24 Jun 2023 10:47 AM GMT
Summary
- ഗൂഗിളിന്റെ ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഗുജറാത്തില്‍ തുറക്കും
- ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് പ്രസക്തമായ പുതിയ സേവനങ്ങള്‍ നിര്‍മ്മിക്കും
- സാമൂഹിക നന്മയ്ക്കായി സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തും
ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിള്‍. കമ്പനിയുടെ സിഇഒ സുന്ദര്‍ പിച്ചൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു ഈ പ്രഖ്യാപനം. ഇതുവഴി ഗൂഗിള്‍ ഫിന്‍ടെക്കിലെ ഇന്ത്യയുടെ നേതൃത്വത്തെ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയിലും യുഎസിലും ലോകമെമ്പാടുമുള്ള ചെറുതും വലുതുമായ ബിസിനസുകളെ കമ്പനി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക്-സിറ്റിയില്‍ (ഗിഫ്റ്റ്) ഗൂഗിളിന്റെ ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ തുറക്കുമെന്നും സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചു.
'ചരിത്രപരമായ യുഎസ് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദിയെ കാണാന്‍ സാധിച്ചത് അഭിമാനകരമായ കാര്യമാണ്. ഇന്ത്യയുടെ ഡിജിറ്റൈസേഷന്‍ ഫണ്ടില്‍ ഗൂഗിള്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നുണ്ടെന്ന് ഞങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.'പിച്ചൈ പറഞ്ഞു.
'ഗൂഗിളിന്റെ ഗ്ലോബല്‍ ഫിന്‍ടെക് ഓപ്പറേഷന്‍ സെന്റര്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ തുറക്കുമെന്ന് ഞങ്ങള്‍ പ്രഖ്യാപിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് വളരെ മുന്‍പുതന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റ് രാജ്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലൂപ്രിന്റ് ആയാണ് ഈ പദ്ധതിയെ ഇപ്പോള്‍ ഞാന്‍ കാണുന്നത്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഗൂഗിളിലെ ജിപെയ്‌യെയും മറ്റ് ഉല്‍പ്പന്ന പ്രവര്‍ത്തനങ്ങളെയും പിന്തുണയ്ക്കുന്നടീമുകളുമായി ചേര്‍ന്നാകും ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ ഗൂഗിള്‍ ഫിന്‍ടെക് ഗ്ലോബല്‍ ഓപ്പറേഷന്‍സ് സെന്റര്‍ തുറക്കുകയെന്ന് ഗൂഗിള്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2004 മുതല്‍ ഗൂഗിള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു.രാജ്യത്തുടനീളമുള്ള അഞ്ച് പ്രധാന നഗരങ്ങളില്‍ ആയിരക്കണക്കിന് മികച്ച ജീവനക്കാരുള്ള ഓഫീസുകള്‍ ഗൂഗിളിന് ഇന്നുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, ഗുഡ്ഗാവ് - ഡല്‍ഹി എന്‍സിആര്‍, മുംബൈ, പൂനെ എന്നിവിടങ്ങളിലാണ് കമ്പനിക്ക് നിലവില്‍ ഓഫീസുകള്‍ ഉള്ളത്.
2020-ല്‍, ഗൂഗിള്‍ ഇന്ത്യയോടുള്ള പ്രതിബദ്ധത വര്‍ധിപ്പിച്ചു. ആഗോള സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന പങ്കിലുള്ള വിശ്വാസത്തിന്റെ പ്രതിഫലനവും കൂടിയായിരുന്നു ഇത്. ഇങ്ങനെയാണ് ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ട് പ്രഖ്യാപിച്ചത്.
നാല് മേഖലകളില്‍ കേന്ദ്രീകരിച്ചായിരിക്കും 10ബില്യണ്‍ ഡോളര്‍ (ഏകദേശം 75,000 കോടി രൂപ) നിക്ഷേപിക്കുക. ആദ്യം, ഓരോ ഇന്ത്യക്കാരനും അവരുടെ സ്വന്തം ഭാഷയില്‍ ആക്സസും വിവരങ്ങളും സാധ്യമാക്കുന്നു. രണ്ടാമതായി, ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് പ്രസക്തമായ പുതിയ സേവനങ്ങള്‍ നിര്‍മ്മിക്കുക, മൂന്നാമതായി, ഡിജിറ്റല്‍ പരിവര്‍ത്തനം ആരംഭിക്കുമ്പോള്‍ ബിസിനസുകളെ ശാക്തീകരിക്കുന്നു. നാലാമത്, സാമൂഹിക നന്മയ്ക്കായി സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോജനപ്പെടുത്തുക.
കഴിഞ്ഞ വര്‍ഷം അവസാനത്തോടെ, ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന് കീഴില്‍ സ്ത്രീകള്‍ നയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണയും ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയ്ക്ക് എഐ ഉപയോഗിച്ച്, ബെംഗളൂരുവിലെ ഗൂഗിള്‍ എഐ റിസര്‍ച്ച് സെന്റര്‍ 100-ലധികം ഇന്ത്യന്‍ ഭാഷകളെ പിന്തുണയ്ക്കുന്നതിനുള്ള മോഡലുകലാണ് നിര്‍മ്മിക്കുന്നത്. കൂടാതെ ഇന്ത്യയുടെ ഭാഷിണി പ്രോജക്റ്റിലൂടെ സംഭാഷണ ഡാറ്റയുടെ ഓപ്പണ്‍ സോഴ്സിംഗ് പിന്തുണയ്ക്കുന്നതിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്തമുള്ള എഐ ക്കായി ഒരു മള്‍ട്ടി ഡിസിപ്ലിനറി സെന്റര്‍ സ്ഥാപിക്കാന്‍ ഐഐടി മദ്രാസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുമുണ്ട്.
നൂതനമായ ക്ലൗഡ് സാങ്കേതികവിദ്യകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിലും ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തന യാത്രയുടെ ഭാഗമാകുന്നതിലും ഗൂഗിള്‍ ക്ലൗഡ് ഒരു പ്രധാന പങ്ക് ഇന്ന് വഹിക്കുന്നുണ്ട്.