16 Sep 2024 7:13 AM GMT
Summary
- മുപ്പത് സൂചികകളിൽ ഒമ്പത് എണ്ണത്തിൽ ആണ് കേരളം ഒന്നാമത് എത്തിയത്
- അടുത്ത ലക്ഷ്യം നിക്ഷേപ സംഗമത്തിലൂടെ പരമാവധി നിക്ഷേപം കൊണ്ട് വരുക
- നേച്ചർ, പീപ്പിൾ, ഇൻഡസ്ട്രി എന്നതാണ് കേരളത്തിലെ വ്യാവസായിക നയം
ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമായി കേരളം. 2022-ലെ വ്യവസായ മന്ത്രാലയത്തിൻ്റെ വ്യാവസായിക പരിഷ്‌കരണ ആക്ഷൻ പ്ലാനിന് കീഴിലുള്ള ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിഗിൽ കേരളം ഒന്നാം സ്ഥാനത്തെത്തി. 95 ശതമാനത്തിലധികം റേറ്റിംഗ് നേടി ചരിത്രത്തിലാദ്യമായാണ് രാജ്യത്തെ ബിസിനസ് സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തുന്നത്. മുപ്പത് സൂചികകളിൽ ഒമ്പത് എണ്ണത്തിൽ ആണ് കേരളം ഒന്നാമത് എത്തിയത്. ആന്ധ്രാപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ത്രിപുര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ആണ് റാങ്കിങ്ങിൽ കേരളത്തിന് തൊട്ടുപിന്നിൽ. അതേസമയം, അരുണാചൽ പ്രദേശ്, തെലങ്കാന, പഞ്ചാബ്, പുതുച്ചേരി എന്നിവയാണ് ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ. ഇന്ത്യയിലെ വ്യവസായ രംഗത്ത് ഏറ്റവും മുന്നിൽ നിന്നരുന്ന ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവരെ പിന്നിലാക്കി കേരളം നേടിയത് ചരിത്ര നേട്ടമാണ്.
ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് എന്നത് ഒരു സംസ്ഥാനം വ്യാപാരം നടത്തുന്നതിന് എത്രമാത്രം അനുകൂലമായ അന്തരീക്ഷം നൽകുന്നു എന്നതിനെ അളക്കുന്ന ഒരു സൂചകമാണ്. കൂടാതെ സംരംഭകരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലുമാണ് ഈ റേറ്റിംങ് നിശ്ചയിച്ചത്.
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് (ഇഡിബി) എന്നതിന്റെ അടിസ്ഥാനത്തിൽ റാങ്കിങ് ചെയ്യപ്പെടുന്നു. ഇത് 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായുള്ള ബിസിനസ് റിഫോം ആനുവൽ ആക്ഷൻ പ്ലാനിൽ (BRAP) പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള പൂർത്തിയാക്കിയ നടപടികളുടെ ശതമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. 2015 മുതൽ ലോകബാങ്ക് ഈ റാങ്കിങ് നടത്തിവരുന്നു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന് റാങ്കിന് സഹകരണം നൽകുന്നു.
വ്യാവസായിക പരിഷ്കരണ കർമപദ്ധതി പ്രകാരം ഓരോ സംസ്ഥാനങ്ങളും സ്വീകരിച്ച നടപടികൾ കണക്കിലെടുത്താണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പട്ടിക തയ്യാറാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പരിഗണിച്ച 30 സൂചികകളിൽ ഒമ്പതിലും കേരളം ഒന്നാമത് എത്തി. 95% ലേറെ മാര്‍ക്ക് ലഭിച്ച സംസ്ഥാനങ്ങളാണ് ടോപ്പ് പെര്‍ഫോര്‍മര്‍ പട്ടികയില്‍ ഇടം നേടിയത് ഇതിൽ ടോപ് അച്ചീവറായി ഒന്നാം സ്ഥാനമാണ് കേരളം കൈവരിച്ചിട്ടുള്ളത്. കേരളം ബിസിനസ് ചെയ്യാൻ നല്ലതല്ലെന്ന് തെളിയിക്കാൻ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചിക പണ്ട് ഉപയോഗിച്ചിരുന്നു. ഇന്ന് കേരളം അതേ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
വ്യാവസായിക പൗരസേവന പരിഷ്കാരങ്ങൾ, യൂട്ടിലിറ്റി പെർമിറ്റുകളുടെ വിതരണം, നികുതി അടവ് പരിഷ്കാരങ്ങൾ, ഓൺലൈൻ ഏകജാലക സംവിധാനം, നഗര തദ്ദേശ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണ പ്രക്രിയ ലളിതമാക്കൽ, റവന്യൂ വകുപ്പ് നൽകുന്ന സർട്ടിഫിക്കറ്റുകൾ, മികച്ച പൊതുവിതരണ സംവിധാനം-ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ്, മികച്ച ഗതാഗത സംവിധാനം, എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ച് പ്രവർത്തനങ്ങൾ എന്നീ ഒൻപത് മേഖലകളിലാണ് കേരളം ഒന്നാമതെത്തിയത്. ഇതിൽ ഏഴെണ്ണം സിറ്റിസൺ സെന്ററിക് റീഫോംസും രണ്ടെണ്ണം ബിസിനസ് സെന്ററിക് റീഫോംസും ആണ്.
ഇപ്പോൾ കിട്ടിയ അംഗീകാരം നിലനിർത്തുകയും, മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം എന്നും, ഇപ്പോൾ അവസ്ഥ മാറിയെന്നും കൊച്ചിയിലും, തിരുവന്തപുരത്തും മാത്രമല്ല വികസനം നടക്കുന്നത് കേരളം മൊത്തം വികസിക്കുകയാണ് എന്നും വ്യവസായ മന്ത്രി പി രാജീവ് പരാമർശിച്ചു. കേരളം പൊതുവെ വികസനത്തിന്റെ പാതയിൽ ആണ്, എല്ലായിടത്തും സാധ്യതകൾ ഉണ്ട്, ഓരോ പ്രദേശത്തെയും സവിശേഷതകൾ വളർച്ചയ്ക്കായി ഉപയോഗിക്കും. കൂടാതെ വ്യവസായം നടത്താൻ എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യമാണെന്നും, ഒത്തൊരുമയുടെ ഫലമാണ് ലഭിച്ച അംഗീകാരം എന്നും മന്ത്രി കൂട്ടി ചേർത്തു.
കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ ചേര്‍ന്ന വ്യവസായ മന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിന് പുരസ്‌കാരം നൽകിയത്. അഭിമാനനേട്ടമെന്നും, ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിൽ കൈവരിച്ച നേട്ടം കേരളത്തിന്‍റെ വികസന മുന്നേറ്റത്തിന് ഊർജ്ജമാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
നൂതനമായ പരിഷ്‌കാരങ്ങൾ, പുതിയ വ്യവസായങ്ങൾ തുടങ്ങുന്നതിനുള്ള പ്രക്രിയകളുടെ ഏകോപനം, വ്യവസായികൾക്കും പൗരന്മാർക്കും നൽകുന്ന സേവനങ്ങൾ, സർക്കാരിൻ്റെ കാര്യക്ഷമമായ സംരംഭ സൗഹൃദ പ്രവർത്തങ്ങൾ എന്നിവയിലൂടെ സംരംഭകർക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കിയത് വഴിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. ഈ മേഖലകളിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി വൻ മാറ്റങ്ങൾ കൊണ്ടു വന്നു എന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് പട്ടികയിൽ 2020 ൽ കേരളം 28-ാം സ്ഥാനത്തായിരുന്നു. ടോപ് അച്ചീവേഴ്സിൽ ടോപ് അച്ചീവ്‌റാണ് കേരളം എന്ന് മന്ത്രി.
കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ അംഗീകാരവും ലോജിസ്റ്റിക്‌സ് നയം പ്രഖ്യാപിച്ചതും കേരളത്തിലെ വ്യവസായ കുതിച്ചു ചാട്ടത്തിന് മാറ്റുരച്ചു. അഭൂതപൂർവമായ വ്യാവസായിക വികസനമാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. സ്ത്രീ പങ്കാളിത്തത്തിന് പ്രാധാന്യം നൽകികൊണ്ട് ദേശീയതലത്തിൽ ബെസ്‌റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ കേരളത്തിന്റെ സംരംഭക വർഷം പദ്ധതിയിലൂടെ രണ്ട് വർഷത്തിനുള്ളിൽ 2.75 ലക്ഷം സംരംഭങ്ങൾ ആരംഭിച്ചു, ഇതിലൂടെ 16,000 കോടിയുടെ നിക്ഷേപവും അഞ്ചരലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. നേച്ചർ, പീപ്പിൾ, ഇൻഡസ്ട്രി എന്നതാണ് കേരളത്തിലെ വ്യാവസായിക നയം. അതായത് പ്രകൃതിക്കും, ജെൻഡർ ഇക്വാലിറ്റി, കൂടാതെ ക്വാളിറ്റിക്കും പ്രാധാന്യം കൊടുത്തു കൊണ്ടാണ് കേരളത്തിന്റെ വ്യാവസായികനയം മുന്നോട്ടു പോകുന്നത്.
മീറ്റ് ദി ഇൻവെസ്‌റ്റർ പ്രോഗ്രാമിന് കീഴിൽ 11,000 കോടി രൂപയുടെ നിക്ഷേപമാണ് കേരളത്തിന് ലഭിച്ചത്. ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. ഐബിഎം പോലുള്ള ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നു. രാജ്യത്തിന്റെ തന്നെ വികസന കവാടമായ വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി. ആദ്യമായി സ്വകാര്യ വ്യവസായ പാർക്കുകളും, കാമ്പസ് വ്യവസായ പാർക്കുകളും തുടങ്ങി.1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്ന മെഗാ ഫുഡ് പാർക്ക് പ്രവർത്തനം ആരംഭിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുത്ത് പുതിയ വ്യവസായങ്ങൾ ആരംഭിച്ചു. സുഗന്ധവ്യഞ്ജന പാർക്കിൻ്റെ നിർമാണം ആരംഭിച്ചു. 1200 കോടിയുടെ പെട്രോകെമിക്കൽ പാർക്ക് പൂർത്തിയാകുന്നു. ഇങ്ങനെ കേരളം പിന്നിട്ട നാഴികക്കല്ലുകൾ ലോക ശ്രദ്ധ നേടിയെടുക്കുന്നതാണ്.
വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ നടത്തിയ വിവിധ വ്യവസായ-സംരംഭക വികകസന നയങ്ങളും, പദ്ധതികളും കുറഞ്ഞ കാലം കൊണ്ട് വലിയ മാറ്റങ്ങൾ ആണ് വ്യവസായിക മേഖലകളിൽ കൊണ്ട് വന്നിട്ടുള്ളത്. ഇതിന്റെ ഫലമായി മുന്നോട്ട് കൂടുതൽ നിക്ഷേപകരും, സംരംഭകരും കേരളത്തിൽ വേരുറപ്പിക്കും എന്നതിലും കേരളം വൻ വ്യവസായിക മുന്നേറ്റത്തിന് ഇനിയും സാക്ഷ്യം വഹിക്കും എന്നതിലും സംശയം ഇല്ല.