്രീമിയം ശേഖരിച്ചുവെന്ന് ലൈഫ് ഇൻഷുറൻസ് കൗൺസിൽ ഡാറ്റ വ്യക്തമാക്കുന്നു.

എച്ച്ഡിഎഫ്‍സി ലൈഫ് 18.83 ശതമാനവും എസ്ബിഐ ലൈഫ് 16.22 ശതമാനവും ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി 12.55 ശതമാനവും വളര്‍ച്ച പ്രീമിയം സമാഹരണത്തില്‍ നേടി.

വ്യക്തിഗത സിംഗിൾ പ്രീമിയത്തില്‍ എൽഐസി 3.30 ശതമാനവും വ്യക്തിഗത നോൺ-സിംഗിൾ പ്രീമിയത്തില്‍ 10 ​​ശതമാനവും വളർച്ച നേടി, ഗ്രൂപ്പ് സിംഗിൾ പ്രീമിയം 21.76 ശതമാനം വർധിച്ച് 1,37,350.36 കോടി രൂപയിൽ നിന്ന് 1,67,235 കോടി രൂപയായി.

2023 മാർച്ചിൽ, വ്യക്തിഗത വിഭാഗത്തിനായുള്ള എൽഐസിയുടെ പ്രീമിയം 10,000 കോടി കവിഞ്ഞു. എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളിലും വെച്ച് ഏറ്റവും ഉയർന്നതാണിത്. എച്ച്‌ഡിഎഫ്‌സി ലൈഫ്, എസ്‌ബിഐ ലൈഫ്, ടാറ്റ എഐഎ ലൈഫ് എന്നിവ യഥാക്രമം 2,989.17 കോടി രൂപ, 2,318.77 കോടി രൂപ, 1,884.41 കോടി രൂപ എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ സമാഹരിച്ചിട്ടുള്ളത്.