3 Jan 2023 9:27 AM GMT
പാഴ്‌സലിനും ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ക്കും ജിഎസ്ടി ഒന്നല്ല, 'ഡൈന്‍ ഔട്ട്' നികുതിയില്‍ വ്യക്തത
MyFin Desk
Summary
- റസ്റ്റോറന്റില്‍ തയ്യാറാക്കാത്ത ചോക്ലേറ്റുകള്‍, ചിപ്‌സ് അല്ലെങ്കില്‍ കുപ്പിയില്‍ ലഭ്യമാകുന്ന പാനീയങ്ങള്‍ എന്നിവ 'റെസ്റ്റോറന്റ് സേവന'ത്തിന് കീഴില്‍ വരില്ല.
ഡെല്‍ഹി: ചില സേവനങ്ങളുടെയും, സാധനങ്ങളുടെയും ജിഎസ്ടി നിരക്ക് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങളുണ്ട്. ജിഎസ്ടി അതോറിറ്റി ഫോര്‍ അഡ്വാന്‍സ് റൂളിംഗ്സിന്റെ (എഎആര്‍) ഗുജറാത്ത് ബെഞ്ച് അടുത്തിടെ ഒരു സ്റ്റാന്‍ഡ് എലോണ്‍ റസ്റ്ററന്റില്‍ (ഒരു കോര്‍പറേറ്റ് ശൃംഖലയുടെയും ഭാഗമല്ലാത്ത റസ്റ്ററന്റ്) നിന്നും ഭക്ഷണം കഴിക്കുകയോ, ഓര്‍ഡര്‍ ചെയ്യുകയോ ചെയ്താല്‍ എത്രത്തോളം ജിഎസ്ടി ഈടാക്കാം എന്നതില്‍ വ്യക്തത വരുത്തിയിരുന്നു.
റസ്റ്ററന്റില്‍ ഇരുന്നോ, ഓര്‍ഡര്‍ ചെയ്തോ ഭക്ഷണം കഴിച്ചാലും അഞ്ച് ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടതെന്നായിരുന്നു വിധി. കൂടാതെ റസ്റ്ററന്റില്‍ തയ്യാറാക്കാത്ത ഭക്ഷണ പാനീയങ്ങള്‍ക്ക് ഈടാക്കുന്ന ജിഎസ്ടിയെക്കുറിച്ചും ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതായത് റസ്റ്റോറന്റില്‍ തയ്യാറാക്കാത്ത ചോക്ലേറ്റുകള്‍, ചിപ്‌സ് അല്ലെങ്കില്‍ കുപ്പിയില്‍ ലഭ്യമാകുന്ന പാനീയങ്ങള്‍ എന്നിവ 'റെസ്റ്റോറന്റ് സേവന'ത്തിന് കീഴില്‍ വരില്ല. അതിനാല്‍ അവയ്ക്ക് അധിക ജിഎസ്ടി നല്‍കേണ്ടതില്ല.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) അടുത്തിടെ പുറപ്പെടുവിച്ച സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, 2017ലെ ജിഎസ്ടി കൗണ്‍സില്‍ യോഗ തീരുമാനങ്ങളും അടിസ്ഥാനമാക്കിയാണ് ബെഞ്ച് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറപ്പെടുവിച്ച അറിയിപ്പില്‍ ടേക്ക്അവേ, ഡോര്‍സ്റ്റെപ്പ് ഡെലിവറി സേവനങ്ങള്‍ റെസ്റ്റോറന്റ് സേവനങ്ങളുടെ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കി.
തെലങ്കാന ജിഎസ്ടി അതോറിറ്റി ഓഫ് അഡ്വാന്‍സ്ഡ് റൂളിംഗ് (എഎആര്‍) കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള മറ്റൊരു വിധിയില്‍, റെഡി ടു ഈറ്റ് പോപ്‌കോണിന് 18 ശതമാനം ജിഎസ്ടി ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി. പിസ ടോപ്പിംഗുകള്‍ പിസ അല്ലാത്തതിനാല്‍ അവയ്ക്ക് 18 ശതമാനം ഉയര്‍ന്ന ജിഎസ്ടി ബാധകമാണെന്ന് ഹരിയാന ജിഎസ്ടി അതോറിറ്റി ഓഫ് അഡ്വാന്‍സ്ഡ് റൂളിംഗ് വ്യക്തമാക്കിയിരുന്നു.