image

26 May 2023 4:16 AM GMT

Infra

ആന്ധ്രയിലെ വികസനം; ഇന്ത്യക്ക് എഡിബി വായ്പ

MyFin Desk

ആന്ധ്രയിലെ വികസനം;  ഇന്ത്യക്ക് എഡിബി വായ്പ
X

Summary

  • വായ്പ 141.12 ദശലക്ഷം യുഎസ് ഡോളറിന്റേത്
  • തുക ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്
  • വിശാഖപട്ടണം, ശ്രീകാളഹസ്തി-ചിറ്റൂര്‍ വ്യവസായിക മേഖലകളിലാണ് പദ്ധതി


ഇന്ത്യയും ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കുമായി (എഡിബി) വായ്പാക്കരാറില്‍ ഒപ്പുവെച്ചു. ഇതനുസരിച്ച് 141.12 ദശലക്ഷം യുഎസ് ഡോളറിന്റെ വായ്പയാണ് എഡിബി നല്‍കുക.

ആന്ധ്രാപ്രദേശില്‍ ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നല്‍കുന്നതിനായാണ് ഈ തുക ഉപയോഗിക്കുക.

സംസ്ഥാനത്തെ മൂന്ന് വ്യാവസായിക ക്ലസ്റ്ററുകളില്‍ റോഡുകള്‍, ജലവിതരണ സംവിധാനങ്ങള്‍, വൈദ്യുതി വിതരണ ശൃംഖല എന്നിവയുടെ നിര്‍മ്മാണത്തിനാണ് ഫണ്ട് അനുവദിച്ചതെന്ന് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

2016-ല്‍ എഡിബി അംഗീകരിച്ച പരിപാടിയുടെ 500 മില്യണ്‍ ഡോളറിന്റെ മള്‍ട്ടി-ട്രാഞ്ച് ഫിനാന്‍സിംഗ് ഫെസിലിറ്റിയുടെ (എംഎഫ്എഫ്) രണ്ടാം ഘട്ടമാണ് ഈ ധനസഹായം.

വിശാഖപട്ടണം, ശ്രീകാളഹസ്തി-ചിറ്റൂര്‍ നോഡുകളിലെ മൂന്ന് വ്യാവസായിക ക്ലസ്റ്ററുകളിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത്.

മള്‍ട്ടി-സെക്ടറല്‍ സമീപനത്തിലൂടെയുള്ള എഡിബി ധനസഹായം, സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉല്‍പ്പാദനത്തിന്റെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. പദ്ധതി ഈ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യവസായ വല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ആന്ധ്രാപ്രദേശിനെ സഹായിക്കും.

ഉല്‍പ്പാദന മേഖലകളില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു അപ്‌ഡേറ്റ് ചെയ്ത മാര്‍ക്കറ്റിംഗ് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌കരിക്കുന്നതിന് പദ്ധതി സംസ്ഥാനത്തെ സഹായിക്കും.

സാമൂഹികമായും സാമ്പത്തികമായും ദുര്‍ബലരായ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകളുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഈ വായ്പ ഉപയോഗിക്കാനാകും.

പ്രതികൂല കാലാവസ്ഥയില്‍ വ്യാവസായിക മേഖലകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ഒരു ഗ്രീന്‍ കോറിഡോര്‍ സ്ഥാപിക്കുന്നതിനായുള്ള മാതൃകാ പ്രവര്‍ത്തന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനും പദ്ധതി മുന്‍തൂക്കം നല്‍കുന്നു. കൂടാതെ ദുരന്ത സാധ്യതാ നിവാരണ നടപടികള്‍ വികസിപ്പിക്കുന്നതിനും പ്രോജക്റ്റ് സഹായിക്കും എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ദീര്‍ഘകാല സുസ്ഥിരതയ്ക്കായി, സ്റ്റാര്‍ട്ടപ്പ് വ്യാവസായിക മേഖലകളുടെ പ്രവര്‍ത്തനവും പരിപാലനവും മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പദ്ധതി സംസ്ഥാനത്ത് ആവിഷ്‌കരിക്കുകയും ചെയ്യും. വ്യാവസായിക മേഖലകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വ്യാവസായിക, നഗര ആസൂത്രണം ഉള്‍പ്പെടെയുള്ളവയെ സമന്വയിപ്പിക്കുന്നതിന് മികച്ച മാര്‍ഗനിര്‍ദേശങ്ങളോടുകൂടിയ ഒരു ടൂള്‍കിറ്റും ഇതിന്റെ ഭാഗമായി പുറത്തിറക്കും.

സംസ്ഥാനത്തിന്റെ വ്യാവസായിക വികസനത്തിലേക്കുള്ള കുതിപ്പിന്റെ ഭാഗമായാണ് ഈ നടപടികളല്ലാം. തൊട്ടടുത്ത സംസ്ഥാനമായ തെലങ്കാന വ്യാവസായികമായി പലതലങ്ങളിലും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. സംസ്ഥാനം രൂപീകരിക്കപ്പെട്ടതുമുതല്‍ തെലങ്കാന ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

അതനുസരിച്ച് അവിടെ തൊഴില്‍ സാധ്യതയും ഉയരുന്നു. ആന്ധ്രയും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍ കമ്പനികളെ ഇരു സംസ്ഥാനങ്ങളും അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നുണ്ട്.