image

13 May 2023 8:00 AM GMT

Industries

വന്‍ തിരിച്ചുവരവ്; ലാഭത്തില്‍ റെക്കോഡിട്ട് എമിറേറ്റ്‌സ് വിമാനക്കമ്പനി

MyFin Desk

വന്‍ തിരിച്ചുവരവ്; ലാഭത്തില്‍  റെക്കോഡിട്ട് എമിറേറ്റ്‌സ് വിമാനക്കമ്പനി
X

Summary

  • 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത്10.9 ബില്യണ്‍ ദിര്ഹത്തിന്റെ ലാഭം .
  • വ്യോമയാന രംഗത്തെ ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ട് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം
  • മുന്‍ സാമ്പത്തികവര്‍ഷം 3.9 ബില്യണ്‍ ദിര്‍ഹം നഷ്ടത്തിൽ


വിമാനക്കമ്പനികളില്‍ പലതും പാപ്പരായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ലാഭത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ദുബൈയുടെ വിമാന കമ്പനിയായ എമിറേറ്റ്‌സ് ഗ്രൂപ്പ്. കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ പ്രശ്‌നങ്ങള്‍ മറികടന്ന് 10.9 ബില്യണ്‍ ദിര്‍ഹത്തിന്റെ ലാഭമാണ് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി നേടിയത്.

കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ മുന്‍ സാമ്പത്തികവര്‍ഷം 3.9 ബില്യണ്‍ ദിര്‍ഹം നഷ്ടത്തിലായിരുന്നു കമ്പനി. എന്നാല്‍ വന്‍ തിരിച്ചുവരവാണ് ഇപ്പോള്‍ ദുബൈയുടെ വിമാനകമ്പനി നടത്തിയത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ 119.8 ബില്യണ്‍ ദിര്‍ഹമിന്റെ വരുമാനമുണ്ടാക്കിയതായി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു. എമിറേറ്റ്‌സ് മാത്രം 10.6 ശതകോടി ലാഭമുണ്ടാക്കിയപ്പോള്‍, ഗ്രൂപ്പിന്റെ ഭാഗമായ ഡനാട്ട 331 ദശലക്ഷം ദിര്‍ഹത്തിന്റെ ലാഭമുണ്ടാക്കി.

അതിനിടെ വിവിധ നൂതന പദ്ധതികളും എമിറേറ്റ്‌സ് ആവിഷ്‌കരിക്കുന്ന വാര്‍ത്തകളും ഇയിടെ പുറത്തു വന്നിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് വ്യോമയാന ഗതാഗത രംഗത്തെ ഇന്ധന ഉപഭോഗവുമായി ബന്ധപ്പെട്ട് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതായാണ് വാര്‍ത്ത വന്നത്.

മറ്റൊന്ന്, ഒരേ ടിക്കറ്റില്‍ ഇത്തിഹാദ് എയര്‍വേസിലും എമിറേറ്റ്‌സിലും പറക്കാനാവും എന്ന ആശയം ഈ മാസം ആദ്യം അവതരിപ്പിച്ചു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ എമിറേറ്റ്‌സും ഇത്തിഹാദും ഒപ്പിട്ടു കഴിഞ്ഞു. ഇതുപ്രകാരം യുഎഇയില്‍ എത്തുന്നവര്‍ക്ക് ഒറ്റ ടിക്കറ്റില്‍ അബൂദബിയില്‍ നിന്നോ ദുബൈയില്‍ നിന്നോ ഈ കമ്പനികളുടെ വിമാനങ്ങളില്‍ യാത്ര ചെയ്യാനാവും. ഇതോടെ എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വിമാനാത്താവളത്തില്‍ ഇറങ്ങുന്ന യാത്രക്കാരന് അതേ ടിക്കറ്റില്‍ അബൂദബിയില്‍ നിന്ന് ഇത്തിഹാദ് വിമാനത്തില്‍ തിരിച്ചു പോകാന്‍ കഴിയും.

പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ് എമിറേറ്റ്‌സ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എയര്‍ലൈന്റെ പ്രസിഡന്റ് ടിം ക്ലാര്‍ക്ക് പറഞ്ഞു.

'വാണിജ്യ വിമാനം, എഞ്ചിന്‍ സാങ്കേതികവിദ്യ, ഇന്ധന വിതരണ ശൃംഖല, പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയിലെല്ലാം ദീര്‍ഘവും പ്രായോഗികവുമായ കാഴ്ചപ്പാടുകളും അന്വേഷണങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലേക്കും തിരിച്ചും വിമാനസര്‍വീസ് നടത്തുന്ന ഏറ്റവും വലിയ വിമാനക്കമ്പനി കൂടിയാണ് എമിറേറ്റ്‌സ്.

ദുബൈയില്‍ നിന്നും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആഴ്ചയില്‍ മുന്നൂറിലേറെ സര്‍വീസുകള്‍ എമിറേറ്റ്‌സ് നടത്തുന്നുണ്ട്. 1985 ല്‍ ദുബൈയില്‍ നിന്നും കറാച്ചിയിലേക്ക് ആദ്യമായി പറന്ന എമിറേറ്റ്‌സ് ഇന്ന് ലോകത്തിന്റെ വിവിവിധ ഭാഗങ്ങളെ യു.എ.ഇയുമായി ബന്ധിപ്പിക്കുകയാണ്.