28 July 2023 10:57 AM GMT
Summary
- അടുത്തമാസങ്ങളിലും പച്ചക്കറിവില ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന് വിലയിരുത്തല്‍
- വിതരണശൃംഖല തടസപ്പെടുന്നത് വില ഉയരുന്നതിന് ഒരു കാരണമാണ്
- തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ പച്ചക്കറിവില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകും
അതിതീവ്ര മണ്‍സൂണ്‍ മഴകാരണം വിളകള്‍ നശിക്കുന്നതും നടീല്‍ വൈകുന്നതും പതിവായതോടെ ഇന്ത്യയിലെ പച്ചക്കറി വില കൂടുതല്‍ കാലം ഉയര്‍ന്നുനില്‍ക്കുമെന്ന് കര്‍ഷകരും വ്യാപാരികളും പറയുന്നു. മൊത്തത്തിലുള്ള ഉപഭോക്തൃ വില സൂചികയില്‍ പച്ചക്കറി വില ജൂണില്‍ ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പ്രതിമാസം 12% ഉയര്‍ന്നതായി ഔദ്യോഗിക ഡാറ്റ കാണിക്കുന്നു.
വിളവെടുപ്പ് വിപണിയിലെത്തുമ്പോള്‍ ഓഗസ്റ്റില്‍ സാധാരണഗതിയില്‍ വില കുറയേണ്ടതാണ്. എന്നാല്‍ ഈ വര്‍ഷം, ഒക്ടോബര്‍ വരെ സപ്ലൈ കുറവായിരിക്കും എന്ന് വിലയിരുത്തുന്നതിനാല്‍ ചെലവ് ഉയര്‍ന്നുതന്നെ നില്‍ക്കും എന്ന് വ്യാപാരികള്‍ കണക്കുകൂട്ടുന്നു.
'മണ്‍സൂണ്‍ പച്ചക്കറി വിതരണ ശൃംഖലയെ തടസപ്പെടുത്തുന്നു. ഈ വര്‍ഷം കൂടുതല്‍ കാലം പച്ചക്കറിവിലകള്‍ ഉയര്‍ന്നുതന്നെ നില്‍ക്കും' എന്നാണ് മുംബൈ ആസ്ഥാനമായ വ്യാപാരികള്‍ പറയുന്നത്.
ഉള്ളി, ബീന്‍സ്, കാരറ്റ്, ഇഞ്ചി, മുളക്, തക്കാളി തുടങ്ങിയവയുടെ വിലക്കയറ്റം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ ശക്തിയുള്ളതാണ്. ഏതാനും സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിലകള്‍ പിടിച്ചുനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ ആവശ്യമാണ്. വോട്ടര്‍മാരുടെ അസംതൃപ്തി ഒഴിവാക്കേണ്ടതുണ്ട്. കൂടാതെ പച്ചക്കറിവിലയിലെ ഉയര്‍ച്ച ചില്ലറ പണപ്പെരുപ്പം ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഇത് ഏഴ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഭക്ഷ്യവില വര്‍ധന നിയന്ത്രിക്കാന്‍ വിതരണ ശൃംഖലയിലെ നടപടികളാണ് ഏറ്റവും അനുയോജ്യം.തക്കാളിവില ഉത്തരേന്ത്യയില്‍ താങ്ങാവുന്നതലത്തിലേക്ക് എത്തിയിട്ടില്ല. മൊത്തക്കച്ചവട വിപണിയില്‍ 1,400% ത്തില്‍ കൂടുതല്‍ ഉയര്‍ന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു കിലോയ്ക്ക് 140 രൂപയിലെത്തി. മറ്റു പലസ്ഥലങ്ങളിലും അതിലും മേലെയാണ് തക്കാളിവില. ഇത് പല വീടുകളെയും റെസ്റ്റോറന്റുകളെയും വാങ്ങലുകള്‍ വെട്ടിക്കുറയ്ക്കാനും പ്രേരിപ്പിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകര്‍ പറയുന്നത്, വിലത്തകര്‍ച്ച കാരണം മുമ്പ് കുറഞ്ഞ സ്ഥലത്ത് നട്ട വിളയെ മോശം മഴയും ഉയര്‍ന്ന താപനിലയും വൈറസ് ബാധയും ബാധിച്ചതായാണ്്. സാധാരണ വിളവെടുപ്പിന്റെ 30% മാത്രമാണ് വിതരണം ചെയ്യുന്നതെന്ന് വലിയ കര്‍ഷകര്‍ പറയുന്നു. മറ്റ് കൃഷികളെയും കാലവര്‍ഷം ബാധിച്ചിട്ടുണ്ട്. പ്രധാന പച്ചക്കറി ഉല്‍പ്പാദിപ്പിക്കുന്ന വടക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ശരാശരിയേക്കാള്‍ 90% മഴ ലഭിക്കുകയും ചെയ്തു.
ചില സംസ്ഥാനങ്ങളില്‍ ആഴ്ചകളോളം മഴ ലഭിച്ചില്ല, തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു മാസത്തെ മഴയില്‍ വെള്ളപ്പൊക്കമുണ്ടായതായി കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജൂണില്‍ നട്ടുപിടിപ്പിച്ച വിളകളില്‍ നിന്ന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിതരണം ആരംഭിക്കേണ്ടതുണ്ട്. എന്നാല്‍ വില കുറയ്ക്കാന്‍ ഇത് പര്യാപ്തമല്ലെന്ന് വിലയിരുത്തപ്പെടുന്നു. സാധാരണഗതിയില്‍ സെപ്റ്റംബര്‍ മുതല്‍ പച്ചക്കറിവില കുറയും.