16 Feb 2023 1:21 PM GMT
Summary
- മൂന്ന് വർഷത്തിനുള്ളിൽ 1,825 കിടക്കകൾ കൂട്ടി ദക്ഷിണേദ്യയിൽ 9 ആശുപത്രികൾ കൂടി തുറക്കും
- 2022 ഡിസംബർ 31 വരെ 2,132 കോടി രൂപയുടെ അറ്റ കടമാണ് ഗ്രൂപ്പിനുള്ളത്.
- ജിസിസി ബിസിനസ് വിൽപനയിലൂടെ ലഭിക്കുന്ന തുക ഗണ്യമായിരിക്കുമെന്ന് ഡോ. മൂപ്പൻ പറഞ്ഞു.
കൊച്ചി: ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ അതിന്റെ ജിസിസി ബിസിനസ്സ് വിൽക്കുന്നതിലൂടെ ലഭിക്കുന്ന ഫണ്ടിന്റെ ഭൂരിഭാഗവും ഇന്ത്യൻ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി ഉപയോഗിച്ചേക്കാം.
ആസ്റ്റർ ഗ്രൂപ്പ് ഇന്ത്യയ്‌ക്കായി ഗണ്യമായ മൂലധന ചെലവ് (കാപെക്‌സ്; capex) പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ 9 ആശുപത്രികൾ പ്രാഥമികമായി ദക്ഷിണേന്ത്യയിൽ നിർമിക്കാനും, മൊത്തത്തിൽ 1,825 കിടക്കകൾ കൂട്ടിച്ചേർക്കാനുമാണ് പദ്ധതി തയ്യാറാക്കുന്നത്.
2022 ഡിസംബർ 31 വരെ 2,132 കോടി രൂപയുടെ അറ്റ കടമാണ് ഗ്രൂപ്പിനുള്ളത്; അതിൽ ഇന്ത്യൻ പ്രവർത്തനങ്ങൾ മാത്രം 455 കോടി രൂപയാണുള്ളത്..
കടബാധ്യത കുറയ്ക്കുന്നതിനെക്കുറിച്ച് സംഘം വളരെക്കാലമായി ചർച്ച ചെയ്യുന്നുണ്ട്.
മൈഫിൻ പോയിന്റ്നോട് സംസാരിക്കുമ്പോൾ, ജിസിസി ബിസിനസ്സിന്റെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന ഫണ്ടിന്റെ വലിയൊരു ഭാഗം ആസ്റ്റർ ഗ്രൂപ്പ് അതിന്റെ കടം വീട്ടാൻ ഉപയോഗിക്കുമെന്ന് വിശകലന വിദഗ്ധർ പറഞ്ഞു.
ജിസിസി പ്രവർത്തനങ്ങളുടെ പുന:ക്രമീകരണത്തിനായി കഴിഞ്ഞ വർഷം ആസ്റ്റർ നിയമിച്ച ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാർ, കമ്പനി വാങ്ങാൻ താൽപ്പര്യമുള്ളവരോടുള്ള ചർച്ചകൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്നും 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബിഡ്ഡുകൾ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നും പ്രസ്താവിച്ചു.
വിശകലന വിദഗ്ധരുമായി സംസാരിച്ച ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) ഡോ ആസാദ് മൂപ്പൻ, ആസ്റ്റർ ജിസിസി ബിസിനസ്സിന്റെ പുന:ക്രമീകരണത്തിലൂടെ ഗ്രുപ്പിന്റെ മുഴുവൻ ജിസിസി പ്രവർത്തനങ്ങളും വിറ്റഴിക്കുന്നതാണെന്ന് വ്യക്തമാക്കി.
ജിസിസി ബിസിനസ് വിൽപനയിലൂടെ ലഭിക്കുന്ന തുക ഗണ്യമായിരിക്കുമെന്ന് ഡോ. മൂപ്പൻ പറഞ്ഞു.
“എന്നിരുന്നാലും, വില്പനയിലുഉടെ ലഭിക്കുന്ന ഫണ്ടുകൾ കമ്പനി എങ്ങനെ നിക്ഷേപിക്കുമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല,” ഡോ മൂപ്പൻ പറഞ്ഞു.
1987-ൽ ദുബായിൽ അതിന്റെ ശക്തമായ പ്രവർത്തനങ്ങളുടെ വിത്ത് വിതച്ച് ആസ്റ്റർ ഗ്രൂപ്പ് ജിസിസിയിൽ സ്ഥാപിതമായെങ്കിലും ഇന്ത്യൻ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2008-ൽ മാത്രമാണ്.
2022 ജൂൺ 10-നു ജിസിസി പ്രവർത്തനങ്ങളുടെ പുന:ക്രമീകരണത്തിനും, കമ്പനിയുടെ ഓഹരി ഉടമകൾക്ക് മൂല്യം അൺലോക്ക് ചെയ്യാനുള്ള അവസരം പഠിക്കുന്നതിനുമായി ഇൻവെസ്റ്റ്‌മെന്റ് ബാങ്കർമാരെ നിയമിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.
യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, ബഹ്‌റൈൻ ജോർദാൻ, ഇന്ത്യ എന്നീ 7 രാജ്യങ്ങളിൽ നിലവിൽ ആസ്റ്റർ ഹെൽത്ത്‌കെയർ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ പ്രവർത്തനങ്ങളെ പ്രതിനിധീകരിക്കുന്ന കമ്പനി 2008-ൽ കൊച്ചിയിൽ സ്ഥാപിതമായി; നിലവിൽ ഗ്രൂപ്പിന്റെ വരുമാനത്തിന്റെ 25 ശതമാനവും ഇന്ത്യൻ പ്രവർത്തനങ്ങളിൽ നിന്ന് ലഭിക്കുമ്പോൾ ജിസിസി പ്രവർത്തനങ്ങൾ 75 ശതമാനമാണ് സംഭാവന ചെയ്യുന്നത്.
മൂന്നാം പാദ പ്രകടനം
മൂന്നാം പാദത്തിൽ (Q3) ആസ്റ്ററിന്റെ ജിസിസി പ്രവർത്തനങ്ങളിലൂടെ അറ്റാദായം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 121 കോടി രൂപയിൽ നിന്ന് 10 ശതമാനം കുറഞ്ഞ് 109 കോടി രൂപയായി; അതെ സമയം, അവലോകനം ചെയ്യുന്ന പാദത്തിൽ ഇന്ത്യൻ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 11 ശതമാനം മെച്ചപ്പെട്ട് 27 കോടിയിൽ നിന്ന് 30 കോടി രൂപയായി.
ഈ കാലയളവിൽ കമ്പനിയുടെ സംയോജിത ലാഭം 148 കോടി രൂപയിൽ നിന്ന് 6 ശതമാനം കുറഞ്ഞ് 139 കോടി രൂപയായി.
കൂടുതൽ കിടക്ക സംവിധാനം
ഇന്ത്യയിലും ജിസിസിയിലും 12 പുതിയ ആശുപത്രികൾ സ്ഥാപിക്കാനുള്ള പദ്ധതി കമ്പനി തയ്യാറാക്കിയിട്ടുണ്ട്. ആസ്റ്റർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2025 മാർച്ചിന് മുമ്പ് ജിസിസി-യിൽ മൂന്ന് ആശുപത്രികൾ കൂടി പുതുതായി നിർമിക്കാനാണ് പദ്ധതി. അതിലൂടെ ദോഹ, ദുബായ്, സൗദി അറേബ്യ എന്നിവിടങ്ങളിലായി മൊത്തം 245 കിടക്കകൾ കൂട്ടിച്ചേർക്കും.
ഇന്ത്യയിലെ പദ്ധതികൾ അതിലും വളരെ വലുതാണ്; 2026 മാർച്ചിന് മുമ്പ് ഇന്ത്യയിൽ പല പ്രദേശങ്ങളിലുമായി മൊത്തം 1,825 കിടക്കകളുടെ ശേഷിയുള്ള 9 ആശുപത്രികൾ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.