9 Aug 2023 8:32 AM
ആഗോള ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ നിര്‍മിക്കാനുള്ള സന്നദ്ധത അറിയിച്ചു
MyFin Desk
Summary
- നവംബര്‍ ഒന്ന് മുതല്‍ കേന്ദ്രത്തില്‍ നിന്ന് ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് ലാപ്പ്‌ടോപ്പ്ഇറക്കുമതി ചെയ്യാനാകൂ
- ഇന്ത്യയില്‍ വിറ്റഴിക്കുന്ന കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പുകളില്‍ 30-35 ശതമാനം മാത്രമാണ് ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നത്
- ഓഗസ്റ്റ് 4-നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്
ലാപ്ടോപ്പുകള്‍, കമ്പ്യൂട്ടറുകള്‍, ടാബ്ലെറ്റുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഈ വര്‍ഷം നവംബര്‍ ഒന്നു മുതല്‍ ഇറക്കുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കത്തെത്തുടര്‍ന്നു ടെക് ഭീമന്മാര്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവുമായി ഓഗസ്റ്റ് 8ന് കൂടിക്കാഴ്ച നടത്തി.
ഓഗസ്റ്റ് 4-നായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ കേന്ദ്രത്തില്‍ നിന്ന് പ്രത്യേക ലൈസന്‍സ് നേടിയ കമ്പനികള്‍ക്ക് മാത്രമേ ഇന്ത്യയിലേക്ക് ലാപ്പ്‌ടോപ്പ്, ടാബ്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ തുടങ്ങിയവ ഇറക്കുമതി ചെയ്യാനാകൂ.
എന്നാല്‍ നവംബര്‍ ഒന്ന് മുതല്‍ നിയന്ത്രണം നടപ്പാക്കരുതെന്നും 9 മുതല്‍ 12 വരെ മാസം സമയം അനുവദിക്കണമെന്നുമാണ് ആപ്പിള്‍, ഡെല്‍, എച്ച്പി തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുടെ എക്‌സിക്യുട്ടീവുകള്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയില്‍ ഉല്‍പ്പാദന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇത്രയും സമയം ആവശ്യമാണെന്നും അവര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു.
മാനുഫാക്ചറിംഗ് അസോസിയേഷന്‍ ഓഫ് ഐടി ഹാര്‍ഡ്‌വെയര്‍ (എംഎഐടി), ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ഐസിഇഎ) എന്നിവരും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയില്‍ വിറ്റഴിക്കുന്ന കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പുകളില്‍ 30-35 ശതമാനം മാത്രമാണ് ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നത്. 65-70 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ഇതില്‍ തന്നെ ചൈനയില്‍ നിന്നും വന്‍ തോതില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് ഒഴിവാക്കുകയെന്നതാണു നിയന്ത്രണങ്ങളിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. അതോടൊപ്പം കേന്ദ്രം ആവിഷ്‌കരിച്ച പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിയെ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ ആഭ്യന്തര ഉല്‍പ്പാദന മികവ് ശക്തിപ്പെടുത്താന്‍ വിദേശ കമ്പനികളെ പ്രേരിപ്പിക്കുക എന്നതാണ് പിഎല്‍ഐ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ പ്രാദേശിക തലത്തില്‍ നിര്‍മിക്കുന്നത് പിഎല്‍ഐ പദ്ധതിപ്രകാരമാണ്.
ഇന്ത്യയിലേക്ക് വിദേശത്ത് നിന്നുള്ള കമ്പ്യൂട്ടറുകളുടെ ഇറക്കുമതിക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇവയുടെ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാനും അസംബിള്‍ ചെയ്യാനും തടസ്സമില്ല.