8 Feb 2023 7:41 AM GMT
Summary
- 2019 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കെടുത്താല്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനയും, മൂല്യം കണക്കാക്കിയാല്‍ 121 ശതമാനം വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നത്.
യുപിഐ വഴി അന്താരാഷ്ട്ര പേയ്‌മെന്റുകള്‍ നടത്തുന്നതിനുള്ള സൗകര്യം അവതരിപ്പിച്ചുവെന്നറിയിച്ച് ഫോണ്‍പേ. യുപിഐ സേവനം അവതരിപ്പിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് ഇനി മുതല്‍ ഫോണ്‍പേയിലൂടെ സുഗമമായി പണമയയ്ക്കാന്‍ സാധിക്കും. യുഎഇ, സിംഗപ്പൂര്‍, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നേരത്തെ യുപിഐയ്ക്ക് അംഗീകാരം ലഭിച്ചിരുന്നു.
വരുന്ന സാമ്പത്തിക വര്‍ഷവും രാജ്യത്തെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ അളവില്‍ ഗണ്യമായ വര്‍ധനയുണ്ടായേക്കും. കഴിഞ്ഞ ആഴ്ച്ച അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം 2022ല്‍ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്.
ഏകദേശം 7,400 കോടി ഡിജിറ്റല്‍ പേയ്മെന്റുകളാണ് ഇക്കാലയളവില്‍ നടന്നതെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2019 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കെടുത്താല്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനയും, മൂല്യം കണക്കാക്കിയാല്‍ 121 ശതമാനം വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറില്‍ യുപിഐ വഴി നടന്ന പേയ്‌മെന്റുകളുടെ മൂല്യം 12.82 ലക്ഷം കോടി രൂപ കടന്നുവെന്ന് സാമ്പത്തിക സേവന വകുപ്പ് ട്വിറ്റര്‍ വഴി വ്യക്തമാക്കിയിരുന്നു. അക്കാലയളവില്‍ 782 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.
മാത്രമല്ല നവംബറില്‍ യുപിഐ വഴി 730.9 കോടി ഇടപാടുകള്‍ നടന്നുവെന്നും ഇവയുടെ ആകെ മൂല്യം 11.90 ലക്ഷം കോടി രൂപയായിരുന്നുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ യുപിഐ ഇടപാടുകള്‍ക്ക് ആര്‍ബിഐ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. പേ ലേറ്ററിനു ഏകദേശം സമാനമായ രീതിയിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.