Summary
- ജ്വല്ലറി ബിസിനസിൽ മൊത്ത വരുമാനം 11 ശതമാനം വർധിച്ച് 9518 കോടി രൂപയായി
- ഐ കെയർ വിഭാഗത്തിൽ മൊത്ത വരുമാനത്തിൽ 12 ശതമാനത്തിന്റെ വർധനവാണുള്ളത്.
മുംബൈ: ഡിസംബർ പാദത്തിൽ ടൈറ്റൻ ലിമിറ്റഡിന്റെ അറ്റാദായം 4 ശതമാനം കുറഞ്ഞ് 951 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 987 കോടി രൂപയായിരുന്നു ലാഭം.
ഈ പാദത്തിലെ വില്പന മുൻ വർഷം ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 9,381 കോടി രൂപയിൽ നിന്ന് 11 ശതമാനം വർധിച്ച് 10,444 കോടി രൂപയായി. ഉത്സവ കാലത്തോടനുബന്ധിച്ച് കൺസ്യൂമർ ഡിമാന്റിലുണ്ടായ വർധന മൂലം വളർച്ചയിൽ 12 ശതമാനത്തിന്റെ ഉയർച്ച ഉണ്ടായെന്ന് മാനേജിങ് ഡയറക്ടർ സി കെ വെങ്കട്ടരാമൻ പറഞ്ഞു.
ജ്വല്ലറി ബിസിനസിൽ മൊത്ത വരുമാനം 11 ശതമാനം വർധിച്ച് 9518 കോടി രൂപയായി. ഇന്ത്യയിൽ 9 ശതമാനത്തിന്റെ വളർച്ചയാണുണ്ടായിട്ടുള്ളത്. ഈ വിഭാഗത്തിലെ എബിറ്റെട 1,236 കോടി രൂപയായി. എബിറ്റെട മാർജിൻ 13 ശതമാനമായി.
ഈ പാദത്തിൽ മൊത്തം 22 സ്റ്റോറുകളാണ് പുതിയതായി ആരംഭിച്ചത്. ഇതോടെ 247 സിറ്റികളിലായി ജ്വല്ലറികളുടെ എണ്ണം 510 ആയി.
വാച്ചുകളുടെയും മറ്റും ബിസിനസിൽ നിന്നുമുള്ള വരുമാനം മുൻ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 15 ശതമാനം ഉയർന്ന് 811 കോടി രൂപയായി. എബിറ്റെട 89 കോടി രൂപയും എബിറ്റെട മാർജിൻ 11 ശതമാനവുമായി.
ഡിസംബർ പാദത്തിൽ 48 പുതിയ സ്റ്റോറുകളാണ് ഈ വിഭാഗത്തിനായി ആരംഭിച്ചത്. ഇതോടെ മൊത്തം സ്റ്റോറുകളുടെ എണ്ണം 953 ആയി.
ഐ കെയർ വിഭാഗത്തിൽ മൊത്ത വരുമാനത്തിൽ 12 ശതമാനത്തിന്റെ വർധനവാണുള്ളത്. മൊത്ത വരുമാനം 174 കോടി രൂപയും എബിറ്റെട 32 കോടി രൂപയുമായി.
പെർഫ്യൂം ഫാഷൻ ആക്‌സസറികൾ, ഇന്ത്യൻ വസ്ത്രങ്ങളും ഉൾപ്പെടുന്ന വളർന്നുവരുന്ന ബിസിനസിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 71 ശതമാനത്തിന്റെ വളർച്ച റിപ്പോർട്ട് ചെയ്തു.