22 Aug 2023 12:05 PM GMT
Summary
- ആര്‍സിഎസ് സ്‌കീമിനു കീഴില്‍ ആരംഭിച്ച ഫളൈറ്റുകളുടെ 46ശതമാനവും നിര്‍ത്തിവെച്ചു
- കുറഞ്ഞഡിമാന്‍ഡും സംസ്ഥാനങ്ങളുടെ പിന്തുണ ലഭിക്കാത്തതും പ്രതിസന്ധി തീര്‍ക്കുന്നു
- പ്രദേശികതലങ്ങളിലെ ഹെലിപോര്‍ട്ടുകള്‍, ചെറുവിമാനങ്ങള്‍, സീപ്ലെയിന്‍ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു
സര്‍ക്കാരിന്റെ പ്രാദേശിക കണക്റ്റിവിറ്റി സംരംഭത്തിന് കീഴില്‍ അനുവദിച്ച വിമാന റൂട്ടുകള്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം വിശദമായ വിലയിരുത്തലിനു വിധേയമാക്കും. ഉഡാന്‍ (ഉദേ ദേശ് കാ ആം നാഗ്രിക്) എന്നറിയപ്പെടുന്ന പദ്ധതി, സർവീസുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലേക്ക് ഫ്ലൈറ്റ് ഓടിക്കാന്‍ സബ്സിഡികള്‍ വാഗ്ദാനം ചെയ്യുന്നു. സബ്സിഡി ഓഫര്‍ ഉണ്ടായിരുന്നിട്ടും വിമാനക്കമ്പനികള്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നതിനോ നിലവിലുള്ളത് തുടരുന്നതിനോ തയാറാകാത്തതിന്‍റെ പിന്നിലെ കാരണങ്ങള്‍ നിര്‍ണയിക്കുക എന്നതാണ് ഈ വിലയിരുത്തലിന്റെ ലക്ഷ്യം.
റീജിയണല്‍ കണക്ടിവിറ്റി സ്‌കീമിന് (ആര്‍സിഎസ്) കീഴില്‍ സര്‍വീസ് ആരംഭിച്ച മൊത്തം ഫ്‌ളൈറ്റുകളില്‍ 46 ശതമാനവും നിര്‍ത്തിവെച്ചിരിക്കുകയാണ്. കുറഞ്ഞ ഡിമാന്‍ഡും സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണ ലഭിക്കാത്തതുമാണ് സര്‍വീസുകള്‍ നിലയ്ക്കാന്‍ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ വിലയിരുത്തലിനു മന്ത്രാലയം തയാറുകുന്നത്. പദ്ധതിയുടെ പ്രതീക്ഷിച്ചതിലും താഴ്ന്ന വിജയത്തെക്കുറിച്ച് സര്‍ക്കാര്‍ ഓഡിറ്ററും ആശങ്ക ഉന്നയിച്ചിട്ടുണ്ട്.
നിലവില്‍ 260 ഫ്‌ളൈറ്റുകളും റൂട്ടുകളും ഉഡാന്‍ പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തനക്ഷമമാണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. സ്‌കീമിനുകീഴില്‍ അനുവദിക്കപ്പെട്ട റൂട്ടുകളില്‍ 475 റൂട്ടുകളില്‍ മാത്രമാണ് എയര്‍ലൈനുകള്‍ ഫ്‌ളൈറ്റുകള്‍ ആരംഭിച്ചത്. ഇതിന്റെ കാരണം മനസിലാക്കുകയും പോരായ്മകള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് വിലയിരുത്തലിന്റെ ലക്ഷ്യങ്ങളിലൊന്ന്.
2016 ഒക്ടോബറില്‍ 10 വര്‍ഷത്തേക്ക് ആരംഭിച്ച പദ്ധതിയാണിത്. അതിന്റെ കാലാവധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍, പഠന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ വരുത്തിയേക്കാം. ആരംഭിച്ചശേഷം പ്രവർത്തനം അവസാനിപ്പിച്ച ഉഡാന്‍ റൂട്ടുകളില്‍ എന്താണ് സംഭവിച്ചതെന്ന് മന്ത്രാലയം നടത്തുന്ന വിലയിരുത്തലില്‍ വ്യക്തമാകും. അനുവദിച്ചിട്ടും വിമാന സർവീസ് ആരംഭിക്കാത്ത റൂട്ടുകളില്‍ എന്താണ് സംഭവിച്ചതെന്നു കണ്ടെത്തുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഫിക്സഡ് വിംഗ് വിമാനത്തില്‍ 500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു മണിക്കൂര്‍ യാത്രയ്ക്കോ ഹെലികോപ്റ്ററില്‍ 30 മിനിറ്റ് യാത്രയ്ക്കോ ഉള്ള പകുതി സീറ്റുകളുടെ നിരക്ക് ദൂരത്തിന് ആനുപാതികമായി നിജപ്പെടുത്തിയിരുന്നു.പരമാവധി 2500 രൂപ ആയാണ് നിശ്ചയിച്ചിരുന്നത്. എയര്‍ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച സംരംഭമായാണ് ഗവണ്മെന്‍റ് ഉഡാന്‍ പദ്ധതിയെ വിഭാവനം ചെയ്തിരുന്നത്.
ഉഡാനിനു കീഴിലുള്ള പ്രാദേശിക റൂട്ടുകളില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 2018 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 263,000 ആയിരുന്നത് 2022 -23 - ല്‍ 2.5 ദശലക്ഷമായി ഉയര്‍ന്നു. എന്നാലും വിഭാവനം ചെയ്ത നേട്ടങ്ങള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല. ഉഡാന്‍റെ മൂന്നാം ഘട്ടംവരെ അനുവദിച്ച 774 റൂട്ടുകളില്‍ 403 എണ്ണം ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ആരംഭിച്ച 371 റൂട്ടുകളില്‍ നിന്ന് 112എണ്ണം മാത്രമാണ് പൂര്‍ണ ഇളവ് കാലയളവ് പൂര്‍ത്തിയാക്കിയിട്ടുള്ളതെന്നും അടുത്തയിടെ സിഎജി റിപ്പോർട്ടില്‍ ചൂട്ടിക്കാട്ടിയിരുന്നു. ഇതില്‍ത്തന്നെ 54റൂട്ടുകളില്‍ മാത്രമാണ് മൂന്ന് വര്‍ഷത്തെ ഇളവ് കാലയളവിനപ്പുറം പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുഞ്ഞതെന്നും സിഎജി റിപ്പോര്‍ട്ട് പറയുന്നു.
വിമാന ഗതാഗതം വര്‍ധിപ്പിക്കാന്‍ വലിയ സാധ്യതയുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് എയര്‍ കണക്റ്റിവിറ്റി ഇക്കോസിസ്റ്റത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പദ്ധതിയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശികതലങ്ങളില്‍ ഹെലിപോര്‍ട്ടുകള്‍, ചെറുവിമാനങ്ങള്‍, സീപ്ലെയിന്‍ തുടങ്ങിയവയിലൂടെ കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിലാണ് ഉഡാന്‍ സ്‌കീം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.udan scheme