8 Jan 2024 6:16 AM GMT
Summary
- ദേശീയ പിഎസിഎസ് മെഗാ കോണ്‍ക്ലേവില്‍ അമിത് ഷാ അധ്യക്ഷനാകും
- ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പിഎസിഎസിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു
- രാജ്യത്ത് ഏകദേശം 63,000 ഫങ്ഷണല്‍ പിഎസിഎസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്
ന്യൂഡല്‍ഹി: പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (പിഎസിഎസ്; PACS) ജന്‍ ഔഷധി കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ തയ്യാറെടുക്കുന്ന ഈയവസരത്തിൽ ഇന്ന് ആരംഭിച്ച നാഷണൽ പിഎസിഎസ് മെഗാ കോണ്‍ക്ലേവില്‍ കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പുതിയ സംരംഭത്തിന്റെ അവലോകനം നടത്തും.
പൊതുവിപണിയില്‍ ലഭ്യമായ ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ 50-90 ശതമാനം വിലക്കുറവുള്ള ഗുണനിലവാരമുള്ള ജനറിക് മരുന്നുകള്‍ പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്ക് നല്‍കി വരികയാണ്. 2000-ലധികം തരം ജനറിക് മരുന്നുകളും 300-ഓളം ശസ്ത്രക്രിയാ ഇനങ്ങളും ഈ കേന്ദ്രങ്ങളിലൂടെ ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുന്നുണ്ട്.
നാഷണല്‍ കോഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍സിഡിസി; NCDC) സഹകരണത്തോടെ സഹകരണ മന്ത്രാലയം വിജ്ഞാന് ഭവനില്‍ സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ സഹകരണ മന്ത്രാലയത്തിലെ കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളുടെ രജിസ്ട്രാര്‍മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്..
പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പിഎസിഎസിന് അടുത്തിടെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. 2,300-ലധികം സഹകരണ സംഘങ്ങള്‍ക്ക് ഇതിനകം പ്രാഥമിക അനുമതി ലഭിച്ചതായും അവയില്‍ 149 എണ്ണം ജന്‍ ഔഷധി കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായകമാകും.
നിലവില്‍, രാജ്യത്ത് ഏകദേശം 63,000 ഫങ്ഷണല്‍ പിഎസിഎസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.