28 July 2023 6:34 AM GMT
Summary
- കോവിഡിനുശേഷം തിരക്കേറിവരുന്ന ലോകത്ത് ചൈനീസ് യാത്രികര്‍ കുറവ്
- 2010മുതല്‍ 2019വരെ ആഗോള വിനോദ സഞ്ചാര രംഗത്ത് ചൈന നല്‍കിയത് കനത്ത സംഭാവന
- ഇന്ത്യയും കാലാനുസൃതമായി മാറേണ്ടത് അനിവാര്യം
കോവിഡിനുമുമ്പ് ആഗോളതലത്തിലെ പല ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടുകളും ചൈനാക്കാരുടെ സന്ദര്‍ശനംകൊണ്ട് സമ്പന്നമായിരുന്നു. യാത്രകള്‍ അവര്‍ക്ക് ഒരു ഹരമായി മാറിയിരുന്നു. ഉദാഹരണത്തിന് ക്വാലാലംപൂരിലെ ആഡംബര മാളുകള്‍ ചൈനീസ് വിനോദസഞ്ചാരികളെക്കൊണ്ട് എപ്പോഴും നിറഞ്ഞതായിരുന്നു. അവിടെ ഉയര്‍ന്നുകേട്ടിരുന്നത് ചൈനീസ് ഭാഷയായിരുന്നു. എന്നാല്‍ ഇന്ന് അതിനു മാറ്റം സംഭവിച്ചു.
കോവിഡിനുശേഷം തിരക്കേറിവരുന്ന ലോകത്ത് ചൈനാക്കാരുടെ സാന്നിധ്യം വളരെ കുറവാണ്. ചൈനീസ് ടൂറിസ്റ്റുകളുടെ പ്രിയങ്കരമായ, പ്രശസ്ത തായ്വാനീസ് ശൃംഖലയായ ദിന്‍ തായ് ഫംഗിന്റെ മാളിന്റെ ഔട്ട്ലെറ്റായ ദിന്‍, തുടങ്ങിയവയില്‍ എല്ലാം ബെയ്ജിംഗില്‍ നിന്ന് എത്തുന്നവരുടെ കുറവ് ദൃശ്യമാണ്.
ഒരുകാലത്ത് അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും സമൃദ്ധമായ ഉറവിടം ചൈനയായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യ അവരുടെ പ്രധാന ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായിരുന്നു. ചൈനയില്‍ വര്‍ധിച്ചുവന്ന സമ്പന്നരുടെ എണ്ണവും യാത്ര നിയന്ത്രണങ്ങളിലെ ഇളവുകളും ആ നാട്ടിലെ മധ്യവര്‍ഗത്തിനെ വിനോദ സഞ്ചാരത്തിന് പ്രാപ്തമാക്കി. 2010നും 2019നും ഇടയിലാണ് ആഗോളതലത്തില്‍ ചൈനിസ് യാത്രികരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ് ഉണ്ടായത്. യാത്രക്കാരുടെ എണ്ണം 47.7 ദശലക്ഷത്തില്‍ നിന്ന് 154.63 ദശലക്ഷമായി ഈ കാലയളവില്‍ ഉയര്‍ന്നു.
2019-ല്‍, അന്താരാഷ്ട്ര ടൂറിസം ചെലവിന്റെ അഞ്ചിലൊന്ന് അല്ലെങ്കില്‍ 255 ബില്യണ്‍ ഡോളര്‍ ചൈനയുടെ സംഭാവനയായിരുന്നു. ഈ കണക്കുകേള്‍ക്കുമ്പോള്‍ അവരുടെ യാത്രകള്‍ എത്ര വ്യാപകവും മനോഹരവുമായിരുന്നു എന്ന് മനസിലാകും. എന്നാല്‍ കോവിഡ് എല്ലാം തകിടം മറിച്ചു. ആഗോളതലത്തില്‍ കോവിഡ് താല്‍ക്കാലിക പ്രതിസന്ധി മാത്രമാണെന്നാണ് ആദ്യം വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇന്നും കോവിഡ് മനുഷ്യനൊപ്പമുണ്ട്. പക്ഷെ കോവിഡിനൊപ്പം ജീവിക്കാന്‍ മനുഷ്യന്‍ പരിചിതനായി എന്നതാണ് വലിയകാര്യം.
പ്രതിസന്ധിയില്‍നിന്നും പുറത്തുകടക്കുന്നതിനായി മരുന്ന് ശാസ്ത്രലോകം കണ്ടുപിടിക്കുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. അതുവരെ ലോകം തന്നെ അടച്ചുപൂട്ടപ്പെട്ട അവസ്ഥയിലായിരുന്നു.
ഈ പകര്‍ച്ചവ്യാധിക്കാലത്ത് ലക്ഷങ്ങളാണ് മരണപ്പെട്ടത്. ഈ കാലം ആഗോളക്രമത്തില്‍ പല മാറ്റങ്ങളും കൊണ്ടുവന്നു. മനുഷ്യന്‍ പണം ചെലവാക്കുന്നതുസംബന്ധിച്ച ധാരണകള്‍ മാറിമറിഞ്ഞു. ഇതില്‍ ഏറ്റവും രൂക്ഷമായി ബാധിക്കപ്പെട്ടത് ചൈനയായിരുന്നു. സ്വാഭാവികമായും അത് അവരുടെ ടൂറിസം മേഖലയെയും തളര്‍ത്തി.
കോവിഡിനുശേഷമുള്ള 2021ല്‍ ചൈനീസ് ടൂറിസ്റ്റുകളുടെ സംഖ്യയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 154 ദശലക്ഷമായിരുന്നത് ആഗോളതലത്തില്‍ 8.5 ദശലക്ഷമായി കുറഞ്ഞു. അതായത് ബെയ്ജിംഗ് 2000ത്തിനു മുമ്പുള്ള കാലത്തേക്ക് പോയി. തെക്കുകിഴക്കന്‍ ഏഷ്യയില്‍ മിക്ക രാജ്യങ്ങളിലും ചൈനീസ് യാത്രികരുടെ അതിപ്രസരമായിരുന്നു. പല രാജ്യങ്ങളിലേക്കുമുള്ള യാത്രകരുടെ ഒഴുക്ക് ദശലക്ഷങ്ങളില്‍ നിന്ന് ആയിരങ്ങളായി മാറി. ഇതിനുദാഹരണം മലേഷ്യയാണ്. മൂന്നുദശലക്ഷത്തിലധികമാണ് അവിടെ ചൈനീസ് യാത്രികര്‍ എത്തിയിരുന്നത്. 2021ല്‍ 7,701 ആയി കുറഞ്ഞു. തായ്‌ലന്‍ഡിലും ചൈനീസ് യാത്രികരുടെ വരവില്‍ വന്‍ ഇടിവ് ഉണ്ടായി.
കോവിഡിനുശേഷം ചൈനയിലെ യുവതലമുറയുടെ ചിന്താഗതിയിലുണ്ടായ മാറ്റവും ടൂറിസം രംഗത്തെ ഈ മാറ്റത്തിന് കാരണമാണ്. മുമ്പ് ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന അവധിയാഘോഷങ്ങള്‍ പതിവായിരുന്നു. കൂടാതെ ഗ്രൂപ്പ് ടൂറുകള്‍ ധാരാളമായിരുന്നു. എന്നാല്‍ യുവാക്കളുടെ മനോഭാവത്തിലുണ്ടായ മാറ്റം ചൈനയില്‍ പ്രകടമാണ്.
ഇന്ന് ചൈനാക്കാര്‍ അവരുടെ വീടുകളിലേക്ക് കൂടുതല്‍ വസ്തുക്കള്‍ വാങ്ങുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇതിനുപുറമേയാണ് രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍. ആഗോളതലത്തില്‍ ഒരു റിബലായി നിലകൊള്ളുന്ന ബെയ്ജിംഗിന്റെ നീക്കങ്ങള്‍ എപ്പോഴും സംശയദൃഷ്ടിയോടെയാണ് യുഎസ് പോലുള്ള രാജ്യങ്ങള്‍ കാണുന്നത്. കൂടാതെ ചൈനാക്കലടലിനുചുറ്റും എന്നും സംഘര്‍ഷ സാധ്യത ഉരുണ്ടുകൂടുന്നുമുണ്ട്.
ഇന്ത്യയിലും ചൈനീസ് യാത്രികര്‍ തീരെ കുറവാണ്. ഇന്ത്യയിലെ ടൂറിസം രംഗം കുതിച്ചുചാട്ടത്തിന് ഒരുങ്ങുമ്പോല്‍ കാലാനുസൃതമായ നടപടികള്‍ ഇവിടെയും സ്വീകരിക്കേണ്ടതുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യയില്‍നിന്നു കൂടാതെ ചൈനയില്‍ നിന്നും വിനോദ സഞ്ചാരികള്‍ ഇവിടെ എത്തേണ്ടതുണ്ട്. അതിനായി നിലവിലുള്ള സംഘര്‍ഷങ്ങളില്‍ അയവ് ഉണ്ടാകേണ്ടതും അനിവാര്യമാണ്.