image

5 July 2022 3:11 AM GMT

Stock Market Updates

ഐടി കമ്പനികളുടെ ഒന്നാം പാദ ലാഭത്തിൽ കുറവുണ്ടായേക്കാം

Bijith R

L&T Technology
X

Summary

മുൻനിര ഐടി കമ്പനിയായ ടിസിഎസിന്റെ ഒന്നാം പാദഫലങ്ങൾ ഈ ആഴ്ച പുറത്തു വരുന്നതോടെ ഇന്ത്യൻ കമ്പനികളുടെ നടപ്പു സാമ്പത്തിക വർഷത്തെ പാദ ഫലങ്ങൾക്ക് തുടക്കമാവും. വേതന വർധനവും, വിസ-യാത്രാ ചെലവുകൾ വർധിച്ചതും മൂലം ഐടി സ്ഥാപനങ്ങളുടെ ലാഭത്തിൽ കാര്യമായ നേട്ടമുണ്ടാവില്ല എന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്. എങ്കിലും, വരുമാനം 2-5 ശതമാനം വരെ വർധിക്കാമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച, ഐടി ഓഹരികൾ വലിയ തോതിലുള്ള സമ്മർദ്ദമാണ് നേരിട്ടത്. ടിസിഎസ് 2.46 ശതമാനവും, വിപ്രോ 0.32 ശതമാനവും, ടെക് മഹിന്ദ്ര 1.01 […]


മുൻനിര ഐടി കമ്പനിയായ ടിസിഎസിന്റെ ഒന്നാം പാദഫലങ്ങൾ ഈ ആഴ്ച പുറത്തു വരുന്നതോടെ ഇന്ത്യൻ കമ്പനികളുടെ നടപ്പു സാമ്പത്തിക വർഷത്തെ പാദ ഫലങ്ങൾക്ക് തുടക്കമാവും. വേതന വർധനവും, വിസ-യാത്രാ ചെലവുകൾ വർധിച്ചതും മൂലം ഐടി സ്ഥാപനങ്ങളുടെ ലാഭത്തിൽ കാര്യമായ നേട്ടമുണ്ടാവില്ല എന്നാണ് വിദഗ്ദർ പ്രതീക്ഷിക്കുന്നത്. എങ്കിലും, വരുമാനം 2-5 ശതമാനം വരെ വർധിക്കാമെന്നാണ് കണക്കാക്കുന്നത്.

തിങ്കളാഴ്ച, ഐടി ഓഹരികൾ വലിയ തോതിലുള്ള സമ്മർദ്ദമാണ് നേരിട്ടത്. ടിസിഎസ് 2.46 ശതമാനവും, വിപ്രോ 0.32 ശതമാനവും, ടെക് മഹിന്ദ്ര 1.01 ശതമാനവും ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്.

ത്രൈമാസ കണക്കുകളേക്കാൾ വിപണി ഉറ്റുനോക്കുന്നത് കമ്പനികൾ നേടുന്ന പുതിയ ഇടപാടുകളും, പുതിയ നിയമനങ്ങളും, ജീവനക്കാരുടെ കൊഴിഞ്ഞുപോക്കും, 2023 സാമ്പത്തിക വർഷത്തിലെ വരുമാന വളർച്ചയുമായി ബന്ധപ്പെട്ട മാനേജമെന്റ് നിർദേശങ്ങളെയുമാണ്. വില വർധനയിൽ മാനേജ്മെന്റിനുള്ള പ്രതീക്ഷ, ക്ലയന്റ് ബഡ്ജറ്റിനെയും, ലാഭം കുറയുന്നതിനെയും കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകളെ ലഘൂകരിക്കും. 2023 സാമ്പത്തിക വർഷത്തെ മുൻനിര ഐടി കമ്പനികളുടെ വരുമാന കണക്കുകൂട്ടലുകളുടെ പുനഃപരിശോധനയും പ്രധാനമാണ്.

“ഞങ്ങൾ പ്രതീക്ഷിക്കുന്നത്, ഐടി കമ്പനികളുടെ മൊത്ത ലാഭത്തിൽ പാദാടിസ്ഥാനത്തിൽ 105 ബേസിസ് പോയിന്റ് കുറവുണ്ടാകുമെന്നാണ്. ഇതിനു കാരണം, ജീവനക്കരെ നിലനിർത്താനായി നൽകിയ ശമ്പള വർധനവും, അധിക ശമ്പള വർധനവും, ഉയർന്ന ട്രാവൽ/വിസ ചിലവുകളും, വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ്. പാദാടിസ്ഥാനത്തിൽ, ലാഭത്തിന് മേലുള്ള സമ്മർദ്ദം 30 ബേസിസ് പോയിന്റ് മുതൽ 270 ബേസിസ് പോയിന്റ് വരെ വർധിച്ചേക്കാം," ജെഫ്‌റീസിലെ അനലിസ്റ്റുകൾ പറഞ്ഞു.

എൽ ആൻഡ് ടി ഇൻഫോടെക്, ടെക് മഹീന്ദ്ര, കോഫോർജ് എന്നിവയ്ക്ക് മുമ്പുണ്ടായിരുന്നതിനേക്കാൾ ഉയർന്ന വേതന പരിഷ്കരണവും, ഇൻസെന്റീവ് നയങ്ങളും, ഒപ്പം ഉയർന്ന യാത്രാ/വിസ ചെലവുകളിലെ വർധനവും ലാഭത്തിൽ വലിയ ഇടിവുണ്ടാക്കിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, എച്ച്സിഎൽ, വിപ്രോ, ഇൻഫോസിസ് എന്നിവയ്ക്ക്, പാദാടിസ്ഥാനത്തിൽ, 30 മുതൽ 60 ബേസിസ് പോയിന്റ് വരെ മാത്രമേ ലാഭത്തിൽ കുറവുണ്ടാവുകയുള്ളൂ എന്നാണ് അനലിസ്റ്റുകൾ കണക്കാക്കുന്നത്.

ഐടി സേവന ദാതാക്കളുടെ ഡിമാന്റുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവു വരുന്നുണ്ടോ എന്ന് ഞങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. "മാനേജ്മെന്റുകളുമായ ചർച്ചകളിൽ നിന്നും ഞങ്ങൾക്കു മനസ്സിലായത് ടെക്നോളജി സേവനങ്ങൾക്കുള്ള ചെലവിടൽ ഇപ്പോഴും നല്ല നിലയിൽ തുടരുന്നുവെന്നാണ്. ഒന്നാം പാദത്തിൽ, റീട്ടെയിൽ, മാനുഫാക്ച്ചറിങ് മേഖലകളിൽ ഇതിന്റെ ആദ്യ പ്രതികരണങ്ങൾ കാണാൻ കഴിയും. ദീർഘ കാല ഡിമാൻഡ് ഇപ്പോഴും നല്ലനിലയിൽ തുടരുന്നു. എങ്കിലും, ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും അടുത്ത സാമ്പത്തിക വർഷവും ചില വെല്ലുവിളികൾ ഉയർന്നു വന്നേക്കാം. ഇതിനു കാരണം ഉയർന്ന പണപ്പെരുപ്പവും, യൂറോപ്പിലും അമേരിക്കയിലും ഉണ്ടായേക്കാവുന്ന സാമ്പത്തിക മാന്ദ്യവുമാണ്," അവർ പറഞ്ഞു.