11 July 2023 10:20 AM
Summary
- ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണെന്ന് ഫോക്‌സ്‌കോണ്‍
- സംയുക്തസംരംഭത്തില്‍ നിന്ന് പിന്‍വാങ്ങിയശേഷമാണ് പുതിയ നീക്കം
- കേന്ദ്ര ലക്ഷ്യങ്ങളില്‍ ചിപ്പ്് വ്യവസായം മുന്നില്‍
ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഇലക്ട്രോണിക്‌സ് ഭീമനായ ഫോക്സ്‌കോണ്‍ രാജ്യത്ത് ഒരു അര്‍ദ്ധചാലക നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് പ്രത്യേകം അപേക്ഷിക്കാന്‍ ശ്രമിക്കുന്നതായി കമ്പനി അറിയ്ിച്ചു. പ്രോജക്റ്റിന് അനുയോജ്യമായ പങ്കാളികള്‍ക്കായി അവലോകനം നടത്തുകയാണെന്ന് ഫോക്സ്‌കോണ്‍ അറിയിച്ചു.
'അര്‍ദ്ധചാലകങ്ങള്‍ക്കും ഡിസ്‌പ്ലേ ഫാബ് ഇക്കോസിസ്റ്റത്തിനും വേണ്ടിയുള്ള പരിഷ്‌കരിച്ച പ്രോഗ്രാമുമായി ബന്ധപ്പെട്ട ഒരു അപേക്ഷ സമര്‍പ്പിക്കുന്നതിനായി ഫോക്‌സ്‌കോണ്‍ തയ്യാറെടുക്കുകയാണ്. ' ഫോക്‌സ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
വേദാന്തയുമായുള്ള അര്‍ദ്ധചാലക സംയുക്ത സംരംഭത്തില്‍ നിന്ന് കമ്പനി തിങ്കളാഴ്ച പിന്‍വാങ്ങിയതിനു പിന്നാലെയാണ് പുതിയ നീക്കം. 19.5 ബില്യണ്‍ ഡോളറിന്റെ സംയുക്ത സംരംഭത്തില്‍ നിന്നാണ് കമ്പനി പിന്‍വാങ്ങിയത്. മൊബൈല്‍ ഫോണുകളില്‍ റഫ്രിജറേറ്ററുകളിലും കാറുകളിലും ഉപയോഗിക്കുന്ന ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക പങ്കാളിയെ ലഭിക്കാന്‍ കമ്പനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഇന്ത്യയില്‍ ഒരു പ്രത്യേക ചിപ്പ് നിര്‍മ്മാണ യൂണിറ്റിന് അപേക്ഷിക്കുന്നതിലൂടെ, ഫോക്‌സ്‌കോണ്‍ അതിന്റെ അര്‍ദ്ധചാലക നിര്‍മ്മാണ നയത്തിന് കീഴില്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളുടെ പ്രയോജനം തേടാന്‍ പദ്ധതിയിടുകയാണ്.
സര്‍ക്കാരിന്റെ ഡിസ്‌പ്ലേ ഫാബ് ഇക്കോസിസ്റ്റത്തിനും വേണ്ടിയുള്ള പരിഷ്‌ക്കരിച്ച പ്രോഗ്രാമിനായി അപേക്ഷിക്കാന്‍ തയ്യാറെടുക്കുന്നതായി പ്രസ്താവനയില്‍ കമ്പനി പറഞ്ഞു.
ഈ ഇക്കോസിസ്റ്റത്തിന് കീഴില്‍, അര്‍ദ്ധചാലകങ്ങള്‍ക്ക് മൂലധനച്ചെലവിന്റെ 50ശതമാനം വരെ സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 10 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 'ഫോക്സ്‌കോണ്‍ ഇന്ത്യയോട് പ്രതിജ്ഞാബദ്ധമാണ്, കൂടാതെ രാജ്യം ഒരു ശക്തമായ അര്‍ദ്ധചാലക നിര്‍മ്മാണ ആവാസവ്യവസ്ഥ വിജയകരമായി ആവിഷ്‌ക്കരിക്കുകയാണ്' പ്രസ്താവന തുടരുന്നു.
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന് കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ചിപ്പ് നിര്‍മ്മാണ വ്യവസായം മുന്നിലാണ്. ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ഒരു 'പുതിയ യുഗം' തുടങ്ങുന്നതിനുള്ള ഇന്ത്യയുടെ തന്ത്രമാണിത്.
''പദ്ധതി വേണ്ടത്ര വേഗത്തില്‍ നീങ്ങുന്നില്ല'' സംയുക്ത സംരംഭത്തിന്റെ വിജയത്തിലെ പ്രതിബന്ധങ്ങളെ കുറിച്ച് അവര്‍ വിശദീകരിച്ചു. ഇക്കാര്യം ഇരു പക്ഷവും സമ്മതിച്ചിരുന്നു. തങ്ങള്‍ക്ക് മറികടക്കാനാവാത്ത വെല്ലുവിളികള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു എന്നും ഫോക്‌സ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിച്ച് ഇന്ത്യയുടെ അര്‍ദ്ധചാലക വിപണിയിലേക്ക് പ്രവേശിക്കാന്‍ കമ്പനി ഊര്‍ജ്ജിതമായി ശ്രമിക്കുകയാണ്. ഇന്ത്യയില്‍ അര്‍ദ്ധചാലക ഉല്‍പ്പാദനം സ്ഥാപിക്കുന്നതിനായി പ്രാദേശിക, അന്തര്‍ദേശീയ പങ്കാളികളുമായി കമ്പനി സജീവ ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന്് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനി മറ്റു പങ്കാളെകളെ കണ്ടെത്തുമെന്നും സൂചനയുണ്ട്.
ചൊവ്വാഴ്ച, ഫോക്സ്‌കോണിന്റെ തായ്പേയ് ലിസ്റ്റ് ചെയ്ത ഓഹരികള്‍ 0.5% ഉയര്‍ന്ന് ക്ലോസ് ചെയ്തു. അതേസമയം മുംബൈയില്‍ വേദാന്ത ലിമിറ്റഡിന്റെ ഓഹരികള്‍ 2.6% വരെ ഇടിഞ്ഞു.