10 Sep 2024 5:47 AM GMT
Summary
- തമിഴ്നാട്ടിലെ നാലാമത്തെ ആപ്പിള്‍ വിതരണക്കാരായി ജാബില്‍ ഇന്‍ക്
- ജാബില്‍ ആപ്പിളിനായി എയര്‍പോഡ് ഘടകങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു
- രാജ്യത്തെ ഇലക്ട്രോണിക്സ് ഹബ്ബാണ് ഇന്ന് തമിഴ്‌നാട്
ആപ്പിളിന്റെ അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കരാര്‍ നിര്‍മ്മാതാക്കളായ ജാബില്‍ ഇന്‍ക് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ 2,000 കോടി രൂപ മുതല്‍മുടക്കില്‍ ഒരു ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കും. ഇവിടെ 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, ടാറ്റ ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ശേഷം സംസ്ഥാനത്തെ നാലാമത്തെ ആപ്പിള്‍ വിതരണക്കാരനാകും ജാബില്‍.
സിസ്‌കോയുടെയും എച്ച്പിയുടെയും പ്രധാന വിതരണക്കാരന്‍ കൂടിയാണ് ജാബില്‍. ഈ വര്‍ഷം ആദ്യം, ജാബില്‍ ആപ്പിളിനായി എയര്‍പോഡ് ഘടകങ്ങള്‍-പ്ലാസ്റ്റിക് ബോഡികള്‍-ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ജാബിലിന്റെ പ്രധാന കയറ്റുമതി കേന്ദ്രങ്ങള്‍ ഇപ്പോള്‍ വിയറ്റ്‌നാമും ചൈനയുമാണ്.
പൂനെയിലെ അതിന്റെ 858,000 ചതുരശ്ര അടി സൗകര്യം ഏകദേശം 2,500 ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ചയാണ് കരാറിന് അന്തിമരൂപമായത്.
'ഇഎംഎസിലെ ആഗോള നേതാവായ ജാബിലിന്റെ തിരുച്ചിറപ്പള്ളിയിലെ നിക്ഷേപം അതിപ്രധാനമാണ്. ഇത് 5,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തിനായി ഒരു പുതിയ ക്ലസ്റ്റര്‍ സ്ഥാപിക്കുകയും ചെയ്യും,' സ്റ്റാലിന്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു.
കൂടാതെ, റോക്ക്വെല്‍ ഓട്ടോമേഷന്‍ കാഞ്ചീപുരത്ത് 666 കോടി രൂപയുടെ നിക്ഷേപം നടത്തി 365 തൊഴിലവസരങ്ങള്‍ ചേര്‍ത്തുകൊണ്ട് നിര്‍മ്മാണം വിപുലീകരിക്കും.
അടുത്ത കാലത്തായി, തമിഴ്നാട് ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ കുതിച്ചുചാട്ടം നടത്തി. പ്രാഥമികമായി ഐഫോണ്‍ കയറ്റുമതിയിലെ വര്‍ധനവ്. സംസ്ഥാനം ഇപ്പോള്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഇലക്ട്രോണിക്‌സ് കയറ്റുമതിക്കാരാണ്. കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 9.56 ബില്യണ്‍ ഡോളറിലെത്തി. ഇത് 2023 ലെ 5.37 ബില്യണ്‍ ഡോളറില്‍ നിന്ന് 78 ശതമാനം വര്‍ധിച്ചു.
വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തില്‍, കയറ്റുമതി ഉയരാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആപ്പിളിനെപ്പോലുള്ള ആഗോള പ്രമുഖര്‍ സ്വീകരിച്ച ചൈന-പ്ലസ്-വണ്‍ തന്ത്രമാണ്. അതിനുശേഷം അതിന്റെ കരാറുകാരായ ഫോക്സ്‌കോണ്‍, പെഗാട്രോണ്‍, സാല്‍കോംപ് പോലുള്ള വിതരണക്കാര്‍ തമിഴകത്തേക്ക് കുടിയേറി. കഴിഞ്ഞ വര്‍ഷംമുതല്‍ രാജ്യത്തെ ഇലക്ട്രോണിക്സ് ഹബ്ബായി തമിഴ്‌നാട് മാറി.
2013-ല്‍ രൂപപ്പെടുത്തിയ, ചൈന-പ്ലസ്-വണ്‍, കമ്പനികള്‍ ചൈനയില്‍ മാത്രം നിക്ഷേപിക്കുന്നത് ഒഴിവാക്കുകയും ബദല്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിക്കുകയും ചെയ്യുന്ന ഒരു ആഗോള ബിസിനസ്സ് തന്ത്രമാണ്.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലു മാസങ്ങളില്‍ 34,089 കോടി രൂപയുടെ ഫോണുകളാണ് ആപ്പിള്‍ കയറ്റുമതി ചെയ്തത്. 'മേക്ക് ഇന്‍ ഇന്ത്യ ഫോര്‍ ദ വേള്‍ഡ്' എന്ന പദ്ധതിയിലൂടെ തങ്ങളുടെ വിതരണ ശൃംഖലയുടെ ഒരു പ്രധാന ഭാഗം ഇന്ത്യയിലേക്ക് മാറ്റാന്‍ ആപ്പിള്‍ ശ്രമിക്കുമ്പോള്‍, അതിന്റെ ആഭ്യന്തര വിപണിയും വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. 2023-24ല്‍ കമ്പനിയുടെ ആഭ്യന്തര വിപണി മൂല്യം 67,000 കോടി രൂപയായിരുന്നു.