image

12 Dec 2022 9:30 AM GMT

Kerala

കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലം ഏറ്റെടുക്കല്‍: 2,400 കോടിയുടെ അനുമതി

MyFin Bureau

kollam chenkota greenfield national highway
X
Representative Image

Summary

  • ഭൂമി ഏറ്റെടുക്കലിന്റെയും കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുന്നതിന്റെയും, മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുന്നതിന്റെയും നഷ്ടപരിഹാരത്തുകയാണ് 2,400 കോടി രൂപ.


കൊല്ലം: കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതിന് 2,400 കോടിയുടെ അനുമതി. ദേശീയപാത അതോറിറ്റി ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രാഥമിക വിജ്ഞാപനം (3 എ) കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം പുറത്തുവിട്ടിരുന്നു. കൊട്ടാരക്കര, പുനലൂര്‍ താലൂക്കുകളിലെ 11 വില്ലേജിലുളള ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനമാണ് വന്നിരിക്കുന്നത്.

ഭൂമി ഏറ്റെടുക്കലിന്റെയും കെട്ടിടങ്ങള്‍ പൊളിക്കേണ്ടിവരുന്നതിന്റെയും, മരങ്ങള്‍ മുറിച്ചുമാറ്റേണ്ടിവരുന്നതിന്റെയും നഷ്ടപരിഹാരത്തുകയാണ് 2,400 കോടി രൂപ. ഇതിനെ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഭൂമി ഏറ്റെടുക്കലിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ കെ ആര്‍ മിനിക്ക് ഈ മാസം ഇരുപത്തൊന്നുവരെ സമര്‍പ്പിക്കാം.

കടമ്പാട്ടുകോണം മുതല്‍ ആര്യങ്കാവ് വരെയുള്ള 59.712 കിലോമീറ്റര്‍ ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ക്കൂടി പാത കടന്നുപോകുന്നുണ്ടെങ്കിലും കൂടുതല്‍ ഭാഗവും വരുന്നത് കൊല്ലത്താണ്. കൊട്ടാരക്കര താലൂക്കിലെ ചടയമംഗലം, ഇട്ടിവ, കോട്ടുക്കല്‍, നിലമേല്‍, പുനലൂര്‍ താലൂക്കിലെ അലയമണ്‍, അഞ്ചല്‍, ആര്യങ്കാവ്, ആയിരനെല്ലൂര്‍, ഇടമണ്‍, ഏരൂര്‍, തെന്മല വില്ലേജിലായി 290.94 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ശേഷം ദേശീയപാത അതോറിറ്റിക്ക് കൈമാറേണ്ടതാണ്.

ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കൊട്ടാരക്കര, പുനലൂര്‍ എന്നിവിടങ്ങളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസും 24 തസ്തികയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഒരു തഹസില്‍ദാര്‍, രണ്ട് ആര്‍ഐമാര്‍, മൂന്നു സര്‍വേയര്‍മാര്‍ ഉള്‍പ്പെടെ മൊത്തം 12 തസ്തികയാണുള്ളത്. 26 മീറ്റര്‍ വീതിയില്‍ നാലുവരി പാതയും, ഏഴുമീറ്റര്‍ സര്‍വ്വീസ് റോഡുമാണ് നിര്‍മ്മിക്കുന്നത്.

ഉത്തര്‍പ്രദേശിലുള്ള ചൈതന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. 20 വലിയ പാലവും 16 ചെറിയ പാലവും 45 അടിപ്പാതയും ഉണ്ടാകും. കൂടാതെ 91 കലുങ്കും രണ്ട് ബസ് ബേയും 28 ബസ് ഷെല്‍ട്ടറുകളും നിര്‍മ്മിക്കാനാണ് പദ്ധതി.