image

10 April 2023 9:07 AM GMT

Technology

ആപ്പിളിന് 2023 മോശം തുടക്കം: പിസി ഷിപ്പ്‌മെന്റില്‍ 40 ശതമാനം ഇടിവ്

MyFin Desk

ആപ്പിളിന് 2023 മോശം തുടക്കം: പിസി ഷിപ്പ്‌മെന്റില്‍ 40 ശതമാനം ഇടിവ്
X

Summary

  • 30 ശതമാനത്തിനു മുകളില്‍ ഇടിവുമായി ലെനോവോയും ഡെല്ലും
  • 2024ഓടെ തിരിച്ചുവരവ് പ്രകടമാകുമെന്ന് പ്രതീക്ഷ


2023ന്റെ ആദ്യ പാദത്തില്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഷിപ്പ്‌മെന്റിലുണ്ടായത് 40 ശതമാനം ഇടിവ്. മൊത്തം പിസി ചരക്കുനീക്കത്തിലും കാര്യമായ ഇടിവാണ് പ്രകടമായിട്ടുള്ളത്.

എല്ലാ പിസി നിര്‍മാതാക്കളില്‍ നിന്നുമുള്ള മൊത്തം ഷിപ്പ്‌മെന്റ് ജനുവരി-മാര്‍ച്ച് കാലയളവില്‍ 29 ശതമാനം ഇടിഞ്ഞ് 56.9 മില്യണ്‍ യൂണിറ്റുകളായിരുന്നു. 2019ന്റെ തുടക്കത്തിലുണ്ടായിരുന്ന നിലയുടെ താഴേക്ക് പിസി ചരക്കുനീക്കം എത്തി. കോവിഡ് മഹാമാരി സൃഷ്ടിച്ച റിമോട്ട് വര്‍ക്ക് സാഹചര്യം മാറിവരുന്നത് പിസി ആവശ്യകതയെയും ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

ആപ്പിളിനു പുറമേ 30 ശതമാനത്തിനു മുകളില്‍ ഇടിവ് രേഖപ്പെടുത്തിയ കമ്പനികളില്‍ ലെനോവോയും ഡെല്ലും ഉള്‍പ്പെടുന്നു. എച്ച്പി ഇന്‍ക് 24.2 ശതമാനം ഇടിവ് നേരിട്ടു. 30.3 ശതമാനം ഇടിവ് നേരിട്ട ഓസ്‌ടെക് കംപ്യൂട്ടര്‍ ഇന്‍ക് വിപണി വിഹിതത്തിലെ ആദ്യ 5 സ്ഥാനങ്ങളില്‍ നിന്ന് പുറത്തേക്ക് പോയി. ഉപഭോക്തൃ ചെലവിടലില്‍ പ്രകടമാകുന്ന മാന്ദ്യത്തിന്റെ ഫലമായി കവിഞ്ഞ ഒരു വര്‍ഷക്കാലമായി സ്മാര്‍ട്ട് ഫോണ്‍ ഷിപ്പ്‌മെന്റുകളില്‍ ഇരട്ടയക്കത്തിലുള്ള ഇടിവുകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് തങ്ങളുടെ മെമ്മറി ചിപ്പ് ഉദ്ഘാടനം വെട്ടിക്കുറയ്ക്കുകയാണെന്ന് കഴിഞ്ഞയാഴ്ച സാംസംഗ് പ്രഖ്യാപിച്ചിരുന്നു. ഡെസ്‌ക്‌ടോപ്, ലാപ്‌ടോപ് എന്നിവയ്ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മെമ്മറി ചിപ്പ് വിതരണം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് സാംസംഗ് ഇലക് ട്രോണിക്‌സ്.

2024ഓടെ പേഴ്‌സണല്‍ കംപ്യൂട്ടര്‍ വിപണിയില്‍ തിരിച്ചുവരവ് പ്രകടമായേക്കുമെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. ഹാര്‍ഡ്‌വെയറുകള്‍ക്കുണ്ടാകുന്ന കാലപ്പഴക്കവും ആഗോള സമ്പദ്‌വ്യവസ്ഥയുടെ മെച്ചപ്പെടലുമാണ് ഇതിന് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.