3 Jan 2023 10:44 AM GMT
രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യ, മുന്‍നിര കറി പൗഡര്‍ കമ്പനിയായ ബാദ്ഷാ മസാലയുടെ 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തു. 2022 ഒക്ടോബര്‍ 27 നാണ് ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫുഡ് ബിസ്സിനസ്സ് 500 കോടി രൂപയായി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെ 587.52 കോടി രൂപയ്ക്കാണ് കമ്പനിയെ ഏറ്റെടുത്തത്. ഒപ്പം പുതിയ വിഭാഗങ്ങളില്‍ ഡാബറിന്റെ സാനിധ്യം വര്‍ധിപ്പിക്കാനും ഈ ഏറ്റെടുക്കല്‍ സഹായിക്കും. 25,000 കോടി രൂപയുടെ ഇന്ത്യയിലെ സ്പൈസസ് വിപണിയിലേക്കുള്ള ഡാബറിന്റെ ചുവടു വയ്പാണ് ഈ ഏറ്റെടുക്കല്‍.
1958 ല്‍ നിലവില്‍ വന്ന ബാദ്ഷ മസാല, കറി കൂട്ടുകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നി ഉത്പന്നങ്ങളുടെ നിര്‍മാണം, വിതരണം, കയറ്റുമതി എന്നിവയിലേര്പ്പെട്ടിരിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി കമ്പനി 52 ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്. കമ്പനിയുടെ 82 ശതമാനം വരുമാനവും മിശ്രിത മസാല ഉത്പന്നങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്. ഗുജറാത്തില്‍ രണ്ട് നിര്‍മാണ പ്ലാന്റുകളാണ് കമ്പനിക്കുള്ളത്.
ബാദ്ഷായുടെ ബാക്കിയുള്ള 49 ശതമാനം ഓഹരികളും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഏറ്റെടുക്കും. 51 ശതമാനം ഓഹരികള്‍ ഏറ്റെടുത്തതോടെ കമ്പനി ഡാബറിന്റെ ഉപസ്ഥാപനമായി മാറിയെന്നും ഡാബര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആയുര്‍വേദ, ആരോഗ്യ പരിപാലന കമ്പനികളിലൊന്നാണ് ഡാബര്‍ ഇന്ത്യ. സെപ്റ്റംബര്‍ പാദത്തില്‍, കഴിഞ്ഞ വര്‍ഷത്തിലെ ഇതേ കളയവില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നും കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2.83 ശതമാനം ഇടിഞ്ഞ് 490.06 കോടി രൂപയായി. അറ്റ വില്പന 6 ശതമാനം വര്‍ധിച്ച് 2986.49 കോടി രൂപയായിരുന്നു.