22 Nov 2022 10:06 AM GMT
Summary
ഉടൻ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളും മാനസികരോഗ്യ പരിരക്ഷയ്ക്കുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടുകഴിഞ്ഞു. രോഗ ബാധിതനായതു മുതല്‍ ആശുപത്രിവാസത്തിന്റെയും ഡിസ്ചാര്‍ജ് ശേഷമുള്ള എല്ലാ ചെലവുകളും ഈ പരിരക്ഷയില്‍ ഉള്‍പ്പെടും.
കൊച്ചി: ചിരിക്കാന്‍ മറന്ന ദിവസങ്ങള്‍, തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍, ഉറങ്ങാന്‍ മറക്കുന്ന കണ്ണുകള്‍, സമനില തെറ്റുന്ന ചിന്തകള്‍... ജീവിതം ജീവിക്കാന്‍ പറ്റാതാകുന്ന സാഹചര്യങ്ങള്‍... ഇത്രയും സങ്കീര്‍ണ്ണമാണോ മനസ്സൊന്നു താളം തെറ്റിയാല്‍? അതെ എന്നല്ല, തീര്‍ച്ചയായും എന്നു വേണം മറുപടി പറയാന്‍. അത്രകണ്ട് കടുത്ത സംഘട്ടനമാണ് വൈകാരികത നമ്മളില്‍ നടത്തുന്നത്. ശാരീരികാരോഗ്യം പോലെ തന്നെ കരുതല്‍ നല്‍കേണ്ടതാണ് മാനസികാരോഗ്യത്തിനും. ചെറിയ അസ്വസ്ഥതകള്‍ പോലും കടുത്ത വിഷാദത്തിലേക്കും പിന്നീട് ആത്മഹത്യകളിലേക്കും മനുഷ്യരെ തള്ളിവിടുന്നത് ഈ കരുതലിന്റെ അഭാവമാണ്.
ഒറ്റപ്പെടലുകളിലെ ആനന്ദം ഒരു പരിധി വരെ കെട്ടുകഥയാണ്. അടുത്തിരിക്കുന്നവനെ പോലും അറിയിക്കാതെ പ്രശ്‌നങ്ങളെ ഉള്ളിലൊളിപ്പിച്ചും അവയില്‍ നിന്നും ഓടിയൊളിച്ചും ചങ്ങലക്കിട്ട മനസ്സൊരിക്കല്‍ കെട്ടുപൊട്ടിക്കും. അണപൊട്ടിയൊഴുകുന്ന മനസിനെ എങ്ങനെ പരിചരിക്കണമെന്ന പ്രാഥമിക വിവേകം പോലും നമുക്കില്ല. പൊതു സമൂഹത്തിന്റെ 'ഭ്രാന്തെന്ന' ചട്ടക്കൂടുകള്‍ പൊട്ടിച്ച,് പനി പോലെ, മറ്റ് രോഗങ്ങള്‍ പോലെ ഡോക്ടറെ കാണേണ്ട രോഗം മാത്രമായി എന്നു മുതല്‍ നമ്മള്‍ മാനസികാരോഗ്യത്തെ കണ്ട് തുടങ്ങും.
സമീപ കാലത്ത് പല സെലിബ്രിറ്റികളും ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വന്ന മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പൊതു ഇടത്തില്‍ തുറന്ന് പറയാന്‍ തുടങ്ങിയത് ഈ വിഷയത്തില്‍ സ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും സാധാരണ ജനങ്ങളുടെ അജ്ഞതയും തെറ്റിധാരണകളും ചികിത്സ വൈകുന്നതിന് കാരണമാകുന്നുണ്ട്. പലരും ഇപ്പോഴും ആചാരങ്ങളും അനുഷ്ഠാനങ്ങളും വഴിയും പരമ്പരാഗത മാര്‍ഗ്ഗങ്ങളും ആശ്രയിക്കുന്നവരാണ്. അതിനാല്‍ അവബോധം സൃഷ്ടിക്കുക എന്നത് അത്യന്താപേക്ഷിതമാണ്.
കണക്കില്‍ പെടുത്തി രാജ്യം
ലോക ഹാപ്പിനസ് റിപ്പോര്‍ട്ട് 2021 അനുസരിച്ച്, കൊവിഡ് മൂലമുണ്ടായ ലോക്ക്ഡൗണുകള്‍ പ്രതികൂലമായി ബാധിച്ചത് മാനസികാരോഗ്യത്തെയാണ്. സ്ത്രീകളും യുവാക്കളും ദരിദ്രരുമാണ് ഏറ്റവും കൂടുതല്‍ ഇരകളായത്. അതിനാല്‍ തന്നെ മാനസിക ക്ഷേമത്തില്‍ നിലവിലുള്ള അസമത്വങ്ങള്‍ വര്‍ധിക്കുകയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷത്തില്‍ 21 പേര്‍ എന്നതാണ് രാജ്യത്തെ ആത്മഹത്യാ നിരക്ക്. മാനസികാരോഗ്യ പ്രശ്നങ്ങളാല്‍ തൊഴില്‍ദിനങ്ങള്‍ കുറയുന്നതും ജീവനക്കാരുടെ കാര്യക്ഷമതയില്‍ വരുന്ന കുറവും നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്.
ഇന്ത്യന്‍ മെന്റല്‍ ഹെല്‍ത്ത് ഒബ്‌സെര്‍വേറ്ററിയുടെ അവലോകന പ്രകാരം, കേന്ദ്ര ബജറ്റില്‍ 932.13 കോടി രൂപയാണ് മാനസികാരോഗ്യ മേഖലയ്ക്ക് നീക്കി വച്ചിരിക്കുന്നത്. ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന് 597.14 കോടി രൂപയാണ് ഈ വിഭാഗത്തില്‍ നല്‍കിയിരിക്കുന്നത്. കൂടാതെ സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് 334.78 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ടെലി മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്.
2019-20 സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ത്ഥ കണക്കുകളെ അപേക്ഷിച്ച് ആരോഗ്യ-കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ മൊത്തം ചെലവ് ബജറ്റ് 15 ശതമാനം വര്‍ധിച്ചു. അതായത് മന്ത്രാലയത്തിന് കീഴിലുള്ള മാനസികാരോഗ്യത്തിനുള്ള ബജറ്റില്‍ 90 ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍. മാത്രമല്ല മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് കൃത്യമായ ഡാറ്റ ഇല്ലായ്മയും എടുത്ത് പറയേണ്ടതാണ്.
ചികിത്സാ ചെലവിന് ഇന്‍ഷുറന്‍സ് സഹായം
സാധാരണ ചികിത്സാ രീതികളില്‍ നിന്നും വ്യത്യസ്തമായതിനാല്‍ തന്നെ ഒരല്‍പ്പം ചെലവേറിയതാണ് മാനസികാരോഗ്യ ചികിത്സ. ദീര്‍ഘകാലടിസ്ഥാനത്തില്‍ ചികിത്സ അനിവാര്യമാണ്. നിരവധി കണ്‍സള്‍ട്ടേഷനുസകളും കൗണ്‍സിലിങ്ങുകളുമായി അത് നീണ്ടു പോയേക്കാം. മാത്രമല്ല ഡോക്ടര്‍മാര്‍ എഴുതി നല്‍കുന്ന മരുന്നുകള്‍ക്കും സാമാന്യേന വിലയുണ്ട്. എന്നാല്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാണ്. ഇതിന് വഴിവച്ചത് 2017 മെന്റല്‍ ഹെല്‍ത്ത് ആക്ടും. ശാരീരികവും മാനസികവുമായ ആരോഗ്യ അവസ്ഥകളെ തുല്യ അടിസ്ഥാനത്തില്‍ ചികിത്സിക്കുന്നതിന് മുന്‍ഗണന നല്‍കികൊണ്ടുള്ളതാണ് ഈ നിയമം.
ഉടൻ തന്നെ ഇന്‍ഷുറന്‍സ് കമ്പനികളും മാനസികരോഗ്യ പരിരക്ഷയ്ക്കുള്ള നിയന്ത്രണങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടുകഴിഞ്ഞു. രോഗ ബാധിതനായതു മുതല്‍ ആശുപത്രിവാസത്തിന്റെയും ഡിസ്ചാര്‍ജ് ശേഷമുള്ള എല്ലാ ചെലവുകളും ഈ പരിരക്ഷയില്‍ ഉള്‍പ്പെടും. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന് വരെ അപകടമാകുമെന്നതിനാല്‍ ഈ നീക്കം അനിവാര്യമാണ്. അക്യൂട്ട് ഡിപ്രഷന്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഈറ്റിംഗ് ഡിസോര്‍ഡേഴ്‌സ്, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (ടിപിഎസ്ഡി), സ്‌കീസോഫ്രീനിയ, ഡിമെന്‍ഷ്യ തുടങ്ങിയവ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുമെന്നാണ് വിലയിരുത്തുന്നത്.
പൊതു ഇന്‍ഷുറന്‍സ് കമ്പനികളായ എച്ച്ഡിഎഫ്‌സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സ്, ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി, നിവാ ബുപഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഐസിഐസിഐ ലോംബാര്‍ഡ് തുടങ്ങിയവ മാനസികാരോഗ്യ പരിരക്ഷണത്തിനുള്ള പോളിസികള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമാന്ദ്യവും മയക്കുമരുന്ന് അല്ലെങ്കില്‍ മദ്യത്തിന്റെ ഉപയോഗത്തിന്റെ ഫലമായുണ്ടാകുന്ന ക്ലെയിമുകളൊന്നും ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടില്ലെന്ന് ചില കമ്പനികള്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
കേരളം മാനസികാരോഗ്യത്തിനൊപ്പം
ലഹരി വസ്തുക്കളുടെ ഉപയോഗത്തിലുള്ള വര്‍ധനവും, സാമൂഹിക-സാമ്പത്തിക മാറ്റങ്ങളും മലയാളികളെ മാനസിക രോഗകളാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ താളം തെറ്റുന്ന മനസുമാണ് ജീവിക്കുന്നത്. 1982 ല്‍ ദേശീയ മാനസികാരോഗ്യ പദ്ധതിയുടെ ചുവടു പിടിച്ച് 1999 ലാണ് കേരളം ജില്ലാ മാനസികാരോഗ്യ പദ്ധിയിലൂടെ ഈ മേഖലയിലേയ്ക്ക് എത്തുന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയായാണ് കേരളം തുടക്കമിട്ടത്. പ്രാഥമിക ആരോഗ്യ തലത്തില്‍ മാനസിക രോഗ ചികിത്സ ലഭ്യമാക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പകല്‍ വീട് സംവിധാനവും കേരളം ഒരുക്കുന്നുണ്ട്. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളില്‍ മൂന്ന് വീതവും, മറ്റ് ജില്ലകളില്‍ രണ്ട് വീതവും കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 34 ഓളം പകല്‍ വീടുകളാണ് കേരള സര്‍ക്കാരിന്റെ 2020 ലെ കണക്കുകള്‍ പ്രകാരം കേരളത്തിലുള്ളത്.
വിഷാദ രോഗികള്‍ക്കായി ക്ലിനിക്കുകളും കേരളത്തിലുണ്ട്. 2020 ലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷം ജനസംഖ്യയ്ക്ക് 0.6 എന്ന തരത്തില്‍ ഏറ്റവും കൂടുതല്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ ഉള്ളത് കേരളത്തിലാണ്. കേരളത്തില്‍ കുറഞ്ഞത് 15 ശതമാനം പേര്‍ക്കെങ്കിലും ആശുപത്രി ചികിത്സ ആവശ്യമായ മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. 2020 ലെ കണക്കുകള്‍ പ്രകാരം മൊത്തം ബജറ്റിന്റെ 1.17 ശതമാനത്തിലധികം മാനസികാരോഗ്യത്തിനായി കേരളം മാറ്റി വച്ചിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും മാനസികാരോഗ്യ സംരക്ഷണത്തിന് പ്രത്യേക ഫണ്ട് പോലുമില്ല.
ചേര്‍ത്ത് പിടിക്കാം കുട്ടികളെ
വിദ്യാര്‍ത്ഥികളില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യാ നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. ചെറിയ കാര്യങ്ങളില്‍ പേലും അസ്വസ്തമാകുന്ന മനസ്സിനുടമായായി മാറിയിരിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങള്‍. അതിനാല്‍ കുട്ടികള്‍ക്കായി എല്ലാ ജില്ലകളിലും സ്‌ക്കൂള്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമും സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഉണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നിരവധി പദ്ധതികള്‍ കേരളം നടപ്പിലാക്കി വരുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകളില്‍ കൗണ്‍സിലിങ്ങും, സൈക്കോളജിസ്റ്റ് സേവനങ്ങളും ലഭ്യമാണ്. ജില്ലാടിസ്ഥാനത്തില്‍ 'തളിര്‍' പോലുള്ള മാനസികാരോഗ്യ പരിപാടികള്‍ സ്‌കൂള്‍ തലത്തില്‍ നടപ്പിലാക്കി വരുന്നുണ്ട്. നാള്‍ക്കുനാള്‍ വര്‍ധിച്ച് വരുന്ന കുട്ടികളിലെ ലഹരി ഉപയോഗം ഇവരുടെ മാനസികാരോഗ്യം കവര്‍ന്നെടുക്കുന്നുണ്ട്.
കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിലെ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ.സീമ പി ഉത്തമന്‍ പറയുന്നു:' വലിയവരില്‍ കാണുന്ന അതോ ഗൗരവത്തില്‍ അല്ലെങ്കില്‍ പോലും മാനസിക രോഗ സാധ്യതകള്‍ കുട്ടികള്‍ക്കുമുണ്ട്. കുടുംബ പാരമ്പര്യവും ഒരുഘടകമാണ്. മൂന്ന തലമുറയില്‍പ്പെട്ട ആര്‍ക്കെങ്കിലും മാനസിക രോഗ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് ആ കുടുംബത്തിലെ കുട്ടികളെ രോഗത്തിലേയ്ക്ക് നയിച്ചേക്കാം. കുട്ടികളിലെ പ്രധാന മാനസിക രോഗം വിഷാദമാണ്. സങ്കടമാണ് വലിയവരിലെ സ്ഥായീഭാവമെങ്കില്‍ കുട്ടികളില്‍ അധികംവും ദേഷ്യമാണ് കണ്ടുവരുന്നത്. രണ്ടാഴ്ചയോ അതിലധികമോ നാള്‍ നീണ്ടു നില്‍ക്കുന്ന പല കാര്യങ്ങളിലുമുള്ള വിമുഖത, സംസാരക്കുറവ്, ഭക്ഷണം കഴിക്കാന്‍ മടി, ഒറ്റയ്ക്കിരിക്കാനുള്ള മടി തുടങ്ങിയ ലക്ഷങ്ങള്‍ പ്രകടിപ്പിച്ചേക്കാം. ഭൂരിഭാഗം മാനസികാവസ്ഥകളും പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മാനസിക പ്രശ്‌നങ്ങളില്‍ ചികിത്സ തേടിയാല്‍ അവരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന ധാരണ രക്ഷിതാക്കള്‍ വച്ചുപുലര്‍ത്തുന്നുണ്ട്.'
'കുട്ടികളുടെ മാനസിക പ്രശ്ങ്ങളില്‍ രക്ഷിതാക്കളും അധ്യാപകരും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഒന്നോ രണ്ടോ വയസില്‍ തിരുത്തേണ്ട കാര്യങ്ങള്‍ 18 വയസ്സില്‍ തിരിത്തുമ്പോഴാണ് പല കാര്യങ്ങളും പ്രശ്‌നമായി മാറുന്നത്. കുട്ടികളില്‍ വിട്ടുവീഴ്ചയാണ് ആദ്യം പരിശീലിപ്പിക്കേണ്ടത്. എങ്കില്‍ ചോദിക്കുമ്പോള്‍ നേടിയെടുത്ത് വളര്‍ന്ന കുട്ടികളില്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങളില്‍ നിരാശരാകും. അക്രമാസക്തരാകും.
കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാൻ വീട്ടുകാരും ശ്രദ്ധിക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ പരിഗണനയും ശാസനകളും സ്‌നേഹത്തിന്റേയും തിരുത്തലിന്റേയും ഭാഷയിലായിരിക്കണം. അധ്യാപകര്‍ക്കും കുട്ടികളുടെ മാനസികാരോഗ്യത്തില്‍ വലിയ പങ്കുണ്ട്. ഒരു കുട്ടി ഏറ്റവും ആക്ടീവായ സമയം ചെലഴിക്കുന്നത് ക്ലാസ് റൂമുകളിലാണ്. ഒരു കൂട്ടം കുട്ടികള്‍ക്കിടയില്‍ നിന്നും വ്യത്യസ്ത സ്വഭാവക്കാരനെ കണ്ടെത്താന്‍ അധ്യാപകര്‍ക്ക് എളുപ്പത്തില്‍ സാധിക്കും. മരുന്നുപയോഗിച്ച് മാത്രമല്ല മനശാസ്ത്രജ്ഞര്‍ ചികിത്സ നടത്തുന്നത് മനശാസ്ത്രപരമായ ചികിത്സകള്‍ കുട്ടികളുടെ കാര്യത്തില്‍ ഏറെ ഫലപ്രദമായി കാണാറുണ്ട്. സൈക്കോതെറാപ്പികളും രോഗാവസ്ഥകളില്‍ അനുകൂലമായി പ്രവര്‍ത്തിക്കാറുണ്ട്,' ഡോ.സീമ പി ഉത്തമന്‍ വ്യക്തമാക്കുന്നു.
കൈവിടാതെ കൂടെ നിര്‍ത്താന്‍ ആരെങ്കിലുമൊക്കെയുണ്ടാകുക, ചികിത്സ നാണക്കേടല്ലെന്ന് ഉറക്കെ പറയുക, ഇനിയും വൈകിയിട്ടില്ലെന്ന തിരിച്ചറിവോടെ നമ്മുടെ മാനസികാരോഗ്യത്തിനായി നമുക്ക് ഒന്നിച്ച് മുന്നേറാം.