15 Sep 2023 9:36 AM GMT
Summary
- രാജ്യത്ത് ഇപ്പോള്‍ സ്‌റ്റോക്കുള്ളത് 85 ലക്ഷം ടണ്‍
- ഉത്സവ സീസണില്‍ പഞ്ചസാര ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്
രാജ്യത്ത് പഞ്ചസാര ക്ഷാമം രൂക്ഷമാണെന്ന വാര്‍ത്തകള്‍ ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര തള്ളിക്കളഞ്ഞു. ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് വര്‍ഷം മുഴുവനും മിതമായ വിലയ്ക്ക് മധുരം വിളമ്പാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 'രാജ്യത്ത് ഇപ്പോള്‍ ഏകദേശം 85 ലക്ഷം ടണ്ണാണ് പഞ്ചസാരയുടെ ലഭ്യത. ഇത് രാജ്യത്തെ മൂന്നര മാസത്തെ ഉപഭോഗത്തിന് മതിയാകും.
വരാനിരിക്കുന്ന ഉത്സവ സീസണിലും വില ഉയരാന്‍ സാധ്യതയില്ല. പഞ്ചസാര ക്ഷാമത്തെക്കുറിച്ച് വരുന്ന വാർത്തകൾ വെറും ഊഹങ്ങള്‍ മാത്രമാണ്- ഭക്ഷ്യ സെക്രട്ടറി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചസാര ഉല്‍പ്പാദകരും പ്രധാന കയറ്റുമതിക്കാരുമാണ് ഇന്ത്യ. മഴക്കുറവാണ് ഉല്‍പ്പാദനം കുറയുമെന്ന വാര്‍ത്തകള്‍ വരാൻ കാരണം . ഇത് വ്യാപകമായ ആശങ്കകള്‍ക്കിടയാക്കി. അതേസമയം വിതരണക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ പഞ്ചസാര കയറ്റുമതി നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിലെ ഉല്‍പ്പാദനം നാല് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് കരുതപ്പെടുന്നു. സര്‍ക്കാരിന്റെ സമയോചിതമായ നടപടികള്‍ സംസ്ഥാനങ്ങളിലുടനീളം ന്യായമായ വിലയില്‍ വര്‍ഷം മുഴുവനും പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കിയതായി ഉപഭോക്തൃകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു.
നിലവിലെ പഞ്ചസാര സീസണ്‍ ( 2022 ഒക്ടോബര്‍ 1- 2023 സെപ്റ്റംബര്‍ 30) സെപ്റ്റംബര്‍ 30-ന് അവസാനിക്കാനിരിക്കെ, 330 ലക്ഷം ടണ്‍ ഉല്‍പ്പാദനം എന്ന ലക്‌ഷ്യം മറികടന്നിട്ടുണ്ട്.
രാജ്യത്തെ പൗരന്മാര്‍ക്ക് മുന്‍ഗണനയും കര്‍ഷകര്‍ക്കുള്ള കരിമ്പ് ക്ലിയറന്‍സും ഉറപ്പാക്കിക്കൊണ്ട്, ഇന്ത്യ കയറ്റുമതി ക്വാട്ട ഏകദേശം 61 ലക്ഷം ടണ്ണായി പരിമിതപ്പെടുത്തി. ഇത് 2023 ഓഗസ്റ്റ് അവസാനത്തോടെ ഏകദേശം 83 ലക്ഷം ടണ്‍ പഞ്ചസാരയുടെ ഒപ്റ്റിമല്‍ സ്റ്റോക്കിന് കാരണമായി.
ഈ സ്റ്റോക്ക് ഏകദേശം മൂന്നര മാസത്തെ ഉപഭോഗം നിറവേറ്റാന്‍ പര്യാപ്തമാണ്. ഇത് ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നു. അതിനിടെ, മഹാരാഷ്ട്രയിലെ ഉല്‍പ്പാദനം കുറയുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് പഞ്ചസാര കമ്പനികളുടെ ഓഹരികള്‍ വ്യാഴാഴ്ച കുതിച്ചുയര്‍ന്നു. ഇത് പഞ്ചസാരയുടെ വില ഉയരാനും മേഖലയിലെ മുന്‍നിര കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാനും ഇടയാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു. ശക്തി ഷുഗേഴ്‌സ്, ധംപൂര്‍ ഷുഗര്‍, ദ്വാരികേഷ് ഷുഗര്‍, ബജാജ് ഹിന്ദുസ്ഥാന്‍, ബല്‍റാംപൂര്‍ ചിനി ഇവയുടെല്ലാം ഓഹരികള്‍ കുതിച്ചു.
'ഓഗസ്റ്റില്‍ മഴ കുറവായിരുന്നു. എന്നാല്‍, ഈ മാസം ആദ്യം മുതല്‍ നല്ല മഴ ലഭിച്ചതിന്റെ ഫലമായി, പ്രത്യേകിച്ച് മഹാരാഷ്ട്രയിലും കര്‍ണാടകയിലും വിളകള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷകരമായ സംഗതി,' ഭക്ഷ്യ സെക്രട്ടറി പറഞ്ഞു. മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയും കരിമ്പ് വ്യാപകമായി കൃഷി ചെയ്യുന്ന പ്രദേശങ്ങളില്‍ മഴ ലഭിച്ചിട്ടുണ്ട്. ഇത് നല്ല വിളവെടുപ്പിനു കാരണമാവുകയും , അങ്ങനെ പഞ്ചസാരയുടെ ഉൽപ്പാദനം മെച്ചപ്പെടുത്താൻ കഴിയുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ വിവിധ പഞ്ചസാര മില്ലുകലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട് . അതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പഞ്ചസാര സ്റ്റോക്ക് സൂക്ഷ്മമായി നിരീക്ഷിക്കാന്‍ സർക്കാരിന് കഴിയും.