image

28 April 2023 4:02 PM GMT

Industries

ഉയര്‍ന്ന പലിശയിലും ഭവന വായ്പകള്‍ 15% ഉയര്‍ന്നു

MyFin Desk

high interest rate hike housing loan
X

Summary

  • മൊത്തം വ്യക്തിഗത വായ്പകളില്‍ 20.6% വളർച്ച
  • വ്യാവസായിക വായ്പാ വളര്‍ച്ചയില്‍ ഇടിവ്
  • കാര്‍ഷിക വായ്പകളില്‍ ഉയര്‍ച്ച


ഉയർന്ന പലിശനിരക്കിലും ഭവനവായ്പകള്‍ക്കുള്ള ആവശ്യകത മികച്ച നിലയില്‍ തുടരുന്നുവെന്ന് വ്യക്തമാക്കുന്ന ഡാറ്റ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഈ വർഷം മാർച്ച് അവസാനത്തോടെ ഭവന വായ്പ കുടിശ്ശിക 15 ശതമാനം ഉയർന്ന് റെക്കോർഡ് നിലയായ 19.36 ലക്ഷം കോടി രൂപയിലെത്തി.

2022 മാർച്ച് അവസാനം കുടിശ്ശികയുള്ള ഭവനവായ്പ 16.84 ലക്ഷം കോടി രൂപയായിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12.9% ഉയര്‍ച്ചയാണ് അന്ന് രേഖപ്പെടുത്തിയിരുന്നത്. 2021 മാർച്ച് അവസാനത്തില്‍ 14.92 ലക്ഷം കോടി രൂപയായിരുന്നു ഭവന നിർമ്മാണത്തിനുള്ള (മുൻഗണനാ മേഖലയിലുള്ള ഭവന നിർമ്മാണം ഉൾപ്പെടെ) വായ്പ കുടിശ്ശിക.

2022 മെയ് മുതലുള്ള കാലയളവില്‍ റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് 250 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്, ഇത് റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിനുള്‍പ്പടെയുള്ള എല്ലാ വായ്പകളുടെയും പലിശ നിരക്ക് വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ചു.

2023 മാർച്ച് അവസാനത്തിലെ ബാങ്ക് വായ്പയുടെ വിവിധ വിഭാഗങ്ങള്‍ തിരിച്ചുള്ള കണക്കാണ് കേന്ദ്ര ബാങ്ക് പുറത്തുവിട്ടിട്ടുള്ളത്. വ്യക്തിഗത വായ്പകൾ 2023 മാർച്ചിൽ 20.6 % വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലിത് 12.6% ആയിരുന്നു, പ്രാഥമികമായി ഭവനനിർമ്മാണ വായ്പകളാണ് ഈ വിഭാഗത്തിലെ വളര്‍ച്ചയെ നയിച്ചത്. വ്യക്തിഗത വായ്പ വിഭാഗത്തിൽ ഉപഭോക്തൃ ഡ്യൂറബിൾസ്, ഹൗസിംഗ്, ഫിക്സഡ് ഡിപ്പോസിറ്റുകളുടെ ഈടിലെ വായ്പകള്ർ, ക്രെഡിറ്റ് കാർഡ് കുടിശ്ശിക, വിദ്യാഭ്യാസ വായ്പകള്ർ, വാഹന വായ്പകൾ എന്നിവ ഉൾപ്പെടുന്നു.

വ്യാവസായിക വായ്പാ വളര്‍ച്ച 2022 മാർച്ചില്‍ 7.5% ആയിരുന്നെങ്കില്‍ 2023 മാർച്ചിൽ ഇത് 5.7% രേഖപ്പെടുത്തി.വൻകിട വ്യവസായങ്ങൾക്കുള്ള വായ്പാ വളര്‍ച്ച ഒരു വർഷം മുമ്പത്തെ 2%ൽ നിന്ന് 3% ആയി . ഇടത്തരം വ്യവസായങ്ങളുടെ വായ്പാ വളർച്ച 54.4 %ൽ നിന്ന് 19.6% ആയി.. സൂക്ഷ്മ ചെറുകിട വ്യവസായങ്ങൾക്കുള്ള വായ്പാ വളര്‍ച്ച 2022 മാർച്ചിലെ 23.0%ൽ നിന്ന് ഇടിഞ്ഞ് 2023 മാര്‍ച്ചില്‍ 12.3% എന്നതിലേക്ക് എത്തി. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള വായ്പകൾ കഴിഞ്ഞ വര്‍ഷത്തെ 9.9%ൽ നിന്ന് 15.4 % എന്ന നിലയിലേക്ക് ഉയർന്നെന്ന് ആർബിഐ അറിയിച്ചു.

തിരഞ്ഞെടുത്ത 40 ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളിൽ നിന്നാണ് 2023 മാർച്ചിലെ ബാങ്ക് ക്രെഡിറ്റിന്‍റെ വിവിധ വിഭാഗങ്ങളിലേക്കുള്ള വിന്യാസത്തെക്കുറിച്ചുള്ള ഡാറ്റ ശേഖരിച്ചിട്ടുള്ളത്. എല്ലാ ബാങ്കുകളും നല്‍കിയിട്ടുള്ള മൊത്തം ഭക്ഷ്യേതര വായ്പയുടെ 93 ശതമാനം ഈ ബാങ്കുകളുടേതാണ്.