1 May 2023 11:19 AM IST
Summary
- പുതിയ ഓർഡറുകളും ഉല്‍പ്പാദനവും വളര്‍ന്നു
- ഇന്‍പുട്ട് ചെലവുകളിലും വര്‍ധന
- തൊഴില്‍ നിയമനങ്ങളിലും ഉയര്‍ച്ച
ഈ കലണ്ടർ വർഷത്തിലെ ഏറ്റവും വേഗതയേറിയ നിരക്കില്‍ ഏപ്രിലില്‍ ഇന്ത്യയുടെ മാനുഫാക്ചറിംഗ് വ്യവസായം വികസിച്ചു. ശക്തമായ ഫാക്ടറി ഓർഡറുകളുടെയും ഉൽപ്പാദനത്തിന്റെയും പിൻബലത്തിലാണ് മാനുഫാക്ചറിംഗ് പിഎംഐ നാലുമാസത്തെ ഉയര്‍ച്ചയിലേക്ക് എത്തിയിട്ടുള്ളത്.
എസ് ആന്റ് പി ഗ്ലോബൽ ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേർസ് ഇന്‍ഡെക്സ് (പിഎംഐ) മാര്‍ച്ചിലെ 56.4ൽ നിന്ന് ഏപ്രിലിൽ 57.2 ആയി ഉയർന്നു. പിഎംഐയിലെ എല്ലാ ഉപഘടകങ്ങളും എപ്രിലിലെ ശക്തമായ വളര്‍ച്ചയ്ക്ക് പിന്തുണയേകി. സൂചികയില്‍ 50നു മുകളിലുള്ള നില വികാസത്തെയും അതിനു താഴെയുള്ള നില സങ്കോചത്തെയും സൂചിപ്പിക്കുന്നു.
"താരതമ്യേന നേരിയ വില സമ്മർദ്ദം, മെച്ചപ്പെട്ട അന്താരാഷ്ട്ര വിൽപ്പന, വിതരണ ശൃംഖല മെച്ചപ്പെടുത്തൽ എന്നിവയും കമ്പനികൾക്ക് പ്രയോജനം ചെയ്തു," എസ് ആന്റ് പി ഗ്ലോബൽ മാർക്കറ്റ് ഇന്റലിജൻസിലെ ഇക്കണോമിക്സ് അസോസിയേറ്റ് ഡയറക്ടർ പോളിയാന ഡി ലിമ പറഞ്ഞു. 2023-ൽ ഇതുവരെയുള്ള ഏറ്റവും ശക്തമായ രീതിയില്‍ പുതിയ ജോലിയുടെ വരവ് കാണുന്നുണ്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ശേഷി വിപുലീകരിക്കപ്പെടുകയും. ഇൻപുട്ട് വാങ്ങൽ ഉയരുകയും ചെയ്തെന്ന് അവര്‍ വിശദീകരിച്ചു
പുതിയ ഓർഡറുകളും ഉല്‍പ്പാദനവും ഡിസംബറിന് ശേഷമുള്ള ഏറ്റവും വേഗത്തിൽ വളർന്നു. ഇത് ഏപ്രിലിൽ നിയമനം പുനരാരംഭിക്കാൻ കമ്പനികളെ സഹായിച്ചു. മാര്‍ച്ചില്‍ 13 മാസത്തിനിടയിലെ ആദ്യ ഇടിവ് നിയമനങ്ങളില്‍ ഉണ്ടായിരുന്നു. ഏപ്രിലിൽ നാല് മാസത്തിനിടയിലെ ഏറ്റവും വേഗത്തിൽ വിദേശത്തു നിന്നുള്ള ആവശ്യകത വർധിക്കുകയും ശുഭാപ്തിവിശ്വാസം മെച്ചപ്പെടുകയും ചെയ്തുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഏപ്രിലിൽ ഇൻപുട്ട് ചെലവുകൾ കൂടുതല്‍ വേഗത്തില്‍ ഉയർന്നതായി സർവേ കാണിക്കുന്നു, എന്നിരുന്നാലും ആവശ്യകത മെച്ചപ്പെടുന്നതിനാല്‍ കമ്പനികൾക്ക് ഈ ഭാരത്തില്‍ കുറച്ച് ഉപഭോക്താക്കളിലേക്ക് കൈമാറാൻ കഴിഞ്ഞു. ചില്ലറ പണപ്പെരുപ്പം ഉയർന്ന നിലയില്‍ തന്നെ നിലനില്‍ക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.