30 Jan 2024 11:39 AM GMT
Summary
- ഈ വര്‍ഷം അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാകും
- രണ്ടായിരത്തിന് മുമ്പ് സ്ഥിരതാമസമാക്കിയ ചേരി നിവാസികള്‍ക്ക് സൗജന്യ ഭവനത്തിന് അര്‍ഹത
- ചേരിയിലെ ജനസംഖ്യയെ അടിസ്ഥാനമാക്കി മാസ്റ്റര്‍പ്ലാന്‍
ധാരാവി റീഡെവലപ്മെന്റ് പ്രൊജക്റ്റ് പ്രൈവറ്റ് ലിമിറ്റഡ് (ഡിആര്‍പിപിഎല്‍) പുനരധിവാസത്തിന് അര്‍ഹരായ ചേരി നിവാസികളുടെ യോഗ്യത നിര്‍ണ്ണയിക്കാന്‍ അടുത്ത മാസം ഒരു സര്‍വേ ആരംഭിക്കും. ചേരിയിലെ ജനസംഖ്യ ഒരു ദശലക്ഷത്തിനു മുകളിലാകുമെന്ന് കരുതുന്നു.
ഈ പുതിയ സര്‍വേ ധാരാവിയുടെ മൊത്തം ജനസംഖ്യയും പദ്ധതിയുടെ പുനരധിവാസ ഘടകത്തില്‍ സൗജന്യ വീടുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ള ചേരി നിവാസികളുടെ എണ്ണവും നിര്‍ണ്ണയിക്കാന്‍ സഹായിക്കും. ഈവര്‍ഷം അവസാനത്തോടെ സര്‍വേ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഡിആര്‍പിപിഎല്‍ നിയമിച്ച കമ്പനി ഫെബ്രുവരി മുതല്‍ ചേരിയിലുള്ളവരുടെ വിവരങ്ങളും ബയോമെട്രിക്സും ശേഖരിക്കാന്‍ തുടങ്ങും.
ധാരാവി പുനര്‍വികസന പദ്ധതിയില്‍ രണ്ട് ഘടകങ്ങളാണുള്ളത്. ഒന്ന് പുനരധിവാസ ഘടകമാണ്. രണ്ടാമത്തേത് സൗജന്യ വില്‍പ്പനയും. അതില്‍ ഡവലപ്പര്‍ക്ക് സ്വതന്ത്ര വിപണിയില്‍ അപ്പാര്‍ട്ടുമെന്റുകള്‍ വില്‍ക്കാന്‍ അധികാരം നല്‍കും. മഹാരാഷ്ട്ര സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച്, 2000-ത്തിന് മുമ്പ് സ്ഥിരതാമസമാക്കിയ ചേരി നിവാസികള്‍ക്ക് പുനരധിവാസ ഘടകത്തിന് കീഴില്‍ സൗജന്യ ഭവനത്തിന് അര്‍ഹതയുണ്ട്. ബാക്കിയുള്ളവര്‍ വീടിന്റെ നിര്‍മ്മാണച്ചെലവ് നല്‍കിയാല്‍ സൗജന്യ ഭവന സൗകര്യം നല്‍കും.
ടീമുകള്‍ ഓരോ വീടുകളും സന്ദര്‍ശിച്ച് ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുമെന്നും സര്‍വേ പൂര്‍ത്തിയാക്കാന്‍ ഒമ്പത് മാസമെടുക്കുമെന്നും ധാരാവി പുനര്‍വികസന പദ്ധതിയുടെ തലവന്‍ എസ് വി ആര്‍ ശ്രീനിവാസ് നേരത്തെ അറിയിച്ചിരുന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍, പുനരധിവാസത്തിന് അര്‍ഹരായ ചേരികളില്‍ താമസിക്കുന്നവരുടെ കൃത്യമായ എണ്ണത്തെ ആശ്രയിച്ചിരിക്കും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്.
''പുനരധിവാസ ഘടകത്തിനായി ധാരാവിയില്‍ എത്ര സ്ഥലം ഉപയോഗിക്കും, എത്രമാത്രം വില്‍പ്പനയ്ക്ക് ലഭിക്കും, തുറസ്സായ സ്ഥലങ്ങള്‍, വാണിജ്യ, റീട്ടെയില്‍ സ്പേസ് എന്നിവയ്ക്ക് സ്ഥലം എത്രയുണ്ടാകും എന്ന് മാസ്റ്റര്‍ പ്ലാന്‍ നിര്‍ണ്ണയിക്കും. മാസ്റ്റര്‍ പ്ലാന്‍ ഫൂള്‍ പ്രൂഫ് ആയിരിക്കുന്നതിന്, യോഗ്യരായ ചേരി നിവാസികളുടെ സര്‍വേ വളരെ നിര്‍ണായകമായിരിക്കും,'' മുംബൈ ആസ്ഥാനമായുള്ള ആര്‍ക്കിടെക്റ്റ് വികാസ് ഷാ പറഞ്ഞു.
അതിനിടെ, ഏഷ്യയിലെ ഏറ്റവും വലിയ ചേരി ക്ലസ്റ്ററുകളിലൊന്നായ ഏകദേശം ഒരുദശലക്ഷം നിവാസികളുടെ പുനര്‍വികസനവും പുനരധിവാസവും ഉള്‍പ്പെടുന്ന ധാരാവി പദ്ധതിക്കായി പ്രശസ്ത ആര്‍ക്കിടെക്റ്റ് ഹഫീസ് കോണ്‍ട്രാക്ടറുമായി സഹകരിക്കുന്നതായി ജനുവരി ഒന്നിന് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. യുഎസ് ഡിസൈന്‍ സ്ഥാപനമായ സസാകി, യുകെയില്‍ നിന്നുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്യൂറോ ഹാപ്പോള്‍ഡ്, സിംഗപ്പൂരില്‍ നിന്നുള്ള വിദഗ്ധര്‍ എന്നിവരോടൊപ്പം സോഷ്യല്‍ ഹൗസിംഗ് പ്രോജക്ടുകളും അദ്ദേഹം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ നിരവധി നഗരങ്ങളിലും യുഎഇയിലും യുഎസിലും ഉള്‍പ്പെടെ വിദേശരാജ്യങ്ങളിലും അദ്ദേഹം നിരവധി പ്രോജക്ടുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
2022 നവംബറിലാണ്, ധാരാവി പുനര്‍വികസന പദ്ധതിയുടെ വിജയിയായി അദാനി ഗ്രൂപ്പിനെ പ്രഖ്യാപിച്ചത്. 20,000 കോടിയിലധികം വരുന്ന പദ്ധതിക്കായി 5,069 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം വാഗ്ദാനം ചെയ്താണ് ഗ്രൂപ്പ് ബിഡ് നേടിയത്.