14 Dec 2022 6:32 AM GMT
Summary
- ആറ് മാസത്തിനുള്ളില്‍ ഓഹരികള്‍ തിരികെ വാങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഡെല്‍ഹി: ഡിജിറ്റല്‍ ധനകാര്യ സേവന സ്ഥാപനമായ പേടിഎം 850 കോടി രൂപയുടെ ഓഹരികള്‍ തിരികെ (ബൈബാക്ക്) വാങ്ങാനൊരുങ്ങുന്നു.ഒരു ഓഹരിക്ക് 810 രൂപ എന്ന നിരക്കിലാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്. ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ നടത്തുന്ന ഓഹരി തിരികെ വാങ്ങല്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കുന്നു.
കമ്പനി ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്ന ഡിസംബര്‍ 13 ന് പേടിഎം ഓഹരികള്‍ 2.16 ശതമാനം വര്‍ധനയോടെ 539.5 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ വിലയേക്കാള്‍ 50 ശതമാനം അധികമായ 810 രൂപയ്ക്കാണ് ഓഹരികള്‍ തിരികെ വാങ്ങുന്നത്.
850 കോടി രൂപയ്ക്ക് പൂര്‍ണമായും ഓഹരികള്‍ തിരികെ വാങ്ങാന്‍ സാധിച്ചാല്‍, ഓഹരികള്‍ തിരികെ വാങ്ങുന്നതിനുള്ള നികുതിയുള്‍പ്പെടെ 1,048 കോടി രൂപ വകയിരുത്തേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കുന്നു.
സാങ്കേതികവിദ്യ, വില്‍പ്പന, വിപണനം എന്നിങ്ങനെ ദീര്‍ഘകാല മൂല്യമുണ്ടാക്കുന്ന മേഖലകളില്‍ നിക്ഷേപം തുടരുമെന്നും കമ്പനി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം കൃത്യമായ ബിസിനസ് വളര്‍ച്ച കമ്പനിയ്ക്കുണ്ടായിട്ടുണ്ട്. കമ്പനി അതിന്റെ ബിസിനസ് പ്ലാനുകള്‍ക്കനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറയുന്നു.