7 Aug 2023 6:53 AM
റഷ്യന്‍ അസംസ്കൃത വജ്രം ഇറക്കുമതി; ഇന്ത്യന്‍ വ്യാപാരികളുടെ 215 കോടി രൂപ യുഎസ് മരവിപ്പിച്ചു
MyFin Desk
Summary
- അസംസ്‌കൃത വജ്രങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ പൊതുവായ സാഹചര്യം കണ്ടെത്താനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
- അസംസ്‌കൃത ഡയമണ്ട് സപ്ലൈ ചെയ്യുന്നവര്‍ക്കുള്ള പേമെന്‍റ് മുടങ്ങി
- വാണിജ്യ മന്ത്രാലയത്തിലും യുഎഇയിലെ ഇന്ത്യന്‍ എംബസിയിലും വിഷയം ഉന്നയിച്ചിട്ടുണ്ട്
റഷ്യയില്‍നിന്നു അസംസ്കൃവജ്രങ്ങള്ർ ഇറക്കുമതി ചെയ്യുന്നുവെന്ന ആരോപണത്തില്‍ ഇന്ത്യന്‍ ജ്വല്ലറികളുടെ ഉടമസ്ഥതയില്‍ വിദേശരാജ്യങ്ങളില്‍ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ യുഎസ് സർക്കാരിന്‍റെ കീഴിലുള്ള ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ (ഒഎഫ്എസി) നടപടി സ്വീകരിച്ചു. ഇതിന്‍റെ ഭാഗമായി ഏകദേശം 215 കോടി രൂപയുടെ ഫണ്ട് കൈമാറ്റങ്ങള്‍ ഒഎഫ്എസി മരവിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഒഎഫ്എസി സ്വീകരിച്ച നടപടിയുടെ ആഘാതം കൂടുതല്‍ അനുഭവപ്പെട്ടത് യുഎഇയിലെ ഇന്ത്യന്‍ ഡയമണ്ട് ഹൗസുകളുടെ അനുബന്ധ സ്ഥാപനങ്ങളിലാണ്.
ഉപരോധമേര്‍പ്പെടുത്തിയിട്ടുള്ള റഷ്യന്‍ ഖനിത്തൊഴിലാളികളുമായും സ്ഥാപനങ്ങളുമായും ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരുടെ ഡോളര്‍ പേമെന്‍റുകള്‍ മരവിപ്പിച്ചിട്ടുള്ളത്. ഇതേത്തുടർന്ന് അസംസ്കൃത ഡയമണ്ട് സപ്ലൈ ചെയ്യുന്നവര്‍ക്കുള്ള പേമെന്‍റുകള്‍ മുടങ്ങിയിരിക്കുകയാണ്. സപ്ലൈര്‍മാരുടെ നോസ്‌ട്രോ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്കുകളോട് പേമെന്‍റുകള്‍ മരവിപ്പിക്കാന്‍ യുഎസ് അധികാരികള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഡയമണ്ട് വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ ഇപ്പോള്‍ ഈ സ്ഥിതിഗതികള്‍ പരിഹരിക്കുന്നതിനും, ഫണ്ടുകള്‍ മരവിപ്പിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.
ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (ജിജെഇപിസി) ചെയര്‍മാന്‍ വിപുല്‍ഭായ് ഷാ, വാണിജ്യ മന്ത്രാലയത്തിലും യുഎഇയിലെ ഇന്ത്യന്‍ എംബസിയിലും വിഷയം ഉന്നയിച്ചിട്ടുണ്ട്.
വജ്ര കയറ്റുമതിയില്‍ നിന്നുള്ള റഷ്യയുടെ ഗണ്യമായ വരുമാനത്തെക്കുറിച്ച് ഫെബ്രുവരി 24ന് ജി-7 നേതാക്കള്‍ ചില പ്രസ്താവനകള്‍ നടത്തിയിരുന്നു. അതിന്‍റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടികളെന്നു കരുതുന്നു.
യുഎസ് ഗവണ്‍മെന്‍റിന്‍റെ താല്‍പ്പര്യങ്ങള്‍ മാനിച്ചു കൊണ്ട് അസംസ്‌കൃത വജ്രങ്ങളുടെ തുടര്‍ച്ചയായ വിതരണം ഉറപ്പാക്കാന്‍ പൊതുവായ സാഹചര്യം കണ്ടെത്താനാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.