9 Dec 2022 10:07 AM GMT
Summary
- ചരക്ക് ഗതാഗതം ഉള്‍പ്പടെയുള്ള മേഖലയില്‍ പുത്തന്‍ വികസനം ലക്ഷ്യമിടുകയാണ് സര്‍ക്കാര്‍.
ഡെല്‍ഹി: രാജ്യത്തിന്റെ ലോജിസ്റ്റിക്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ചുവടുവെപ്പിനെ പിന്തുണയ്ക്കുന്നതിനായി 250 മില്യണ്‍ (2057 കോടി രൂപ) ഡോളറിന്റെ വായ്പയ്ക്ക് അംഗീകാരം നല്‍കിയതായി ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക് അറിയിച്ചു. ചരക്ക് ഗതാഗതം ഉള്‍പ്പടെയുള്ളവ പുത്തന്‍ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തുക, വെയര്‍ഹൗസ് സംവിധാനങ്ങള്‍ വികസിപ്പിക്കുക, ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മ്മിക്കക മുതലായവയാണ് സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഈ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക.
ചെന്നൈ മെട്രോയ്ക്ക് 78 കോടി ഡോളര്‍
ചെന്നൈ മെട്രോ റെയിലിന്റെ പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതിനും, ബസ്-ഫീഡര്‍ സര്‍വീസുകള്‍ തമ്മിലുള്ള നെറ്റ് വര്‍ക്ക് കണക്ടിവിറ്റി വിപുലീകരിക്കുന്നതിനുമായി 78 കോടി ഡോളറിന്റെ വായ്പയാണ് ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് കഴിഞ്ഞ ദിവസം അനുവദിച്ചത്.
ഷോലിംഗനെല്ലൂര്‍ മുതല്‍ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ കോര്‍പ്പറേഷന്‍ വരെ നീളുന്ന പുതിയ പാത, ലൈറ്റ് ഹൗസ് മുതല്‍ മീനാക്ഷി കോളേജ് വരെ നീളുന്ന ഭൂഗര്‍ഭ പാത, ചെന്നൈ മെട്രോ റെയിലിന്റെ മൊഫൂസില്‍ ബസ് ടെര്‍മിനല്‍ മുതല്‍ ഒക്കിയം തൊറയ്പക്കം വരെയുള്ള 31 കി.മീ ദൂരത്തില്‍ ആവശ്യമായി വരുന്ന വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍സ് ഉള്‍പ്പടെയുള്ളവയുടെ നിര്‍മ്മാണത്തിനും മറ്റുമാകും തുക വിനിയോഗിക്കുക.
പദ്ധതിയില്‍ ആരംഭിക്കുന്ന മെട്രോ സ്‌റ്റേഷനുകള്‍ പ്രകൃതിക്ഷോഭം ഉള്‍പ്പടെയുള്ളവ ചെറുക്കുന്ന വിധമാണ് നിര്‍മ്മിക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി. ബെംഗലൂരുവിലെ മെട്രോ റെയിലില്‍ 56 കി.മി ദൂരത്തില്‍ പുതിയ പാത നിര്‍മ്മിക്കുന്നതിനായി 50 കോടി ഡോളര്‍ വായ്പ അനുവദിക്കുന്നത് സംബന്ധിച്ച് എഡിബിയും കേന്ദ്ര സര്‍ക്കാരും ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ 826 പ്രോജക്ടുകളിലായി 5775 കോടി ഡോളറിന്റെ വായ്പയാണ് എഡിബിയില്‍ നിന്നും ഇതിനോടകം ലഭിച്ചിട്ടുള്ളത്.