image

26 Jun 2023 10:50 AM GMT

Infotech

സിനിമാ ഡൗണ്‍ലോഡ്: ടെലിഗ്രാമിന് ശേഷം ഇപ്പോള്‍ ട്വിറ്ററും പ്രചാരം നേടുന്നു

MyFin Desk

movie download after telegram now twitter is gaining popularity
X

Summary

  • ട്വിറ്റര്‍ വീഡിയോ ഡൗണ്‍ലോഡര്‍ വെബ്‌സൈറ്റ് ഉപയോഗിച്ചും ട്വീറ്റിന്റെ url പേസ്റ്റ് ചെയ്തും ട്വിറ്ററില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ/ സിനിമ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും
  • ട്വിറ്ററില്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ലഭ്യമാകണമെങ്കില്‍ പ്രതിമാസം 8 ഡോളര്‍ വരിസംഖ്യ നല്‍കണം
  • ഒരു കാലത്ത് 256 ക്യാരക്‌റ്റേഴ്‌സ് മാത്രം അപ്‌ലോഡ് ചെയ്യാന്‍ അനുവദിച്ചിരുന്ന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമാണ് ട്വിറ്റര്‍


ലീക്കായതോ പൈറേറ്റഡ് വേര്‍ഷനോ ആയ സിനിമകളും, ടിവി ഷോകളും കാണുന്നതിന് ടെലിഗ്രാം എന്ന നവമാധ്യമത്തെ ആശ്രയിച്ചിരുന്നവര്‍ നിരവധിയാണ്. എന്നാല്‍ സമീപകാലത്ത് ട്വിറ്റര്‍ ഇക്കാര്യത്തില്‍ പ്രചാരം നേടുകയാണ്. സൗജന്യമായി സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇപ്പോള്‍ ട്വിറ്ററിനെ ആശ്രയിക്കുന്നവരും ഏറി വരുന്നു.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററില്‍ അടുത്തിടെ അതിന്റെ ബ്ലൂ സബ്‌സ്‌ക്രൈബര്‍മാര്‍ക്കായി ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. രണ്ട് മണിക്കൂര്‍ അല്ലെങ്കില്‍ 8 ജിബി വരെയുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നതായിരുന്നു ആ ഫീച്ചര്‍. ഈ ഫീച്ചര്‍ അവതരിപ്പിച്ചതോടെ ട്വിറ്ററില്‍ ഇപ്പോള്‍ നിരവധി പേരാണ് വീഡിയോ ഫീച്ചര്‍ പ്രയോജനപ്പെടുത്തുന്നത്.

ട്വിറ്റര്‍ വീഡിയോ ഡൗണ്‍ലോഡര്‍ വെബ്‌സൈറ്റ് ഉപയോഗിച്ചും ട്വീറ്റിന്റെ url പേസ്റ്റ് ചെയ്തും ട്വിറ്ററില്‍ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ/ സിനിമ എളുപ്പത്തില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.

ഒരു കാലത്ത് 256 ക്യാരക്‌റ്റേഴ്‌സ് മാത്രം അപ്‌ലോഡ് ചെയ്യാന്‍ അനുവദിച്ചിരുന്ന മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമാണ് ഇപ്പോള്‍ ഇത്തരത്തില്‍ വിപുലമാക്കിയിരിക്കുന്നത്.

പുതിയ ഫീച്ചര്‍ ട്വിറ്ററില്‍ മസ്‌ക് അവതരിപ്പിച്ച് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഷെക്ര് (Shrek), ഈവിള്‍ ഡെഡ് (Evil Dead ) തുടങ്ങിയ സിനിമകള്‍ പ്ലാറ്റ്‌ഫോമില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. റിലീസ് ചെയ്തതിനു തൊട്ടുപിന്നാലെ കീനു റീവ്‌സിന്റെ ജോണ്‍ വിക്ക് ചാപ്റ്റര്‍ 4-ും, സൂപ്പര്‍ മാരിയോ ബ്രോസ് മൂവിയും ട്വിറ്ററിലെത്തി.

അടുത്തിടെ എസ്ര മില്ലറിന്റെ ദ ഫ്‌ളാഷ് എന്ന സിനിമയും ട്വിറ്ററില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തിലെത്തിയിട്ടുണ്ട്. ഈ സിനിമയുടെ വീഡിയോ സ്ട്രീമിംഗും നടക്കുന്നുണ്ട്. ഈ മാസം 15-നാണ് ദ ഫ്‌ളാഷ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ട്വിറ്ററില്‍ ഈ സിനിമ 1.7 ദശലക്ഷം പേര്‍ കണ്ടതായിട്ടാണ് റിപ്പോര്‍ട്ട്.

ട്വിറ്ററില്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സേവനം ലഭ്യമാകണമെങ്കില്‍ പ്രതിമാസം 8 ഡോളര്‍ വരിസംഖ്യ നല്‍കണം. ഇത് ഏകദേശം 662 രൂപയോളം വരും.

ഒരു വര്‍ഷത്തേയ്ക്കാണെങ്കില്‍ 84 ഡോളറാണ് വരിസംഖ്യ. ഈ സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാമെന്നു മാത്രമല്ല, അവരുടെ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത് 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ വരെ എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.

ബ്ലൂ വെരിഫിക്കേഷന്‍ ഇല്ലാത്ത ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് വീഡിയോ അപ് ലോഡ് ചെയ്യാനാകും. പക്ഷേ, അത് 2 മിനിറ്റ് 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് അപ് ലോഡ് ചെയ്യാനാവുക.

യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണു ദീര്‍ഘമായ വീഡിയോ അപ് ലോഡ് ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നത്. ഇങ്ങനെ അപ് ലോഡ് ചെയ്യുന്ന ദൈര്‍ഘ്യമേറിയ വീഡിയോകളുടെ ക്രിയേറ്റര്‍മാര്‍ക്കു വരുമാനം നേടാനുള്ള മോണിറ്റൈസേഷന്‍ പ്രോഗ്രാമും യുട്യൂബിലും ഫേസ്ബുക്കിലും ഉണ്ട്. ട്വിറ്ററില്‍ ഇത്തരമൊരു പ്രോഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി നടപ്പിലാക്കുമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ മസ്‌ക് അറിയിച്ചെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല.