image

9 Aug 2023 12:08 PM GMT

Industries

ഗോതമ്പ് വില ആറുമാസത്തെ ഉയര്‍ന്ന നിലയില്‍

MyFin Desk

wheat prices hit six-month high
X

Summary

  • ധാന്യങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്‌തേക്കാം
  • സര്‍ക്കാര്‍ വെയര്‍ ഹൗസുകളില്‍നിന്ന് വിപണിയിലേക്ക് സ്റ്റോക്ക് എത്തിക്കണം
  • ഇറക്കുമതി കൂടാതെ സപ്ലൈസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയില്ല


പരിമിതമായ വിതരണവും ഉത്സവ സീസണിന് മുമ്പുള്ള ശക്തമായ ഡിമാന്‍ഡും കാരണം രാജ്യത്ത് ഗോതമ്പ് വില ആറ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയതായി ഡീലര്‍മാര്‍ പറയുന്നു. പ്രധാന സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കും അടുത്ത വര്‍ഷത്തെ പൊതു തെരഞ്ഞെടുപ്പിനും മുന്നോടിയായി വിതരണം വര്‍ധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനും ധാന്യങ്ങളുടെ ഇറക്കുമതി തീരുവ ഇല്ലാതാക്കാന്‍ വിലവര്‍ധനവ് സര്‍ക്കാരിനെ പ്രേരിപ്പിച്ചേക്കാം.

വര്‍ധിച്ചുവരുന്ന ഗോതമ്പ് വില ഭക്ഷ്യ വിലക്കയറ്റത്തിന് സാഹചര്യമൊരുക്കും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാരിന്റെയും കേന്ദ്ര ബാങ്കിന്റെയും ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും. എല്ലാ പ്രധാന ഉല്‍പ്പാദന സംസ്ഥാനങ്ങളിലും കര്‍ഷകരുടെ വിതരണം ഏതാണ്ട് നിലച്ചിരിക്കുന്നു. മില്ലുകള്‍ വിപണിയിലേക്ക് ആവശ്യത്തിന് സാധനമെത്തിക്കുന്നതിനായി പാടുപെടുന്നു.

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഗോതമ്പ് വില ചൊവ്വാഴ്ച 1.5ശതമാനം ഉയര്‍ന്ന് ടണ്ണിന് 25,446 രൂപ ആയി. ഫെബ്രുവരി 10 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ നാല് മാസത്തിനിടെ വിലയില്‍ ഏകദേശം 18 ശതമാനം വര്‍ധനയാണ് ഉണ്ടായത്.

ഉത്സവ സീസണില്‍ ഉണ്ടാകാനിടയുള്ള ക്ഷാമം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അതിന്റെ വെയര്‍ഹൗസുകളില്‍ നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റിലേക്ക് സ്റ്റോക്കുകള്‍ പുറത്തിറക്കണമെന്ന് പ്രധാന ഡീലര്‍മാര്‍ ആവശ്യപ്പെടുന്നു.

ഓഗസ്റ്റ് ഒന്നിലെ കണക്കനുസരിച്ച്, സര്‍ക്കാര്‍ വെയര്‍ഹൗസുകളിലെ ഗോതമ്പ് സ്റ്റോക്ക് 28.3 ദശലക്ഷം ടണ്ണാണ്, ഇത് ഒരു വര്‍ഷം മുമ്പ് രേഖപ്പെടുത്തിയ 26.6 ദശലക്ഷം ടണ്ണില്‍ നിന്ന് വര്‍ധിച്ചു. ''വില കുറയ്ക്കാന്‍ ഇറക്കുമതി ആവശ്യമാണ്. ഇറക്കുമതി കൂടാതെ സപ്ലൈസ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് കഴിയില്ല,'' ഡീലര്‍മാര്‍ പറഞ്ഞു.

ഗോതമ്പിന്റെ 40ശതമാനം ഇറക്കുമതി നികുതി വെട്ടിക്കുറയ്ക്കാനോ നിര്‍ത്തലാക്കാനോ ഇന്ത്യ ആലോചിക്കുന്നുണ്ടെന്നും മില്ലുകള്‍ക്കും വ്യാപാരികള്‍ക്കും കൈവശം വയ്ക്കാവുന്ന ഗോതമ്പ് സ്റ്റോക്കിന്റെ പരിധി കുറയ്ക്കാനും ആലോചിക്കുന്നതായും ഭക്ഷ്യ മന്ത്രാലയത്തിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ സഞ്ജീവ് ചോപ്ര കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

കഴിഞ്ഞവര്‍ഷം ഗോതമ്പ് ഉല്‍പ്പാദനം റെക്കോര്‍ഡ് 112.74 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. അതിനു മുന്‍വര്‍ഷം ഇത് 107.7 ദശലക്ഷം ടണ്ണായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.