19 May 2023 3:27 PM GMT
Summary
- നിക്ഷേപം ആകര്‍ഷിക്കുന്നതിന് ദീര്‍ഘകാല നയങ്ങളായി
- രാജ്യം വ്യവസായ സൗഹൃദം
- കയറ്റുമതിയും ഇറക്കുമതിയും വളരെവേഗം സാധ്യമാകുന്നു
വന്‍തോതിലുള്ള ബിസിനസ് അവസരങ്ങള്‍ നല്‍കുന്ന ഇന്ത്യയുടെ പെട്രോകെമിക്കല്‍ വ്യവസായത്തില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ ക്ഷണിച്ച് കേന്ദ്ര രാസവളം മന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഏഷ്യ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സ് 2023-നെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും ഒപ്പമാണെന്നും പ്രവര്‍ത്തനങ്ങള്‍
വ്യവസായ സൗഹൃദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര-വിദേശ കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ് മേഖലയ്ക്കായി സര്‍ക്കാര്‍ ദീര്‍ഘകാല നയങ്ങള്‍ ആവിഷ്‌കരിക്കുകയാണ്.
സുസ്ഥിര വികസനത്തിനായി മികച്ച നിക്ഷേപം ഉണ്ടാകേണ്ടത് അനിവാര്യമാണ്.
'ആഗോളതലത്തില്‍ പെട്രോകെമിക്കല്‍സിന്റെ പുതിയ ലക്ഷ്യസ്ഥാനമാകാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. രാജ്യത്തിന്റെ ബിസിനസ് സൗഹൃദ നയങ്ങള്‍ കാരണം, ലോകം ഇന്ത്യയെ ഒരു വിശ്വസ്ത പങ്കാളിയായും നിക്ഷേപത്തിനുള്ള മുന്‍ഗണനാ ലക്ഷ്യമായും ഇന്ന് കാണുന്നുണ്ട്'മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യന്‍ കെമിക്കല്‍ നിര്‍മ്മാണ വ്യവസായം യഥാര്‍ത്ഥത്തില്‍പെട്രോകെമിക്കല്‍സിന്റെ വളര്‍ന്നുവരുന്ന ആഗോള ഉല്‍പ്പാദന കേന്ദ്രങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് സര്‍ക്കാരിന്റെ നയം തന്നെ വ്യവസായ സൗഹൃദം എന്നതാണ്. ഇവിടെ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍, കൂടുതല്‍ നിയമക്കുരുക്കുകള്‍ ഒഴിവാക്കുക തുടങ്ങിയ നയപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഈ നടപടികള്‍ വ്യവസായ സൗഹൃദ നയത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്-മന്ത്രി പറഞ്ഞു. തന്നെയുമല്ല രാസവസ്തുക്കളുടെയും പെട്രോകെമിക്കല്‍ ഉല്‍പ്പനങ്ങളുടേയും ആഗോള വിതരണ ശൃംഖലയില്‍ വിശ്വസ്ത പങ്കാളിയാകാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധവുമാണ്.
ഇത്രയും വലിയ ജനസംഖ്യയുള്ള രാജ്യത്ത് നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിത്. എല്ലാതലത്തിലും നിക്ഷേപത്തിന് ഇന്ത്യ യോജിച്ച രാജ്യമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഏറ്റവും വലിയ വിപണിയെ വിദേശ കമ്പനികള്‍ ഒഴിവാക്കില്ല. ഇന്ന് പല രാജ്യങ്ങളുമായും ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളിലും ഏര്‍പ്പെടുന്നുണ്ട്.
പെട്രോകെമിക്കല്‍ ലഭ്യതയുടെ പ്രധാന പ്രശ്‌നം പരിഹരിക്കുന്നതിന് ആഭ്യന്തര, വിദേശ സ്രോതസ്സുകളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കുക എന്നതു മുന്‍നിര്‍ത്തി അതിനുള്ള നയങ്ങള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തി. രാസ വസ്തുക്കളുടെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങളും സര്‍ക്കാര്‍ വരുത്തിക്കഴിഞ്ഞു. ബുദ്ധിമുട്ടുള്ളതും തന്ത്രപരവുമായ രാസവസ്തുക്കളുടെ നിര്‍മ്മാണം സംബന്ധിച്ചും നയങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
എളുപ്പത്തില്‍ ഇറക്കുമതി ചെയ്യാനും കയറ്റുമതി ചെയ്യാനും ഇന്ത്യ അവസരമൊരുക്കുന്നു. ഇത് വിദേശ രാജ്യങ്ങളുമായുള്ള സംയുക്ത സംരഭങ്ങള്‍ക്ക് വിജയ സാഹചര്യം ഒരുക്കുന്നതായും മന്ത്രി പറഞ്ഞു.ഇന്ത്യ, ജപ്പാന്‍, കൊറിയ, മലേഷ്യ, സിംഗപ്പൂര്‍, തായ്വാന്‍, തായ്ലന്‍ഡ് എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ഏഷ്യാ പെട്രോകെമിക്കല്‍ ഇന്‍ഡസ്ട്രി കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്.
ഏഴ് അംഗരാജ്യങ്ങളില്‍ നിന്നുള്ള 1,200-ലധികം പ്രതിനിധികളാണ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തത്. കൂടാതെ യൂറോപ്പ്, ചൈന, അമേരിക്ക, മിഡില്‍ ഈസ്റ്റ്, മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍, പ്രധാന രാജ്യങ്ങളിലെ മറ്റ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സമ്മേളനത്തിന്റെ ഭാഗമായി.