19 March 2024 9:05 AM GMT
Summary
- കാര്യമായ ശമ്പള വര്‍ദ്ധനവില്ലാത്തതും കുറഞ്ഞ നിയമനങ്ങളുമാണ് ഐടി മേഖലയിലെ പ്രതിസന്ധി
- രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഐടി മേഖല വഹിക്കുന്നത്.
- ശരാശരി ശമ്പള വര്‍ദ്ധനവ് 10 ശതമാനം
ഇന്ത്യന്‍ വിവരസാങ്കേതിക രംഗം വെല്ലുവിളി നിറഞ്ഞ വര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. കാര്യമായ ശമ്പള വര്‍ദ്ധനവില്ലാത്തതും കുറഞ്ഞ നിയമനങ്ങളുമാണ് ഐടി മേഖലയിലെ പ്രതിസന്ധിയെന്ന് ടീംലീസ് ഡിജിറ്റലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഐടി മേഖല വഹിക്കുന്നത്. ഈ മേഖലയിൽ ജാഗ്രതയോടെയുള്ള സമീപനം ആവശ്യമാണെന്ന് മീഡിയാ റിപ്പോര്‍ട്ടുകൾ പറയുന്നു.
2024 ല്‍ ഐടി മേഖലയിലെ ശരാശരി ശമ്പള മൂല്യനിര്‍ണയം 8.4 ശതമാനത്തിനും 9 ശമാനത്തിനും ഇടയിലാണെന്ന് ടീംലീസ് ഡിജിറ്റലിലെ സ്ട്രാറ്റജീ ആന്റ് ഗ്രോത്ത് വിഭാഗം വൈസ് പ്രസിഡന്റ് മുനീറ ലോലീവാല അഭിപ്രായപ്പെടുന്നു. മുന്‍ വര്‍ഷത്തെ ശരാശരി വര്‍ദ്ധനവായ 8.5 ശതമാനത്തിനും 9.1 ശതമാനത്തിനും ഇടയിലുള്ള പരിധിയേക്കാള്‍ കുറവാണിത്. ഏപ്രിലില്‍ ഇന്‍ക്രിമെന്റുകള്‍ നടപ്പിലാക്കുന്ന പരമ്പരാഗത സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് മിക്ക കമ്പനികളും സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ അവസാനം വരെ ശമ്പള വര്‍ദ്ധനവ് മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ലോലിവാല വെളിപ്പെടുത്തി.
ജീവനക്കാരുടെ എണ്ണം സ്ഥിരപ്പെടുത്താന്‍ നീക്കം
ജീവനക്കാരുടെ എണ്ണം സ്ഥിരപ്പെടുത്തുന്നതിലാണ് ഐടി മേഖല ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്ന് ലോലിവാല പറഞ്ഞു. ഈ വര്‍ഷം ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റായതോ പ്രതികൂലമായതോ ആയ വളര്‍ച്ച ഉണ്ടായേക്കാമെന്ന് സൂചിപ്പിക്കുന്നു. മിക്ക വലിയ ബഹുരാഷ്ട്ര കമ്പനികളും (എംഎന്‍സി) 2023 ഡിസംബറില്‍ മിക്ക റോളുകള്‍ക്കും ശരാശരി 7 ശതമാനം മിതമായ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ക്രിമെന്റുകള്‍ മാറ്റിവയ്ക്കുന്നു
കഴിഞ്ഞ വര്‍ഷം ഐടി മേഖലയിലെ പ്രമുഖര്‍ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെ കാലാവധിയെ അടിസ്ഥാനമാക്കി ഇന്‍ഫോസിസ്,വിപ്രോ,എച്ച്‌സിഎല്‍ടെക് എന്നിവ മാസങ്ങളോളം ഇന്‍ക്രിമെന്റുകള്‍ ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു. ജൂനിയര്‍ അല്ലെങ്കില്‍ മിഡ് ലെവല്‍ ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് ഇന്‍ഫോസിസ് ശരാശരി 10 ശതമാനത്തില്‍ താഴെ വര്‍ദ്ധനവ് നടപ്പിലാക്കി. വിപ്രോയും എച്ച്‌സിഎല്‍ടെക്കും മിഡ് അല്ലെങ്കില്‍ സീനിയര്‍ ലെവല്‍ റോളുകളിലെ ജീവനക്കാരെ ശമ്പളവര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കി. ഇതിനു വിരുദ്ധമായി ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ് )6 ശതമാനം മുതല്‍ 8 ശതമാനം വരെ വര്‍ദ്ധനവ് പുറത്തിറക്കി. മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് ഇരട്ട അക്ക ശമ്പള വര്‍ദ്ധനവും പ്രഖ്യാപിച്ചു.
ശരാശരി ശമ്പള വര്‍ദ്ധനവ് 10 ശതമാനം
വെല്ലുവിളികള്‍ക്കിടയിലും ഐടി മേഖല മറ്റ് മേഖലകളെ അപേക്ഷിച്ച് ശമ്പള വിതരണത്തില്‍ ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെന്ന് ലോലിവാല അഭിപ്രായപ്പെടുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ ഗ്‌ളോബല്‍ കേപ്പബിളിറ്റി സെന്ററുകളും (ജിസിസി) നിയമനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ശരാശരി ശമ്പള വര്‍ദ്ധനവ് 10 ശതമാനം മുതല്‍ 10.1 ശതമാനം വരെയാകുമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ബാങ്കിങ്ങ്,ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലയില്‍ ഉയര്‍ന്ന പദവികളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പള വര്‍ദ്ധനവ് അനുവദിക്കുന്നതായി കാണാന്‍ സാധിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശരാശരി 11.1 ശതമാനം വര്‍ദ്ധനവ് കണക്കാക്കുന്നതായി ലോലിവാല പറഞ്ഞു.